22 December 2024, Sunday
KSFE Galaxy Chits Banner 2

തദ്ദേശസ്വയംഭരണം സാർത്ഥകമാകാൻ

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
December 5, 2021 7:31 am

കേന്ദ്രാവിഷ്കൃത പദ്ധതികൾ സംസ്ഥാനങ്ങളെയും സംസ്ഥാനാവിഷ്കൃത പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അടിച്ചേൽപ്പിക്കുന്നത് ഇനിയെങ്കിലും ഒഴിവാക്കപ്പെടേണ്ടതാണ്. ഭരണഘടനയുടെ ഏഴാം പട്ടികയിൽ ഇനംതിരിച്ചു പറഞ്ഞിട്ടുള്ള അധികാരങ്ങളെ പരസ്പരം ബഹുമാനിക്കാൻ ജനാധിപത്യ സ്ഥാപനങ്ങൾക്കും ജനകീയ മന്ത്രിസഭകൾക്കും കഴിയണം. ഭരണഘടനയുടെ 73ഉം 74ഉം ഭരണഘടനാ ഭേദഗതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പുതിയ അധികാരങ്ങൾ വിട്ടു നൽകിക്കൊണ്ടുള്ളതാണ്. അതിന്റെയടിസ്ഥാനത്തിൽ കേരളത്തിൽ സമഗ്രമായ രണ്ട് നിയമ നിർമ്മാണങ്ങളും നടത്തി. അവ രണ്ടും (1994ലെ കേരള പഞ്ചായത്ത് രാജ് ആക്ടും, കേരള മുനിസിപ്പാലിറ്റി ആക്ടും) ഇന്ന് രാജ്യത്തിനുതന്നെ മാതൃകയായ നിയമങ്ങളായി നിലനിൽക്കുന്നു. ഈ മാതൃകാ നിയമങ്ങളുടെയും കക്ഷി രാഷ്ട്രീയത്തിനുപരിയായ കേരളത്തിന്റെ ഒത്തൊരുമയോടെയുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുടെയും ഫലമായിട്ടാണ് 1995 സെപ്തംബർ 18ന് കേരള ഗവൺമെന്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയ സ്ഥാപനങ്ങൾ ഏതെല്ലാമാണെന്നും ഏതെല്ലാം തസ്തികയിലുള്ള ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും ആണെന്നും വ്യക്തമാക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണഘടന ഓരോ തട്ടിലുള്ള ജനാധിപത്യ ഭരണസംവിധാനത്തിനും നിഷ്കർഷിക്കുന്ന അവകാശങ്ങളും ചുമതലകളും അധികാരികൾ കണ്ടില്ലെന്നു നടിക്കുന്നത് ഭരണഘടനയോടുള്ള അനാദരവാണ്. ഇന്ത്യൻ ഭരണഘടനയിൽ പാർട്ട് IX ഉം പാർട്ട് IX എയും മേൽപറഞ്ഞ ഭരണഘടനാ ഭേദഗതികളിൽക്കൂടി ഉൾപ്പെടുത്തിയതാണ്. ഇന്ന് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 മുതൽ 243 PZG വരെയുള്ള വകുപ്പുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവയാണ്. ഭരണഘടനയുടെ പതിനൊന്നാം പട്ടികയും പന്ത്രണ്ടാം പട്ടികയും യഥാക്രമം ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും അധികാരങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കുന്നു. ഈ പട്ടിക കേന്ദ്ര‑സംസ്ഥാന, കൺകറന്റ് അധികാരങ്ങൾ വ്യക്തമാക്കുന്ന ഏഴാംപട്ടികയ്ക്ക് തുല്യമാണ്. ഇത് മാനിക്കപ്പെടാതിരിക്കുന്നതിന് ഒരു നീതീകരണവുമില്ല. ഇതിന്റെയടിസ്ഥാനത്തിൽ കേരള നിയമസഭ അതിന്റെ ചരിത്രത്തിലെ തന്നെ ഭൂപരിഷ്കരണ നിയമം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നിയമനിർമ്മാണമാണ് നടത്തിയത്.


