22 December 2024, Sunday
KSFE Galaxy Chits Banner 2

ഇന്ന് ലോക അറബി ഭാഷാ ദിനം; അറബി മതഭാഷയല്ല. പൈതൃക ഭാഷയാണ്

വലിയശില രാജു
December 18, 2024 8:00 am

ലോകത്തെ ഏറ്റവും പഴക്കമുള്ള ഭാഷകളിലൊന്നാണ് അറബി. ചിത്രകലയുമായാണ് ഇതിന് കൂടുതൽ ബന്ധം. പലരും കരുതുന്നത് ഈ ഭാഷ മുസ്ലിം ജനവിഭാഗമാണ് സംസാരിക്കുന്നത് എന്നാണ്. എന്നാൽ ഇതൊരു മത ഭാഷയല്ല. ലോകത്ത് 22 രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷയാണിത്. ഏതാണ്ട് 28കോടി ജനങ്ങൾക്ക് ഇത് മാതൃഭാഷയാണ്. ലോകത്ത് ജനങ്ങൾ സംസാരിക്കുന്ന ഭാഷകളിൽ നാലാം സ്ഥാനത്താണ് അറബി. വലതുവശത്ത് നിന്നും ഇടത്തോട്ട് എഴുതുന്ന അപൂർവ്വ ഭാഷയാണിത്. കേൾക്കാൻ ഇമ്പമുള്ള ഭാഷ കൂടിയാണിത്. 

1972ൽ ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ചൈനീസ്, റഷ്യൻ എന്നിവയാണ് മറ്റ് ഔദ്യോഗിക ഭാഷകൾ. അറബി വിശുദ്ധ ഭാഷയായി പലരും വിശ്വസിക്കുന്നു.

ഇസ്ലാം മത ഗ്രന്ഥമായ ഖുറാൻ അറബിലായതിനാലാണ് ഇങ്ങനെ കരുതാൻ കാരണം. പ്രവാചകനായ മുഹമ്മദ് നബി ജനിക്കുന്നതിനും 4500 വർഷങ്ങൾക്ക് മുമ്പുതന്നെ അറബി ഭാഷയുടെ ചരിത്രം ആരംഭിക്കുന്നു. സാഹിത്യ സൃഷ്ടികളാലും സാംസ്കാരിക വിനിമയത്താലും സമ്പന്നമായിരുന്നു അറബിഭാഷ. ലോകത്ത് നിരവധി ഭാഷകളിൽ അറബി ഭാഷയുടെ സ്വാധീനം പ്രകടമാണ്. ഇംഗ്ലീഷ് ഭാഷയിൽ നാം ഉപയോഗിക്കുന്ന സുപരിചിതമായ നിരവധി പദങ്ങൾ അറബിയുടെ സംഭവനയാണ്. ഷുഗർ, കോട്ടൺ, മാഗസിൻ, ആൾജിബ്ര, ആൾക്കഹോൾ എന്നിവ അതിൽ ചിലതാണ്. 

ഇന്ത്യയിൽ സൂക്ഷിക്കുന്ന ഒന്നര ലക്ഷത്തോളം പ്രാചീന കൈയെഴുത്ത് പ്രതികളിൽ നാല്പത് ശതമാനം അറബി ഭാഷയിലാണ്. മലയാളവുമായി അറബിക്ക് ചിര പുരാതന ബന്ധം തന്നെയുണ്ട്. കേരളത്തിൽ വന്ന പോർച്ചുഗീസ് നാവികൻ വാസ്കോ ഡി ഗാമയുടെ കൈവശം സാമൂതിരി രാജാവിന് കൊടുക്കാൻ ഒരു കത്ത് പോര്‍ച്ചുഗീസ് രാജാവ് കൊടുത്തയച്ചിരുന്നു. അത് അറബി ഭാഷയിലായിരുന്നു. ഗാമയ്ക്ക് മുമ്പ് തന്നെ കേരളവുമായി വാണിജ്യ ബന്ധമുണ്ടായിരുന്നവരാണ് അറബികൾ. കടൽ മാർഗം കച്ചവടത്തിന് വന്ന അറബികളിൽ കൂടിയാണ് ഇവിടെ അറബി ഭാഷ പ്രചരിച്ചത്. നമ്മുടെ കടലിനു അറബിക്കടൽ എന്ന പേര് കിട്ടിയത് തന്നെ അറബികളുമായുള്ള ദീർഘകാല ബന്ധംകൊണ്ട് കൂടിയാണ്. 

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.