
അമേരിക്കയിൽ തുടങ്ങി ഇന്ത്യയിലും ഇന്ന് ദേശീയ ചോക്ലേറ്റ് ദിനം (ഒക്ടോബർ 28) ആഘോഷിക്കുന്നു. അലിഞ്ഞിറിങ്ങുന്ന ചോക്ലേറ്റ് രുചിയിഷ്ടമില്ലാത്തവർ ആരാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ചോക്ലേറ്റിന്റെ ആരാധകരാണ്. ആ ചോക്ലേറ്റ് രുചിയാഘോഷിക്കാനുള്ള ദേശീയ ദിനമാണിന്ന്. എന്നാലോ ഇത്രയും പ്രിയപ്പെട്ട ഈ ചോക്ലേറ്റുകൾ ഉല്പാദിപ്പിക്കാനുള്ള കൊക്കോയും കൊക്കോ ഉല്പന്നങ്ങളും രാജ്യത്ത് ഇറക്കുമതി ചെയ്യേണ്ട അവസ്ഥയാണ്. അഗ്രികൾച്ചർ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിട്ടി (അപെഡ) യുടെ കണക്ക് പ്രകാരം കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 3530.75 കോടി രൂപയുടെ കൊക്കോയും കൊക്കോ ഉല്പന്നങ്ങളുമാണ് ഇറക്കുമതി ചെയ്തത്. വിപണിയിൽ ചോക്ലേറ്റിന്റെയും ചോക്ലേറ്റ് ഉല്പന്നങ്ങളുടെയും ആവശ്യം വർധിച്ചതോടെ വൻകിട ചോക്ലേറ്റ് കമ്പനികളെല്ലാം ഉല്പാദനം ഉയർത്തിയിട്ടുണ്ട്. ഇതോടെ, നടപ്പു സാമ്പത്തിക വർഷം ഇറക്കുമതി 4,500 കോടി രൂപയോളമെത്തുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് വർഷം കൊക്കോ ഉല്പാദനം 30,000 ടൺ മാത്രമാണ്. ആവശ്യത്തിന് ഉല്പാദനമില്ലാത്തതിനാൽ കഴിഞ്ഞ വർഷം 1.3 ലക്ഷം ടൺ കൊക്കോയും കൊക്കോ ഉല്പന്നങ്ങളുമാണ് ഇറക്കുമതി ചെയ്തത്. അതായത്, നാല് ഇരട്ടിയിലേറെയാണ് ഇറക്കുമതി. അതേസമയം, രാജ്യത്തുനിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 1242.13 കോടി രൂപയുടെ കൊക്കോ ഉല്പന്നങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ട്.
വർഷാവർഷം ആവശ്യം ഉയരുന്നെങ്കിലും ചോക്ലേറ്റിന്റെ പ്രധാന ഘടകമായ കൊക്കോ ഉല്പാദനം രാജ്യത്ത് കാര്യമായില്ല. ആന്ധ്രാപ്രദേശ്, കേരളം, കർണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ പ്രധാനമായും കൊക്കോ ഉല്പാദിപ്പിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് കാഷ്യുനട്ട് ആന്റ് കൊക്കോ ഡെവലപ്മെന്റ് ബോർഡിൽ (ഡിസിസിഡി) നിന്ന് ലഭ്യമായ കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം ഉല്പാദനത്തിന്റെ 36% സംഭാവനയുമായി കേരളം രണ്ടാം സ്ഥാനത്താണ്. 10,600 ടണ്ണാണ് കേരളത്തിന്റെ ഉല്പാദനം.
