
‘ആർഎൻകെ’ എന്ന സ്നേഹപ്പേരിൽ അറിയപ്പെട്ടിരുന്ന ‘നീതിബോധ’മെന്ന് ജനം അര്‍ത്തുവിളിച്ച ആർ നല്ലകണ്ണ് ത്യാഗത്തിന്റെയും ആദർശത്തിന്റെയും ജീവിക്കുന്ന രൂപമായിരുന്നു. അർപ്പണബോധത്തിന്റെ സമാനതകളില്ലാത്ത പ്രതീകവും. 1925ൽ തൂത്തുക്കുടിയിലെ ശ്രീവൈകുണ്ഠത്തിൽ ജനിച്ച അദ്ദേഹം കപ്പലോട്ടിയ തമിഴനെന്ന് വിഖ്യാതനായ വി ഒ ചിദംബരപിള്ളയുടെ പോരാട്ടങ്ങൾ കണ്ടാണ് വളർന്നത്. സ്കൂൾ പഠനകാലത്ത് തന്നെ സ്വാതന്ത്ര്യ സമരത്തിലേക്ക് ആകർഷിക്കപ്പെട്ടു. മകൻ ഒരു ജോലി നേടി സാധാരണ ജീവിതം നയിക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാൽ, പതിനെട്ടാം വയസിൽ വെറുമൊരു മുണ്ടും തോർത്തും മാത്രം ധരിച്ച് വീടുവിട്ടിറങ്ങിയ ആ യുവാവ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകനായി മാറി. കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചപ്പോൾ ആർഎൻകെ ഒളിവിൽ പോയി. നെഹ്രു സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 1949ലെ നെല്ലൈ ഗൂഢാലോചന കേസിൽ കെ ബാലദണ്ഡായുധം അടക്കമുള്ള നേതാക്കൾക്കൊപ്പം അദ്ദേഹം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. പൊലീസിൽ നിന്ന് ക്രൂരമർദനമാണ് ഏൽക്കേണ്ടി വന്നത്. ബോംബുകൾ കണ്ടെടുത്തെന്നാരോപിച്ച് കൈകൾ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. എന്നാൽ തനിക്കൊപ്പമുള്ള സഖാക്കളുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. എരിയുന്ന സിഗരറ്റ് കുറ്റികൊണ്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ മേൽച്ചുണ്ട് പൊള്ളിച്ചു. ജയിലിലെ ഇടുങ്ങിയ സെല്ലിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ രാവിലെ മാത്രമാണ് വാതിൽ തുറന്നിരുന്നത്. ബാക്കി സമയമത്രയും മൂത്രമൊഴിക്കാൻ ഒരു പാത്രം മാത്രം നൽകി ഇരുട്ടറയിലടച്ചു. 1956ലാണ് അദ്ദേഹം ജയിൽ മോചിതനായത്.
ശൈവ‑വൈഷ്ണവ മഠങ്ങൾ കർഷകത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ ആർഎൻകെ നിരന്തരം പൊരുതി. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് നടക്കാൻ വിലക്കപ്പെട്ട തെരുവുകളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന്, സവർണർ ഒരു പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. പ്രകൃതിക്കും നാടിനും വേണ്ടിയുള്ള പോരാട്ടങ്ങളിലെ മികച്ച അധ്യായമാണ് താമ്രപര്‍ണി നദിയിലെ അനധികൃത മണൽ ഖനനത്തിനെതിരെ അദ്ദേഹം നടത്തിയ പോരാട്ടം. ആർഎൻകെയുടെ വ്യക്തിത്വത്തെ രാഷ്ട്രീയ എതിരാളികൾ പോലും എത്രത്തോളം ബഹുമാനിച്ചിരുന്നു എന്നതിന് തെളിവാണ് 1999ലെ കോയമ്പത്തൂർ ലോക്സഭാ തെരഞ്ഞെടുപ്പ്. അന്ന് അദ്ദേഹത്തെ പരാജയപ്പെടുത്തിയ ബിജെപി സ്ഥാനാർത്ഥിയും നിലവിലെ ഉപരാഷ്ട്രപതിയുമായ സി പി രാധാകൃഷ്ണൻ പിന്നീട് ഇങ്ങനെ കുറിച്ചു: “അത്രയും മാന്യനായ ആ മനുഷ്യൻ പരാജയപ്പെട്ടതിൽ ഞാൻ ശരിക്കും വിഷമിച്ചു. വിജയം എപ്പോഴും ആഘോഷിക്കാനുള്ളതല്ല, അത് ആഴത്തിലുള്ള വേദനയും നൽകുമെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.” ഇന്ത്യൻ രാഷ്ട്രീയത്തിൽ ആർഎസ്എസ് — ബിജെപി ശക്തികളുടെ കടന്നുവരവിൽ അദ്ദേഹം എപ്പോഴും ആശങ്കാകുലനായിരുന്നു. 1964ലെ പിളർപ്പിന് ശേഷം സിപിഐക്കൊപ്പം നിലകൊണ്ട അദ്ദേഹം, 1992 മുതൽ മൂന്ന് തവണ പാര്‍ട്ടിയുടെ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായി. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനം സ്വപ്നം കണ്ടിരുന്ന അദ്ദേഹം, വര്‍ഗീയ ശക്തികൾക്കെതിരെ മതേതര ചേരികൾ ഒന്നിക്കേണ്ടതിന്റെ ആവശ്യകത എപ്പോഴും ഓർമ്മിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.