13 January 2026, Tuesday

Related news

January 1, 2026
December 22, 2025
December 20, 2025
December 16, 2025
November 24, 2025
November 23, 2025
October 22, 2025
October 21, 2025
October 6, 2025
August 5, 2025

കടുവകളുടെ മരണനിരക്ക് ആശങ്ക

Janayugom Webdesk
ന്യൂഡൽഹി
January 1, 2026 8:40 pm

ഇന്ത്യയിൽ കടുവകളുടെ മരണനിരക്ക് ആശങ്കാജനകമാംവിധം ഉയരുന്നു. 2025ൽ മാത്രം രാജ്യത്ത് 166 കടുവകൾ ചത്തതായി ദേശീയ കടുവ സംരക്ഷണ അതോറിട്ടിയും (എൻടിസിഎ) വിവിധ സംസ്ഥാന വനംവകുപ്പുകളും പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2024ൽ 126 കടുവകളാണ് ചത്തിരുന്നത്. ഒരു വർഷത്തിനിടെ മരണസംഖ്യയിൽ 40 എണ്ണത്തിന്റെ വര്‍ധനയുണ്ടായി. കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയർന്ന മരണനിരക്കാണിത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കടുവകളുള്ള മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 55 കടുവകളാണ് ഇവിടെ ചത്തത്. ഇത് ദേശീയ മരണനിരക്കിന്റെ മൂന്നിലൊന്നാണ്. 1973ൽ ‘പ്രൊജക്ട് ടൈഗർ’ ആരംഭിച്ചതിന് ശേഷം ഒരു വർഷം ഒരു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. മഹാരാഷ്ട്ര (28), കർണാടക (22), ഉത്തരാഖണ്ഡ് (18), അസം (12), രാജസ്ഥാൻ (11) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.
വേട്ടയാടൽ മുതൽ വാഹനാപകടങ്ങൾ വരെ കടുവകളുടെ ജീവനാശത്തിന് കാരണമാകുന്നുണ്ട്. 166 മരണങ്ങളിൽ 42 എണ്ണവും വേട്ടയാടൽ മൂലമാണെന്ന് സ്ഥിരീകരിച്ചു. വൈദ്യുതാഘാതമേറ്റ് 31 കടുവകളും റോഡ്-റെയിൽ അപകടങ്ങളില്പെട്ട് 19 കടുവകളും ചത്തു. വിഷബാധയേറ്റ് 14 കടുവകൾ ചത്തപ്പോൾ, ബാക്കിയുള്ളവ വാർദ്ധക്യം, രോഗങ്ങൾ, മറ്റു മൃഗങ്ങളുമായുള്ള ഏറ്റുമുട്ടൽ തുടങ്ങിയ സ്വാഭാവിക കാരണങ്ങളാലാണ് മരണപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കടുവകളുടെ എണ്ണത്തിൽ വര്‍ധനവുണ്ടാകുന്നത് ശുഭസൂചനയാണെന്ന് എൻടിസിഎ ഡയറക്ടർ ജനറൽ പറഞ്ഞു. 2022ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ കടുവകളുടെ എണ്ണം 3,682 പിന്നിട്ടിട്ടുണ്ട്. എന്നാൽ കടുവകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് അവയ്ക്ക് വസിക്കാൻ ആവശ്യമായ വനമേഖലകൾ കുറയുന്നത് മനുഷ്യ‑വന്യജീവി സംഘർഷങ്ങൾക്കും കടുവകൾ തമ്മിലുള്ള പോരാട്ടങ്ങൾക്കും കാരണമാകുന്നുണ്ട്.
കടുവ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലെ സുതാര്യതയെ വന്യജീവി സംരക്ഷണ സംഘടനകൾ സ്വാഗതം ചെയ്തു. എങ്കിലും മരണങ്ങൾ വര്‍ധിക്കുന്നതിൽ അവർ ആശങ്ക പ്രകടിപ്പിച്ചു. സ്മാർട്ട് ഫെൻസിങ് പോലുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ, ജനങ്ങള്‍ക്കുള്ള നഷ്ടപരിഹാര പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള എൻ‌ടി‌സി‌എ യുടെ 2025ലെ മാർഗ നിർദേശങ്ങൾ ഉടൻ നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.