40% സംഭാവനയുമായി ആന്ധ്രയാണ് (12,150 ടൺ) ഒന്നാമത്. കേരളത്തിൽ ഇടുക്കി ജില്ലയിലാണ് കൂടുതൽ കൊക്കോ ഉല്പാദനം. കൂടാതെ വയനാട്, കണ്ണൂർ ജില്ലകളിലും കൊക്കോ കൃഷിയുണ്ട്. വൻകിട ചോക്ലേറ്റ് കമ്പനികളടക്കം ഇടുക്കിയിൽനിന്ന് കൊക്കോ വാങ്ങുന്നുണ്ട്. കേരളത്തിൽ ആദ്യമായി കൊക്കോ മാത്രം ഉപയോഗിച്ചുള്ള ഒരു കമ്പനി കോട്ടയത്ത് മണിമലയിൽ ആരംഭിച്ചു.
ഇടുക്കിയിലെ മുരിക്കാശേരി, തേക്കിൻതണ്ട്, മങ്കുവ ഭാഗങ്ങളിൽ നിന്നുള്ള കൊക്കോയ്ക്ക് കൂടുതൽ മൂല്യമുണ്ട്. എന്നാൽ, ആഫ്രിക്കൻ രാജ്യങ്ങളിലെ ഉല്പാദന വർധന കാരണം കേരളത്തിലെ കൊക്കോയുടെ വില കുറയുമെന്ന സൂചനകളും പ്രകടമാണ്.
400 എഡിയിലാണ് മായന്മാർ കൊക്കോ കൃഷി ആരംഭിക്കുന്നത്. മായന്മാർ കൊക്കോയെ ഒരു പുണ്യ സസ്യമായാണ് കണക്കാക്കുന്നത്. അതിന്റെ ബീൻസ് ഉപയോഗിച്ച് മുളകുപൊടിയും വാനിലയും ചേർത്ത നുരയും കയ്പേറിയതുമായ പാനീയം അവർ ഉണ്ടാക്കി. ഈ പാനീയം അതിന്റെ ഔഷധ ഗുണങ്ങൾക്കും ആചാരപരമായ പ്രാധാന്യത്തിനുമാണ് അവർ ഉപയോഗിച്ചത്. 12-ാം നൂറ്റാണ്ട് മുതൽ മെസോ അമേരിക്കയിൽ ആധിപത്യം പുലർത്തിയ ആസ്ടെക്കുകൾ കൊക്കോ മരം ക്വെറ്റ്സാൽകോട്ടൽ ദൈവത്തിൽ നിന്നുള്ള ഒരു സമ്മാനമാണെന്ന് വിശ്വസിച്ചു. കൂടാതെ കൊക്കോ ബീന്‍സി കറൻസിയായി അവർ ഉപയോഗിച്ചു. ആസ്ടെക്കുകളെ സംബന്ധിച്ചിടത്തോളം ചോക്ലേറ്റ് പ്രഭുക്കന്മാർക്കും യോദ്ധാക്കൾക്കും പുരോഹിതർക്കും വേണ്ടി കരുതിവച്ചിരുന്ന ഒരു ആഡംബരവസ്തുവായിരുന്നു. ആസ്ടെക് ചക്രവർത്തി മോക്റ്റെസുമ രണ്ടാമൻ തന്റെ കരുത്തും ലൈംഗികശേഷിയും വർധിപ്പിക്കുന്നതിനായി ദിവസവും ധാരാളം കൊക്കോ പാനീയങ്ങൾ കഴിച്ചിരുന്നതായും കഥകളുണ്ട്. സ്പാനിഷ് പര്യവേക്ഷകനായ ഹെർണാണ്ടോ കോർട്ടെസ് ആസ്ടെക് സാമ്രാജ്യത്തെ നേരിടുന്ന പതിനാറാം നൂറ്റാണ്ട് വരെ ചോക്ലേറ്റ് അമേരിക്കയുടെ മാത്രം ഒരു പ്രത്യേക നിധിയായി തുടർന്നു. കയ്പേറിയ ചോക്ലേറ്റ് പാനീയത്തിൽ ആശ്ചര്യപ്പെട്ട കോർട്ടെസ്, കൊക്കോ ബീൻസ് സ്പെയിനിലേക്ക് കൊണ്ടുവന്നു, അവിടെ ഈ പാനീയം പഞ്ചസാര ചേർത്ത് മധുരമുള്ളതാക്കി യൂറോപ്യൻ പ്രഭുക്കന്മാർക്കിടയിൽ വ്യാപിപ്പിച്ചു.
