24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

കോടതിയെ മറികടക്കാന്‍; പാതിരാ തീരുമാനം

 തെരഞ്ഞെടുപ്പ് കമ്മിഷണര്‍ 
നിയമനത്തിനെതിരെ വിമര്‍ശനം
 നിയമസംവിധാനത്തോടുള്ള 
കൊഞ്ഞനംകുത്തലെന്ന് നിയമജ്ഞര്‍
റെജി കുര്യന്‍
ന്യൂഡല്‍ഹി
February 18, 2025 11:13 pm

തിരക്കിട്ട മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ (സിഇസി) നിയമനം പരമോന്നത കോടതി ഇന്ന് പരിഗണിക്കാനിരിക്കുന്ന കേസ് മറികടക്കാനെന്ന് ആരോപണം. 2023ലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍, കമ്മിഷണര്‍മാരുടെ നിയമനം എന്ന നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. നിരവധി ഹര്‍ജികളാണ് സുപ്രീം കോടതി മുമ്പാകെയുള്ളത്. ഇതേ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച നിര്‍ണയ സമിതിയിലെ സാങ്കേതിക ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ബിജെപി സര്‍ക്കാര്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ട രണ്ട് പേരുകള്‍ യഥാക്രമം മുഖ്യ കമ്മിഷണറും കമ്മിഷണറുമായി നിര്‍ദേശിക്കുകയും ഉടന്‍ വിജ്ഞാപനമിറക്കുകയും ചെയ്തത്. 

സിഇസിയെയും കമ്മിഷണറെയും നിശ്ചയിക്കുന്നതിനുള്ള സമിതി യോഗം ചേര്‍ന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പോടെ കൈക്കൊണ്ട ധാരണയനുസരിച്ചാണ് രാഷ്ട്രപതിക്ക് പേരുകള്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം പാതിരാത്രിതന്നെ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.
സമിതി യോഗത്തില്‍ രാഹുല്‍ഗാന്ധി തന്റെ വിയോജിപ്പും കോടതിയില്‍ കേസ് പരിഗണനയ്ക്ക് എത്തുന്ന വിഷയവും ഉന്നയിച്ചിരുന്നു. എന്നാല്‍ അത് പരിഗണിച്ചില്ല. തുടര്‍ന്ന് അദ്ദേഹത്തിന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയാണ് നിലവിലെ കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ മുഖ്യ കമ്മിഷണറും 2019 മുതല്‍ കേന്ദ്ര സര്‍വീസിലുള്ള വിവേക് ജോഷിയെ കമ്മിഷണറുമാക്കുന്നതിന് തീരുമാനിച്ചത്. 

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സേവനമനുഷ്ഠിച്ച ഇരുവരും ബിജെപി സര്‍ക്കാരിന്റെ സുപ്രധാനവും അതേസമയം പിന്തിരിപ്പനുമായ നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ചവരുമാണ്. മുന്‍ സിഇസി രാജീവ് കുമാര്‍ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ നിയമനങ്ങള്‍ ആവശ്യമായി വന്നത്.
പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട സമിതിയാണ് മുമ്പ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനെ തിരഞ്ഞെടുക്കുന്ന സമിതിയിലെ അംഗങ്ങള്‍. എന്നാല്‍ 2023 ഓഗസ്റ്റില്‍ മോഡി സര്‍ക്കാര്‍ പാസാക്കിയ നിയമ പ്രകാരം ചീഫ് ജസ്റ്റിസിനു പകരം കേന്ദ്ര മന്ത്രിസഭയിലെ അംഗത്തെ സമിതിയിലേക്ക് നിയോഗിച്ചു. ഇതനുസരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായാണ് മൂന്നാമത്തെ അംഗം. ഈ നിയമം പാസാക്കിയ ശേഷമുള്ള ആദ്യ നിയമനമാണ് കഴിഞ്ഞ ദിവസം കേന്ദ്രം നടത്തിയത്. 

നിയമനത്തിനെതിരായ ഹര്‍ജികൾ നിലനിൽക്കെ പുതിയ നിയമനം നടത്തിയത് നീതിവ്യവസ്ഥയെ കൊഞ്ഞനംകുത്തുന്നതിന് തുല്യമെന്ന് പ്രശാന്ത് ഭൂഷൺ പരാമർശിച്ചു. ഇക്കാര്യം അദ്ദേഹം ഇന്നലെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ധൃതിപിടിച്ച തീരുമാനം ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.