ഇതുകൂടി വായിക്കാം; കോർപറേറ്റുകൾക്കായി കേന്ദ്രം ജനങ്ങളെ ശിക്ഷിക്കുന്നു


കേരളത്തിലെ പഞ്ചായത്ത്‌രാജ് നിയമത്തിലെ വകുപ്പ് 156 (6) (എ) പഞ്ചായത്ത് പ്രസിഡന്റിന് ആദ്യ ഉപവകുപ്പുകളിൽ പറഞ്ഞിട്ടുള്ളതു കൂടാതെ അധികമായിട്ടുള്ള അധികാരങ്ങൾ വിശദമാക്കുന്നു. 156 (6) (ബി) വ്യക്തമാക്കിയിട്ടുള്ളത് പ്രസിഡന്റിന്, ”സെക്രട്ടറിയും പഞ്ചായത്തിന്റെ അധീനതയിൽ വിട്ടുകൊടുത്തിട്ടുള്ള ഗസറ്റഡ് പദവിയുള്ള സർക്കാർ ഉദ്യോഗസ്ഥന്മാരും ഒഴികെ, പഞ്ചായത്തിന്റെ കീഴിലുള്ള ഏതൊരു ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ പേ­രിൽ കൃത്യവിലോപത്തിനോ ആജ്ഞാലംഘനത്തിനോ ചട്ടങ്ങളുടെയോ സ്ഥിര ഉത്തരവുകളുടേയോ ലംഘനത്തിനോ അച്ചടക്ക നടപടിയെടുക്കേണ്ടി വരുമ്പോൾ ആവശ്യമെങ്കിൽ അവരെ സർവീസിൽ നിന്ന് സസ്പെൻഡു ചെയ്യു”വാൻ അധികാരം ഉണ്ട് എന്നാണ്. ഇത് പ്രസിഡന്റിന് നിയമം നൽകിയിട്ടുള്ള അധികാരം ആണ്. എന്നാൽ ആ സസ്പെൻഷൻ ഉത്തരവ് അടുത്ത ഭരണ സമിതി യോഗത്തിൽ വച്ച് അംഗീകാരം വാങ്ങണം ഇല്ലെങ്കിൽ അത് അസ്ഥിരപ്പെട്ടുപോകും”. ഇതെല്ലാം നിയമത്തിലെ വ്യവസ്ഥയാണ്. സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന് ഇതിന്മേൽ അപ്പീൽ കൊടുക്കുന്നതിനും നിയമത്തിൽ വ്യവസ്ഥയുണ്ട്. കൂടാതെ പഞ്ചായത്ത് രാജ് നിയമത്തിന്റെ 181 (1) -ാം വകുപ്പു പ്രകാരം ”പഞ്ചായത്തുകൾക്കായി കൈമാറുന്ന സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും പൂർണ നിയന്ത്രണവും മേൽനോട്ടവും അതാത് പഞ്ചായത്തുകളിൽ നിക്ഷിപ്തമായിരിക്കുന്നതാണ്. സർക്കാർ കൈമാറുന്ന വിഷയങ്ങൾക്ക് തൽസമയം നിലവിലുള്ള സംസ്ഥാന പദ്ധതി വിഹിതവും ബജറ്റ് വിഹിതവും പൂർണമായി അതാത് പഞ്ചായത്തുകൾക്ക് നൽകേണ്ടതാണ്” എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ വകുപ്പ് 181 (4)ൽ (1)-ാം ഉപവകുപ്പ് പ്രകാരം പഞ്ചായത്തിലേക്ക് വിട്ടുകൊടുത്ത സർക്കാർ ഉദ്യോഗസ്ഥന്മാരോ ജീവനക്കാരോ ആ പഞ്ചായത്തിന്റെ ഉദ്യോഗസ്ഥന്മാരോ ജീവനക്കാരോ എന്നപോലെ അവരുടെ സാധാരണ ചുമതലകൾക്കു പുറമെ പഞ്ചായത്ത് അവർക്ക് ഏൽപ്പിച്ചുകൊടുക്കുന്ന മറ്റു ചുമതലകളും നിർവഹിക്കേണ്ടതാണ്” എന്നും വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയ സ്ഥാപനങ്ങളും ജീവനക്കാരും താഴോട്ടുള്ള അധികാര കൈമാറ്റത്തിന്റെ അഥവാ വികേന്ദ്രീകരിക്കപ്പെട്ട അധികാരത്തിന്റെ ഭാഗമാണ്. പ്രവൃത്തിയും പ്രവൃത്തി ചെയ്തുകൊണ്ടിരുന്ന ആളുമാണ് താഴോട്ടു പുനർവിന്യസിച്ചു പോയത്. അത് തിരിച്ചെടുക്കുന്നതിനെക്കുറിച്ച് കേരളം ചിന്തിക്കാൻപോലും പാടില്ലാത്തതാണ്. നിയമ ഭേദഗതിയിൽക്കൂടിയല്ലാതെ അതിനു കഴിയുകയുമില്ല. മഹത്തായ ഒരു നിശ്ശബ്ദ വിപ്ലവ പ്രക്രിയയായിരുന്നു കേരളത്തിൽ അധികാര വികേന്ദ്രീകരണം. അതു കൂടുതൽ സാർത്ഥകമാക്കുന്നതിനെക്കുറിച്ചുവേണം നാം ചിന്തിക്കേണ്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.