9 December 2025, Tuesday

Related news

December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 8, 2025
December 6, 2025
December 6, 2025
December 6, 2025

ഇന്ന് ചിങ്ങം ഒന്ന് ‘കൃഷിഗീത’യെന്ന വൈജ്ഞാനികഗ്രന്ഥം

അനശ്വര ശുഭ
August 17, 2025 6:00 am

ചിങ്ങം ഒന്ന് കര്‍ഷകദിനമായി കേരളീയര്‍ ആചരിക്കുന്നു. ഈ സാഹചര്യത്തില്‍ കേരളീയകാര്‍ഷികവിജ്ഞാനം എത്രത്തോളം ആഴത്തിലുള്ളതായിരുന്നു എന്ന അന്വേഷണമാണ് ‘കൃഷിഗീത’ എന്ന കൃതിയുടെ വായനയിലേക്ക് നയിച്ചത്. കൃഷിപ്പൊരുളുകളെക്കുറിച്ചുള്ള ദിവ്യോപദേശങ്ങളുടെ സമാഹാരമെന്ന നിലയില്‍ രൂപകല്‍പന ചെയ്തിട്ടുള്ള കൃതിയാണ് ‘കൃഷിഗീത’. കാലം നോക്കി കൃഷി ചെയ്യണമെന്നത് കൃഷിതന്ത്രത്തിലെ പ്രധാന നിയമമാണ്. കൃഷിക്കനുയോജ്യമായ കാലാവസ്ഥ, വാര്‍ഷികവര്‍ഷാനുപാതം തുടങ്ങിയ പല കൃഷിയറിവുകളെ പറ്റി
പ്രതിപാദിക്കുന്ന ഈ കൃതി നമ്മുടെ പൂര്‍വികര്‍ക്ക് മനഃപാഠമായിരുന്നു. എന്നാല്‍ ഇന്ന് കൃഷിയുടെ അടിസ്ഥാനമായ ഇത്തരം അറിവുകള്‍ പലതും
വിസ്മരിക്കപ്പെടുകയും അന്യമാകുകയും ചെയ്യുന്നു. വംശീയമായ വാമൊഴി പാരമ്പര്യത്തെ അച്ചടിയിലേക്ക് പകര്‍ത്തിയ കൃഷിഗീതയെന്ന ഈ കൃതി കേരളീയ വൈജ്ഞാനികപാരമ്പര്യത്തിനു ലഭിച്ച മഹത്തായ സംഭാവനകളിലൊന്നാണ്. കാര്‍ഷിക സസ്യവിജ്ഞാനത്തിന്റെയും കാലാവസ്ഥാവിജ്ഞാനത്തിന്റെയും കേരളീയപാഠങ്ങളെ അവതരിപ്പിക്കുന്ന ഈ കൃതി വേണ്ടത്ര വായിക്കപ്പെട്ടിട്ടില്ല.

