ഐസിസി ടി20 റാങ്കിങ്ങില്‍ കുതിപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും തിലക് വര്‍മ്മയും സഞ്ജു സാംസണും. ടി20 ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ വീണ്ടും ഹര്‍ദിക് പാണ്ഡ്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത തിലക് വര്‍മ്മ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തുപേരുടെ പട്ടികയില്‍ ഇടംപിടിച്ചു.
ബാറ്റിങ്ങിലും ബൗളിങ്ങിലും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തതാണ് ഹര്‍ദിക് പാണ്ഡ്യക്ക് ഗുണമായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാമത്തെ ടി20 മത്സരത്തില്‍ പുറത്താകാതെ 39 റണ്‍സ് നേടുകയും ബൗളിങ്ങില്‍ എട്ടുറണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടുകയും ചെയ്തതാണ് നിര്‍ണായകമായത്. രണ്ടാമത്തെ തവണയാണ് ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ ഒന്നാമത് എത്തുന്നത്.
ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 69 താരങ്ങളെ പിന്തള്ളിയാണ് തിലക് മൂന്നാമത് എത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ അടിച്ചുകൂട്ടിയ 280 റണ്‍സാണ് റാങ്കിങ്ങിലെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മലയാളി താരം സഞ്ജു സാംസണ്‍ 17-ാം സ്ഥാനം മെച്ചപ്പെടുത്തി 22-ാം റാങ്കിലേക്കെത്തി. ബൗളര്‍മാരുടെ പട്ടികയില്‍ അര്‍ഷ്ദീപ് സിങ് ആദ്യ പത്തില്‍ ഇടംപിടിച്ചു. മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്താണ് അര്‍ഷ്ദീപ് എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.