1615ൽ ഫ്രാൻസിലെ ലൂയി പതിമൂന്നാമൻ രാജാവിനെ വിവാഹം കഴിച്ച ഓസ്ട്രിയയിലെ അന്ന രാജ്ഞി പാരിസിലെ കോടതികളിൽ ചോക്ലേറ്റ് ജനപ്രിയമാക്കി. അവിടെ നിന്നാണ് ഉയർന്ന വിഭാഗങ്ങളുടെ പാനീയമായി ഇത് മാറുന്നത്.നൂറ്റാണ്ടുകളായി ചോക്ലേറ്റ് യൂറോപ്യൻ വരേണ്യവർഗങ്ങൾക്കുള്ള ഒരു ആഡംബരവസ്തുവായി കണക്കാക്കപ്പെട്ടിരുന്നു. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സാങ്കേതികവിദ്യയിലെ പുരോഗതി ഉല്പാദനത്തിൽ വിപ്ലവം സൃഷ്ടിക്കുന്നത് വരെ ചോക്ലേറ്റ് ഒരു പാനീയമായി തുടർന്നു. 1828ൽ, ഡച്ച് രസതന്ത്രജ്ഞനായ കോന്റാഡ് ജോഹന്നാസ് വാൻ ഹൗട്ടൻ കൊക്കോ പ്രസ് കണ്ടുപിടിച്ചു. വറുത്ത കൊക്കോ ബീൻസിൽ നിന്ന് കൊക്കോ ബട്ടറും വേർതിരിച്ചെടുക്കാൻ കഴിയുന്ന ഒരു യന്ത്രമായിരുന്നു ഇത്. ഈ കണ്ടുപിടിത്തം ഖര, ഭക്ഷ്യയോഗ്യമായ ചോക്ലേറ്റ് സൃഷ്ടിക്കുന്നത് സാധ്യമാക്കി, ചോക്ലേറ്റ് ഉല്പാദനം കൂടുതൽ കാര്യക്ഷമമായി. 1847ൽ ബ്രിട്ടീഷ് ചോക്ലേറ്റ് കമ്പനിയായ ജെഎസ് ഫ്രൈ ആന്റ് സൺസ് കൊക്കോ പൗഡറും കൊക്കോ ബട്ടറും പഞ്ചസാരയും ചേർത്ത് ആദ്യത്തെ ചോക്ലേറ്റ് ബാർ വികസിപ്പിച്ചതാണ് വലിയ വഴിത്തിരിവായത്. താമസിയാതെ, സ്വിസ് ചോക്ലേറ്റിയർ ഡാനിയൽ പീറ്റർ ഈ മിശ്രിതത്തിലേക്ക് പാൽ പൊടി ചേർത്തു, 1875ൽ ആദ്യത്തെ മിൽക്ക് ചോക്ലേറ്റ് ബാർ ലോകമറിഞ്ഞു. ഈ കണ്ടുപിടിത്തങ്ങൾ ലോകമെമ്പാടുമുള്ള ആളുകൾ ആസ്വദിക്കുന്ന ഒരു മുഖ്യധാരാ മിഠായിയായി ചോക്ലേറ്റ് മാറുന്നതിന് കാരണമായി. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ചോക്ലേറ്റ് വൻതോതിൽ ഉല്പാദിപ്പിക്കപ്പെട്ടു. കാഡ്ബെറി, നെസ്‌ലെ, ഹെർഷിസ് തുടങ്ങിയ കമ്പനികൾ വിപണിയിൽ ആധിപത്യം സ്ഥാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.