കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ യുഎസില്‍നിന്ന് മടക്കി അയയ്ക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ യാത്രാവിമാനങ്ങള്‍ അയയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. എയര്‍ ഇന്ത്യയെക്കൂടാതെ യുഎസ് വിമാനക്കമ്പനികളായ യുണൈറ്റഡ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നിവയുമായും വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി.ഈ മാസം 5നാണ് ഇന്ത്യക്കാരുമായി യുഎസില്‍ നിന്നുള്ള ആദ്യ വിമാനം അമൃത്സറിലെത്തിയത്. 15 നും 16 നും ഓരോ വിമാനം കൂടിയെത്തി. യുഎസ് സേനാവിമാനത്തില്‍ വിലങ്ങുവച്ചാണ് കൊണ്ടുവന്നത്. ഇത് രാജ്യത്ത് കനത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. യുഎസിന്റെ നടപടിയെ ന്യായീകരിച്ച കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയും പരക്കെ വിമര്‍ശിക്കപ്പെട്ടു. 332 ഇന്ത്യക്കാര്‍ ഇതിനകം നാട്ടിലെത്തി. അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കൂടുതല്‍ ഇന്ത്യക്കാരെ ഇനിയും നാടുകടത്തും. അടുത്ത മൂന്നുമാസത്തേക്ക് കൂടുതല്‍ വിമാനങ്ങള്‍ അയയ്ക്കുന്നതിനെക്കുറിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ ആലോചന.
അതേസമയം മതിയായ രേഖകളില്ലാതെ യുഎസില്‍ താമസിച്ചതിനെ തുടര്‍ന്ന് പനാമയ്ക്ക് കൈമാറിയ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ കോസ്റ്റാറിക്കയിലേക്ക് മാറ്റിയവരുടെ വിവരങ്ങള്‍ ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും തേടിക്കൊണ്ടിരിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതിവാര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഎസില്‍ നിന്നും കുടിയിറക്കിയ ഇന്ത്യക്കാരെ കോസ്റ്റാറിക്കയിലേക്കും പനാമയിലേക്കും മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. 299 പേരെയാണ് യുഎസ് ഇവിടങ്ങളിലേക്ക് അയച്ചിരുന്നത്. ഇതില്‍ ഇന്ത്യക്കാരുമുണ്ട്. യുഎസുമായുള്ള ഈ രാജ്യങ്ങളുടെ ധാരണപ്രകാരമാണ് ഇത്തരത്തിലൊരു കൈമാറ്റം നടത്തിയിരിക്കുന്നത്. രണ്ടു രാജ്യങ്ങളിലെയും സര്‍ക്കാരുമായി വിനിമയം നടത്തിവരുകയാണ്. ഇന്ത്യക്കാരുടെ എണ്ണം തിട്ടപ്പെടുത്തിക്കഴിഞ്ഞാല്‍ ഇവരെ തിരിച്ചുകൊണ്ടുപോരാനുള്ള നീക്കങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ പനാമയിലെ ഹോട്ടലില്‍ തടവിലാക്കിയിരിക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതില്‍ ഇന്ത്യക്കാരില്ലെന്നും ജയ്സ്വാള്‍ പറഞ്ഞു. എന്നാല്‍ അമേരിക്കയില്‍ നിന്നു നാടുകടത്തിയവരെ കൈയാമവും ചങ്ങലയുമിട്ട് ഇന്ത്യയിലെത്തിച്ച സംഭവത്തില്‍ രണ്ടും മൂന്നും ബാച്ചിലെത്തിയ സ്ത്രീകളെയും കുട്ടികളെയും വിലങ്ങണിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.