മനുഷ്യ സംസ്‌കാരം ആരംഭിക്കുന്നത് കൃഷിയില്‍ നിന്നാണ്. കൃഷിയുടെ ചരിത്രം മനുഷ്യന്റെ വിശപ്പിന്റെ ചരിത്രം കൂടിയാണ്. ഇതരജീവികള്‍ ഭക്ഷണം തേടുകയും, കണ്ടെത്തുകയും കവര്‍ന്നെടുക്കുകയും ചെയ്യുമ്പോള്‍ സ്വന്തം ഭക്ഷണത്തിനുള്ള വസ്തുക്കള്‍ ഉല്പാദിപ്പിക്കാനുള്ള കഴിവ് പ്രകൃതി മനുഷ്യന് മാത്രമാണ് നല്‍കിയിരിക്കുന്നത്. കായ് കനികൾ ഭക്ഷിച്ച് അലഞ്ഞുതിരിഞ്ഞു നടന്നരുന്ന മനുഷ്യര്‍ സ്ഥിരവാസമുറപ്പിച്ചു കൃഷി ചെയ്യാന്‍ ആരംഭിച്ചത് മനുഷ്യചരിത്രത്തിലെ തന്നെ നിര്‍ണായകമായ മുഹൂര്‍ത്തങ്ങളിലൊന്നാണ്. മനുഷ്യന്‍ എന്നു മുതലാണ് കൃഷി ചെയ്തുതുടങ്ങിയത് എന്നതിനെ സംബന്ധിച്ച കൃത്യമായ വിവരങ്ങളോ, തെളിവുകളോ ഇല്ല. കൃഷിയുടെ ആരംഭം മധ്യപൗരസ്ത്യദേശത്താണെന്ന് കരുതപ്പെടുന്നു. ഏകദേശം 10,000 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കൃഷി ആരംഭിച്ചതെന്ന് പറയപ്പെടുന്നു. മനുഷ്യസമൂഹം ഉടലെടുത്തതിനു ശേഷം
ലക്ഷക്കണക്കിന് വര്‍ഷം മനുഷ്യര്‍ പ്രാകൃതാവസ്ഥയില്‍ കഴിഞ്ഞുകൂടി. ശേഷം അമ്പിന്റെയും വില്ലിന്റെയും കണ്ടുപിടുത്തം ആഹാര സമ്പാദനത്തിലേക്കുള്ള പുതിയൊരു കാല്‍വയ്പായിരുന്നു. കാലക്രമേണ തീ ഉപയോഗിച്ച് സാധനങ്ങള്‍ വേവിച്ച് കഴിക്കാന്‍ തുടങ്ങിയത് ഒരു പുതുയുഗപ്പിറവിയെ സൂചിപ്പിക്കുന്നു. അതോടെ മനുഷ്യര്‍ ജന്തുക്കളില്‍ നിന്നും പൂര്‍ണമായി വേര്‍തിരിയുകയും, പശു, ആട്, നായ എന്നീ ജീവികളെ മെരുക്കിയെടുത്ത് വളര്‍ത്താന്‍ ആരംഭിക്കുകയും ചെയ്തു. ആഹാരത്തിനായി ഉപയോഗിച്ച ധാന്യമണികള്‍ മണ്ണില്‍ വീണ് മുളച്ചതു
കണ്ടിട്ടാകാം അത് കൃഷിചെയ്യാന്‍ മനുഷ്യന് പ്രേരണയുണ്ടായത്. ജീവിക്കാനും കൃഷി ചെയ്യാനും വെള്ളം ആവശ്യമായതുകൊണ്ട് അവര്‍ നദീതീരങ്ങളില്‍ സ്ഥിരവാസമാരംഭിക്കുകയും ചെയ്തു. കൃഷി കേവലമായൊരു ഉത്പാദനപ്രക്രിയ മാത്രമല്ല, മറിച്ച് ഒരു സാമൂഹ്യപ്രക്രിയകൂടിയാണ്.
അപരിഷ്‌കൃതമനുഷ്യനില്‍ നിന്ന് വികസിതമനുഷ്യനിലേക്കുള്ള പരിണാമപ്രക്രിയയില്‍ കൃഷിയുടെ പ്രയോഗത്തിന് പ്രഥമസ്ഥാനമാണുള്ളത്. കൃഷിവ്യക്ത്യാധിഷ്ഠിതമായ ഒരു കണ്ടുപിടുത്തമല്ല, മറിച്ച് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനിന്ന മനുഷ്യന്റെ അടങ്ങാത്ത അന്വേഷണത്വരയുടെയും ആവശ്യകതയുടെയും അനിവാര്യമായ ഫലമാണ്.

 

