യുഎസിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ടിക് ടോക്ക്. യുഎസ് ഉപയോക്താക്കൾക്ക് ടിക് ടോക്ക് വിതരണം ചെയ്യുന്നതിൽ നിന്ന് മൊബൈൽ ആപ്പ് സ്റ്റോറുകളെയും ഇന്റര്‍നെറ്റ് ഹോസ്റ്റിങ് സേവനങ്ങളെയും വിലക്കുന്ന നിയമം പ്രാബല്യത്തില്‍ വരാനിരിക്കെയാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആപ്ലിക്കേഷന്‍ നീക്കം ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ 170 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്.
ചെെനീസ് മാതൃകമ്പനിയായ ബെെറ്റ്ഡാന്‍ഡ് വില്പനയ്ക്ക് തയ്യാറായില്ലെങ്കില്‍ ടിക് ടോക് നിരോധിക്കാമെന്ന നിയമം ശനിയാഴ്ചയാണ് യുഎസ് കോടതി ശരിവച്ചത്. എന്നാല്‍ ഓഹരി വിറ്റഴിക്കാന്‍ സാധ്യമല്ലെന്നായിരുന്നു ബെെറ്റ്ഡാന്‍സിന്റെ നിലപാട്. നിയമത്തിന്റെ നടപ്പാക്കല്‍ നിയുക്ത പ്രസിഡന്റിന്റെ അധികാരപരിധിക്ക് വിടുമെന്ന് ജോ ബെെഡന്‍ അറിയിച്ചു. സുരക്ഷാ ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്താൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചത്.
പുതിയ കരാറിലെത്താന്‍ ടിക് ടോകിന് 90 ദിവസം കൂടി നൽകുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, ട്രംപ് അധികാരത്തിലെത്തിയാല്‍ നിരോധനം പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ 2020 മധ്യത്തിൽ ടിക് ടോക്ക് നിരോധിക്കണമെന്ന് ട്രംപാണ് ആദ്യം നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ടിക് ടോക്കിനെതിരായ കടുത്ത നയത്തില്‍ നിന്ന് ട്രംപ് പിന്‍വാങ്ങിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.