
സമസ്തയെ പൂർണമായും കൈപ്പിടിയിലൊതുക്കാനുള്ള ലീഗ് നീക്കങ്ങൾ പാളുന്നു. സമസ്ത നേതൃത്വത്തിലെ കടുത്ത ലീഗ് അനുകൂലികളായ ഡോ. ബഹാവുദ്ദീൻ നദ്വിക്ക് പിന്നാലെ നാസർ ഫൈസി കൂടത്തായിക്കും തിരിച്ചടി. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് സമസ്തയുടെ ഖത്തീബുമാരുടെ സംഘടനയായ ജംഇയ്യത്തുൽ ഖുത്വബ ജനറൽ സെക്രട്ടറി സ്ഥാനം നാസർ ഫൈസി കൂടത്തായി രാജി വച്ചു.
സമസ്ത നേതാക്കളെ അവഹേളിച്ച് നാസർ ഫൈസി കൂടത്തായി പ്രസ്താവന നടത്തുന്നുവെന്ന് ജംഇയ്യത്തുൽ ഖുത്വബ സംസ്ഥാന പ്രവർത്തക സമിതിയിൽ അവിശ്വാസ പ്രമേയം വന്നതിന് പിന്നാലെയാണ് ഗത്യന്തരമില്ലാതെ ഫൈസിയുടെ രാജി.
പ്രവർത്തക സമിതിയിലെ ഭൂരിഭാഗം പേരും ഫൈസി സ്ഥാനത്ത് തുടരുന്നതിൽ വിയോജിപ്പ് അറിയിച്ചതോടെ ഫൈസി ജംഇയ്യത്തുൽ ഖുത്വബ സംസ്ഥാന പ്രസിഡന്റിന് രാജിക്കത്ത് നൽകുകയായിരുന്നു. ഫൈസിക്കെതിരായ പുറത്താക്കൽ പ്രമേയം സമസ്ത മുശാവറയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്.
മന്ത്രിമാർക്കും ജനപ്രതിനിധികൾക്കുമെതിരെ അധിക്ഷേപ പരാമർശം നടത്തിയ സമസ്ത മുശാവറ അംഗം ഡോ. ബഹാവുദ്ദീൻ നദ്വി നേരത്തെ തന്നെ സമസ്തയിൽ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വിഷയത്തിൽ നദ്വിയെ അനുകൂലിച്ചത് ഫൈസി മാത്രമായിരുന്നു.
നദ്വിക്ക് പിന്നാലെ ഫൈസിയും വെട്ടിനിരത്തപ്പെടുമ്പോൾ ലീഗ് നേതൃത്വം പ്രതിസന്ധിയിലാണ്. നദ്വിയുടേത് സമസ്തയുടെ നയമല്ലെന്ന് പറഞ്ഞ് സംഘടന കയ്യൊഴിഞ്ഞപ്പോൾ സമസ്തയിലെ ലീഗ് അനുകൂല വിഭാഗത്തിന് ഭൂരിപക്ഷമുള്ള സുന്നി മഹല്ല് ഫെഡറേഷൻ വഴി നദ്വിക്ക് പ്രതിരോധം തീർക്കാൻ ലീഗ് ശ്രമിച്ചിരുന്നു. എന്നാൽ പിന്തുണയ്ക്കുന്നത് തിരിച്ചടിയാകുമെന്ന് ഭയന്ന് ലീഗ് പിന്നീട് പിന്മാറുകയായിരുന്നു. പിന്തുണയ്ക്കാനാരുമില്ലാത്ത സാഹചര്യത്തിൽ നദ്വി സ്വയം പ്രതിരോധം തീർക്കാൻ ശ്രമിക്കുമ്പോഴാണ് വലം കയ്യായ നാസർ ഫൈസിക്കും തിരിച്ചടിയേറ്റ സ്ഥിതിയുണ്ടായത്.
മദ്രസാധ്യാപകരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന ബഹാവുദ്ദീൻ നദ്വിയെ മുമ്പ് സ്ഥാനത്ത് നിന്ന് നീക്കിയത് ലീഗ് അനുകൂലികൾക്ക് തിരിച്ചടിയായിരുന്നു. പിന്നീട് നിയമാവലികൾ മാറ്റിയും തെരഞ്ഞെടുപ്പ് ചട്ടം ഉൾപ്പെടെ ഭേദഗതി ചെയ്തും സുന്നി മഹല്ല് ഫെഡറേഷനിൽ ലീഗ് അനുകൂല വിഭാഗം മേധാവിത്വം സ്വന്തമാക്കി.
തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമസ്തയിലെ ലീഗ് വിരുദ്ധർ നൽകിയ ഹര്‍ജി കോടതി തള്ളിയതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് ഡോ. ബഹാവുദ്ദീൻ നദ്വിയെ വർക്കിങ് പ്രസിഡന്റും നാസർ ഫൈസിയെ ഓർഗനൈസിങ് സെക്രട്ടറിയുമാക്കി സംഘടന പിടിച്ചെടുത്ത ലീഗ് തികഞ്ഞ പ്രതീക്ഷയിലായിരുന്നു. എന്നാൽ മടവൂരിൽ നടന്ന സുന്നി ഫെഡറേഷൻ സമ്മേളനത്തിലെ വിവാദ പരാമർശം നദ്വിക്ക് തിരിച്ചടിയായി. പിന്നാലെ നാസർ ഫൈസിക്കെതിരെയുള്ള നടപടിയിലൂടെ സമസ്തയിൽ ലീഗിന്റെ പിടി അയയുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.