
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവും സിപിഐ കേരള ഘടകത്തിന്റെ ആദ്യ സെക്രട്ടറിയുമായ പി കൃഷ്ണപിള്ളയുടെ ചരമദിനവും സിപിഐ സംസ്ഥാന സമ്മേളന പതാക ദിനവും ഇന്ന്. സെപ്റ്റംബര്‍ എട്ട് മുതല്‍ 12 വരെ സംസ്ഥാന സമ്മേളനം നടക്കുന്ന ആലപ്പുഴയില്‍ കേന്ദ്ര സംഘാടക സമിതി ഓഫിസിന് മുന്നില്‍ രാവിലെ ഏഴിന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തിരുവനന്തപുരത്ത് പാര്‍ട്ടി സംസ്ഥാന കൗൺസിൽ ഓഫിസായ എംഎന്‍ സ്മാരകത്തില്‍ രാവിലെ 9.30ന് പന്ന്യന്‍ രവീന്ദ്രനും പതാക ഉയര്‍ത്തും. സംസ്ഥാന വ്യാപകമായി പതാക ഉയർത്തിയും പാർട്ടി ഓഫിസുകൾ അലങ്കരിച്ചും കൃഷ്ണപിള്ളയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും ദിനാചരണം നടത്തും.
പി കൃഷ്ണപിള്ള ഉള്‍പ്പെടെ സമുന്നത നേതാക്കളും പുന്നപ്ര രക്തസാക്ഷികളും അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട്ടില്‍ രാവിലെ കൃഷ്ണപിള്ള അനുസ്മരണ പ്രകടനവും പുഷ്പാര്‍ച്ചനയും സമ്മേളനവും സിപിഐ- സിപിഐ (എം) നേതൃത്വത്തില്‍ നടക്കും. രാവിലെ ഏഴിന് അനുസ്മരണ റാലി തിരുവമ്പാടി ജങ്ഷനിൽനിന്ന് ആരംഭിക്കും. അനുസ്മരണ സമ്മേളനം സിപിഐ (എം) കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തും. പി കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ച കണ്ണാർകാട് സ്മൃതിമണ്ഡപത്തിൽ രാവിലെ ഒമ്പതിന് പുഷ്പാർച്ചനയ്ക്കുശേഷം അനുസ്മരണ സമ്മേളനം എളമരം കരീം ഉദ്ഘാടനം ചെയ്യും. കെ ബി ബിമൽറോയ് അധ്യക്ഷനാകും. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സിപിഐ (എം) ജില്ലാ സെക്രട്ടറി ആർ നാസർ, മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്, നേതാക്കളായ സി എസ് സുജാത, ടി ജെ ആഞ്ചലോസ്, എസ് സോളമൻ തുടങ്ങിയവർ സംസാരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.