ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആവേശപ്പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യ‑ഓസ്ട്രേലിയ മത്സരം. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശത്തോടെയാണ് ആരാധകര്‍ മത്സരം വീക്ഷിച്ചിരുന്നത്. ഐസിസി ചാമ്പ്യന്‍സ് ട്രോഫി പോരില്‍ ഇരുവരും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ദുബായില്‍ ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ആദ്യ സെമിഫൈനലിലാണ് ഇരുവരും കൊമ്പുകോര്‍ക്കുക.
ഐസിസി ഏകദിന പോരാട്ടത്തില്‍ ഇന്ത്യ അവസാനമായി ഓസ്ട്രേലിയയ്ക്കെതിരെ നോക്കൗട്ട് മത്സരം ജയിച്ചത് 2011ലാണ്. അതിനുശേഷം ഇന്നുവരെ വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ആ റെക്കോഡ് മറികടക്കേണ്ട ഭാരം കൂടി രോഹിത്തിനും സംഘത്തിനുമുണ്ട്. മാത്രമല്ല കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ സ്വന്തം നാട്ടില്‍ തോല്പിച്ചാണ് ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയത്. ഇതിന്റെ കടം തീര്‍ക്കാന്‍ കൂടിയുറച്ചാകും രോഹിത്തും സംഘവുമിറങ്ങുക. ഇതുകൂടാതെ ഇന്ത്യക്ക് നിരവധി കണക്കുകള്‍ തീര്‍ക്കാനുണ്ട്. 2015ലെ ഏകദിന ലോകകപ്പ് സെമി ഫൈനല്‍, 2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകളില്‍ ഇന്ത്യ ഓസ്ട്രേലിയയ്ക്ക് മുന്നില്‍ വീഴുകയായിരുന്നു. ഈ തോല്‍വികളുടെ കണക്ക് തീര്‍ത്ത് ഫൈനലിലേക്ക് മുന്നേറുകയെന്ന കടമ്പയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
ഏകദിന ലോകകപ്പുകളുടെ ചരിത്രത്തിൽ 14 തവണയാണ് ഇരുവരും നേർക്കുനേർ വന്നത്. അതിൽ ഒമ്പത് തവണയും കങ്കാരുക്കൾ വെന്നിക്കൊടി പാറിച്ചു. അഞ്ച് വിജയങ്ങളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. നോക്കൗട്ട് മത്സരങ്ങളിൽ നാല് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മൂന്നിലും വിജയം ഓസീസിനൊപ്പമായിരുന്നു. പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡുമൊന്നും ഇല്ലാതെ കളത്തിലിറങ്ങുന്ന ഓസീസിന് മേൽ ഇന്ത്യക്ക് തന്നെയാണ് ഒരൽപം മേൽക്കൈ. പ്രത്യേകിച്ച് ഇന്ത്യൻ സ്പിന്നർമാരെ നേരിടാൻ എതിരാളികൾ ഏറെ വിയർക്കുന്ന ദുബായിൽ. എന്നാൽ തങ്ങളുടെ ബാറ്റിങ് കരുത്തിൽ ഓസ്ട്രേലിയയ്ക്ക് സംശയങ്ങളൊന്നുമില്ല. ഇംഗ്ലണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ ട്രാവിസ് ഹെഡിനെയും സ്റ്റീവ് സ്മിത്തിനേയും നഷ്ടമായ ശേഷമാണ് 351 റൺസ് വിജയലക്ഷ്യം അവർ രണ്ടോവർ ബാക്കി നിൽക്കേ മറികടന്നത്. അഫ്ഗാനെതിരായ മത്സരത്തിൽ ഹെഡും ട്രാക്കിലായി. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ മാത്യു ഷോർട്ട് ടീമിൽ നിന്ന് പുറത്തായത് ഓസീസിന് തിരിച്ചടിയാവും.
ഹര്‍ഷിത് റാണയ്ക്ക് പകരം ന്യൂസിലന്‍ഡിനെതിരെ കളിച്ച വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റുമായി തിളങ്ങിയതിനാല്‍ ഓസ്ട്രേലിയയ്ക്കെതിരെയും വരുണ്‍ പ്ലെയിങ് ഇലവനില്‍ തുടരാനാണ് സാധ്യത. സ്പിന്നര്‍മാരെ സഹായിക്കുന്ന ദുബായിലെ സ്ലോ പിച്ചില്‍ ഓസീസിനെതിരെയും നാല് സ്പിന്നര്‍മാരെ പ്ലേയിങ് ഇലവനില്‍ കളിപ്പിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ന്യൂസിലന്‍ഡിനെതിരെ കളിച്ച അക്സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും പ്ലെയിങ് ഇലവനില്‍ തുടരും. ഒരു പേസറെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ മാത്രം രവീന്ദ്ര ജഡേജയ്ക്ക് പകരം ഹര്‍ഷിത് റാണ പ്ലെയിങ് ഇലവനിലെത്തും. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമിക്ക് കഴിഞ്ഞ രണ്ട് കളികളിലും വിക്കറ്റെടുക്കാനാവാത്തത് ഇന്ത്യക്ക് ആശങ്കയാണ്. അതുകൊണ്ട് തന്നെ ജഡേജയ്ക്ക് പകരം ഹര്‍ഷിത് റാണയെ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. മുഹമ്മദ് ഷമിക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യയാകും ന്യൂബോള്‍ എറിയാനെത്തുക.
പാകിസ്ഥാന്‍ ആതിഥേയരായ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാണ് നടക്കുന്നത്. ഇതിനോടകം തന്നെ മൂന്ന് മത്സരങ്ങള്‍ ഇന്ത്യ കളിച്ചുകഴിഞ്ഞു. മൂന്നിലും വിജയം നേടാന്‍ ടീമിനായിരുന്നു. അതിനാല്‍ തന്നെ ഓസ്ട്രേലിയയ്ക്കെതിരെയും വിജയം ആവര്‍ത്തിച്ച് ഫൈനലിലേക്ക് മുന്നേറാനാകുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യന്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.