22 December 2025, Monday

ഇന്ന് ലോക മണ്ണ് ദിനം; ഒരു തരിപോലും ചോർന്നുപോകാതെ ചേർത്തുപിടിച്ച് മുന്നോട്ട്

Janayugom Webdesk
കാസർകോട്
December 5, 2024 8:38 am

ഒരു തരിപോലും ചോർന്ന്പോകാതെ, മണ്ണിനെ ചേർത്ത് പിടിച്ച് മുന്നോട്ട് മുന്നോട്ട് പോവുകയാണ് കാസർകോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ്. ജില്ലയുടെ ഭൂ പ്രകൃതി, മഴയുടെ പ്രകൃതം, ഭൂ വിനിയോഗം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മഴവെള്ളത്തെയും മണ്ണിനെയും സംയോജിതമായ രീതിയിൽ സംരക്ഷിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നതിനുള്ള സമീപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടന്നു വരുന്നത്. 

കാസർകോട് ജില്ലയുടെ സമ്പദ്ഘടനയിൽ കാർഷിക മേഖലയ്ക്ക് വളരെ പ്രാധാന്യമുണ്ട്. തെങ്ങ്, കവുങ്ങ്, റബ്ബർ, കശുമാവ്, നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയ വിളകളാണ് പ്രധാനമായും കൃഷി ചെയ്ത് വരുന്നത്. മഴയെ ആശ്രയിച്ചുള്ള കൃഷിയാണ് ജില്ലയിൽ പ്രധാനമായും നടന്നു വരുന്നത്. ജില്ലയുടെ ഭൂ വിസ്തൃതിയിൽ 155000 ത്തോളം ഹെക്ടർ പ്രദേശം മലനാട്, ഇടനാട്, ഭൂവിഭാഗത്തിൽ ഉൾപ്പെടുന്നു. കുത്തനെ ചെരിവുള്ള മലനാട്ടിലും കുന്നുകൾ നിറഞ്ഞ ഉൾനാടൻ പ്രദേശങ്ങളിലും മഴക്കാലത്ത് രൂക്ഷമായ മണ്ണൊലിപ്പിന് വിധേയമാകുന്നതോടൊപ്പം വേനൽക്കാലത്ത് കഠിനമായ വരൾച്ചയും അനുഭവപ്പെടാറുണ്ട്. മേൽ മണ്ണിന് ശോഷണം സംഭവിക്കുന്നതിനാൽ കാർഷിക ഉൽപാദനവും ഉൽപാദനക്ഷമതയും കുറഞ്ഞു വരുന്നു. ഈ സാഹചര്യങ്ങൾ ജില്ലയിൽ കൂടുതലായി മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു. 

ശാസ്ത്രീയ രീതിയിലുള്ള മണ്ണ് ജല സംരക്ഷണപ്രവർത്തനങ്ങൾ ചെറു നീർത്തടങ്ങളെ അടിസ്ഥാനമാക്കി നടപ്പിലാക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ വിവിധ പദ്ധതികൾ വഴി കർഷകർക്ക് സഹായം അനുവദിച്ചു വരുന്നുണ്ട്. കൃഷിയിടങ്ങളിലെ പ്രവൃത്തിയായ തട്ട് തിരിക്കൽ, മഴക്കുഴി, കാർഷിക ഭൂമിയിലെ കല്ല് കയ്യാല, റീചാർജ്ജ് പിറ്റ്, കിണർ റീചാർജ്ജ് യൂണിറ്റ്, ഫലവൃക്ഷ തൈ വിതരണം, പൊതു പ്രവർത്തികളായ ചെറു കല്ല് ഉപയോഗിച്ച് തടയണകൾ ഉപയോഗിച്ച്, ചെറു തോടുകളിലെ പാർശ്വഭിത്തി സംരക്ഷണവും കൃഷിഭൂമി സംരക്ഷണവും ഷട്ടർ ചെക്ക് ഡാം, ബെഡ് ചെക്ക് ഡാം, റിങ് ചെക്ക് ഡാം, പെർക്കുലേഷൻ പോണ്ട്, ചെറിയ പൊതു കുളം നവീകരണം തുടങ്ങി വിവിധ പദ്ധതികളാണ് ജില്ലാ മണ്ണ് പര്യവേഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മണ്ണ് സംരക്ഷണ ഓഫീസ് നടത്തുന്നത്. 

ജില്ലയിൽ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് (ആർ. ഐ. ഡി. എഫ് ജില്ലാ പഞ്ചായത്ത്, കാസർകോട് വികസന പാക്കേജ് പി എം കെ എസ് വൈ) പെർഡാല വാട്ടർഷെഡ്, കനകത്തൊടി വാട്ടർഷെഡ്, തായന്നൂർ വാട്ടർഷെഡ്, ഹേരൂർ വാട്ടർഷെഡ്, പാണൂർ വാട്ടർഷെഡ്, ശ്രീമല ബേത്തലം തോട്. സുവർണ്ണഗിരി തോട്, സുറുമ തോട്, കൽമാടി തോട്, ബേപ്പ്, നിടുഗള തോട്, പറമ്പ, അടുക്കളംപാടി, കാപ്പുങ്കര, അതിയാമ്പൂർ, എറാംചിറ്റ, തിമ്മൻചാൽ, കാറളം മങ്കയം, മുക്കൂട്ടിച്ചാൽ, ചിറ്റാരിച്ചാൽ കുറുക്കൂട്ടിപ്പൊയിൽ, കല്ലൻ ചിറ, മാന്യ വയൽ തോട്, കരിന്തളം കുളം, എരുമക്കുളം, ഇരിയ പെർളം തോട് സംരക്ഷണം, ആനോടിപള്ളം ഞെക്ളി പളളം, ബംബ്രാണ പേട്ടകുളം, തെക്കിൽമൂല കുളം, ബെള്ളൂർ റിങ് ചെക്ക് ഡാം, മാനൂരിച്ചാൽ, പനക്കാപ്പുഴ തുടങ്ങിയ മണ്ണ് ജല സംരക്ഷണ പ്രവൃത്തികളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. 

പ്രാദേശികാവശ്യങ്ങൾക്ക് ലഭ്യമാക്കുന്നതിനും ജല സ്രോതസ്സികളിലേക്കുള്ള റീചാർജിങ് ഉറപ്പു വരുത്തുന്നതിനും സഹായിക്കുന്ന പ്രകൃതിയുടെ പകരമില്ലാത്ത ഒരു സംവിധാനമാണ് മണ്ണ്. ഭൂഗർഭ ജല പരിപോഷണത്തിന് സുരക്ഷിതമായ മർഗ്ഗമാണ് മണ്ണ് നമുക്ക് ലഭ്യമാക്കുന്നത്. എന്നാൽ ഭൂമിയുടെ പൊതുവായ ചെരിവ്,ഭൂ വിനിയോഗക്രമങ്ങൾ, മണ്ണിന്റെ രചന, ഘടന, എന്നീ ഘടകങ്ങൾ മണ്ണൊലിപ്പിനും, വരൾച്ചയ്ക്കും കാർഷികോൽപാദന പാരിസ്ഥിതിക തകർച്ചയ്ക്കും യോജിച്ചരീതിയാണെന്നതും വളരെ ഗൗരവമായി കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് തുടർന്നും നടപ്പിലാക്കാനിരിക്കുന്നതെന്ന് ജില്ലാമണ്ണ് സംരക്ഷണ ഓഫീസർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.