
ആർട്ടിക് സർക്കിളിന് വടക്കായി നോർവേയിലെ ട്രോംസെയിൽ നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു മത്സ്യബന്ധന ഗ്രാമമാണ് സോമറോയ്. ഏകദേശം 300‑ൽ താഴെ ആളുകൾ മാത്രം താമസിക്കുന്ന ഈ കൊച്ചുദ്വീപിന്റെ സവിശേഷതകൾ ഏറെയാണ് . പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കുമാണ് ഇവിടെയുള്ളവർ ഫുട്‌ബോൾ കളിക്കുക്ക. കുട്ടികൾ പുലർച്ചെക്ക് മുന്നേ മീൻ പിടിക്കാൻപോകും. ഉടമകൾക്ക് താൽപ്പര്യം തോന്നുമ്പോൾ മാത്രമേ കടകൾ തുറക്കു . മറ്റ് പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി സോമറോയ് എന്ന ദീപിന് ഒരു സവിശേഷത ഉണ്ട്. അത് എന്താണെന്ന് അറിയുമോ?
സമയത്തെക്കുറിച്ചുള്ള പരമ്പരാഗത ചിന്താഗതികളെ അട്ടിമറിച്ചതിലൂടെയാണ് ഈ ദീപ് അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. വേനൽക്കാലത്ത്, ഇവിടെ പ്രകാശത്തിന്റെ ഉത്സവമാണ്. മെയ് 18 മുതൽ ജൂലൈ 26 വരെ, തുടർച്ചയായി 69 ദിവസത്തോളം, സൂര്യൻ ഒട്ടും അസ്തമിക്കാതെ ചക്രവാളത്തിന് മുകളിൽ തങ്ങിനിൽക്കുന്നു. ‘അർദ്ധരാത്രി സൂര്യൻ’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം സോമറോയ് നിവാസികളെ ഒരു ‘സമയരഹിത’ ജീവിതശൈലിയിലേക്ക് നയിക്കുന്നു. സോമറോയില്‍ സമയം വെറുമൊരു അപ്രസക്തമായ ആശയമായി മാറുകയാണ്. വിശക്കുമ്പോൾ ഭക്ഷണം കഴിക്കുകയും ക്ഷീണിക്കുമ്പോൾ ഉറങ്ങുകയും ചെയ്യുന്ന രീതിയാണ് ഇവിടെ. കർശനമായ ഷെഡ്യൂളുകൾ ഇവിടെ അനാവശ്യമായി കണക്കാക്കപ്പെടുന്നു. തങ്ങളുടെ ജീവിതത്തിൽ നിന്ന് സമയത്തെ പൂർണ്ണമായും ഒഴിവാക്കാനുള്ള ആഗ്രഹത്തിന്റെ പ്രതീകമായി, 2019 ജൂണിൽ സോമറോയി നിവാസികൾ തങ്ങളുടെ വാച്ചുകൾ തകർത്ത് ഒരു പാലത്തിൽ തൂക്കി വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ വേനൽക്കാല ജീവിതശൈലി കാരണം ദ്വീപിനെ ‘ലോകത്തിലെ ആദ്യത്തെ ടൈം-ഫ്രീ സോൺ’ ആക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. എന്നാൽ, നവംബറിനും ജനുവരിക്കും ഇടയിലുള്ള കാലഘട്ടം തികച്ചും വിപരീതമാണ്. സൂര്യൻ ഒട്ടും ഉദിക്കാത്ത ഈ കാലഘട്ടം ധ്രുവ രാത്രി എന്നാണ് അറിയപ്പെടുന്നത്. ഈ സമയത്ത്, അങ്ങേയറ്റം ഇരുണ്ട രാത്രികൾ വടക്കൻ ദീപങ്ങള്‍ (ഓറോറ ബോറിയാലിസ്) ദൃശ്യമാകുന്നതിനുള്ള മികച്ച പശ്ചാത്തലമൊരുക്കുന്നു. ആകാശത്ത് പച്ചയും വയലറ്റും നിറങ്ങൾ നൃത്തമാടുന്ന ഈ കാഴ്ച കാണാൻ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നു.
ലോകത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ആർട്ടിക് സർക്കിൾ. ഏതാനും രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അവിശ്വസനീയമാംവിധം ആകർഷകമായ ഒരു സ്ഥലം കൂടിയാണിത്. വിചിത്രമായ കാലാവസ്ഥ ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. ശൈത്യകാലത്ത് സൂര്യന്റെ മധ്യഭാഗം ഒരിക്കലും ചക്രവാളത്തിന് മുകളിൽ ഉയരുന്നില്ല. ഇവിടെ, ഉച്ചയ്ക്ക് ആകാശം രാത്രിക്ക് സമാനമാകും. അർദ്ധരാത്രിയിൽ വെയിൽ നിറയും. രണ്ട് വിപരീത സീസണുകളിലായി – അതിരുകളില്ലാത്ത പ്രകാശത്തിന്റെയും കടുത്ത ഇരുട്ടിന്റെയും പശ്ചാത്തലത്തിൽ സോമറോയ് നിവാസികൾ തങ്ങളുടെ പരമ്പരാഗത മത്സ്യബന്ധനത്തെയും പ്രകൃതിയുടെ താളത്തിനനുസരിച്ചുള്ള ജീവിതരീതിയും മുറുകെപ്പിടിക്കുന്നു. ഇത് ലോകമെമ്പാടുമുള്ള ആളുകൾക്ക് ജീവിതത്തെക്കുറിച്ചും സമയത്തെക്കുറിച്ചുമുള്ള പരമ്പരാഗത ധാരണകളെ ചോദ്യം ചെയ്യാൻ പ്രചോദനം നൽകുന്ന ഒരു അതുല്യമായ സമൂഹമായി ഈ ദ്വീപിനെ മാറ്റുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.