കൃഷിഗീത
കൃഷിപ്പൊരുളുകളെക്കുറിച്ചുള്ള ദിവ്യോപദേശങ്ങളുടെ സമാഹാരമെന്ന നിലയില്‍ രൂപകല്പന ചെയ്തിട്ടുള്ള കൃതിയാണ് കൃഷിഗീത. പരശുരാമന്‍ കേരളം സൃഷ്ടിച്ചതിനു ശേഷം ഭൂമി മുഴുവന്‍ ബ്രാഹ്‌മണര്‍ക്ക് ദാനം ചെയ്തു. ശേഷം ഭൂമിയില്‍ എങ്ങനെ കൃഷിപ്പണികള്‍ നടത്തണമെന്നും ഉപദേശിച്ചുകൊടുത്തു. ഈ കൃഷിപ്പൊരുളുകളെക്കുറിച്ചുള്ള ദിവ്യേപദേശഗ്രന്ഥമാണ് കൃഷിഗീത എന്നാണ് ഐതിഹ്യം. പരശുരാമകൃതമെന്ന് കരുതപ്പെടുന്ന കേരളകല്പം എന്ന സംസ്‌കൃതകൃതിയുടെ ആശയാനുവാദമാണ് കൃഷിഗീത എന്ന കൃഷിപ്പാട്ട് എന്ന് പി ഗോവിന്ദപ്പിള്ള അഭിപ്രായപ്പെടുന്നു’. (സി. ആര്‍ രാജഗോപാലന്‍, ടി ടിശ്രീകുമാര്‍, വിജയ കുമാര്‍മേനോന്‍ (എഡി),2013, പു.6). കൃഷിഗീത രചിക്കപ്പെട്ട
കാലഘട്ടത്തെക്കുറിേച്ചാ, അതിന്റെ രചയിതാവിനെക്കുറിേച്ചാ അറിവില്ല. വളരെക്കാലം വാമൊഴിയായി നിലനിന്നിരുന്ന കൃഷിപ്പാട്ടുകള്‍ ആരോ ഒരാള്‍ സമാഹരിച്ച് താളിയോലയില്‍ പകര്‍ത്തിയതാകാം എന്ന് കരുതുന്നു. മലയാളത്തില്‍ ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ച കൃഷിഗീത
വിദ്വാന്‍ സി ഗോവിന്ദമേനോന്‍ എഡിറ്റു ചെയ്ത് 1950‑ല്‍ ‘ബുള്ളറ്റില്‍ ഓഫ് ദ ഗവര്‍മെന്റ് ഓറിയന്റല്‍ മാനുസ്‌ക്രിപ്റ്റ് ലൈബ്രറി’, മദ്രാസ്
പ്രസിദ്ധീകരിച്ചതാണ്. കൃഷിഗീതയ്ക്ക് ഒന്നിലധികം പാഠഭേദങ്ങളുണ്ട്. ഏതൊരു നാടോടി വാങ്മയത്തെപ്പോലെയും കൃഷിഗീതയും ഒരു കൂട്ടായ്മയുടെ സൃഷ്ടിയാണ്. കെട്ടുമുറയനുസരിച്ച് ഭേദപാഠങ്ങളുണ്ടാകുന്ന ഞാറ്റുപ്പാട്ടുകേെളപ്പോലെ തന്നെയാണ് കൃഷിഗീതയുടെയും രൂപപരിണാമം. കൃഷിയറിവുകള്‍ പല നാടുകളില്‍ നിന്നായി ശേഖരിക്കുകയും തുടര്‍ന്ന് പഴഞ്ചൊല്ല് രൂപത്തിലാക്കിയ ശേഷം പാട്ടുമൊഴിയാക്കി ക്രോഡീകരിച്ച് സംസ്‌കാരപ്രക്രിയയില്‍ കേള്‍വിയായി നിലനിര്‍ത്തുകയും ചെയ്യുന്ന രചനാശില്പമാണ് കൃഷിഗീതയില്‍ സ്വീകരിച്ചിരിക്കുന്നത്.

 

കൃഷിഗീതയും സസ്യവിജ്ഞാനവും
ഉത്പാദനപരമായ സാമ്പത്തിക പ്രവര്‍ത്തനമാണ് കൃഷിയെന്ന ദര്‍ശനം കൃഷിഗീതയിലുണ്ട്. വിത്തുകള്‍, ഭൂപ്രകൃതി, കാലപ്രകൃതി, വിളവൈവിധ്യം, കളനിവാരണം, വളപ്രയോഗം, പണിയായുധങ്ങള്‍, ഉഴവുമാടുകള്‍, കൃഷിമുഹൂര്‍ത്തങ്ങള്‍, സര്‍വ്വോപരികൃഷിയിലധിഷ്ഠിതമായ ജീവിതൈശ്വര്യം എന്നിങ്ങനെ അനേകം അറിവുകളെപ്പറ്റി കൃഷിഗീതയില്‍ വിവരിക്കുന്നു. നൂറോളം നെല്‍വിത്തുകളെക്കുറിച്ചും അവയുടെ ഗുണദോഷങ്ങളെക്കുറിച്ചും അവ ഏതേതു ഭൂമികകളില്‍, കാലസ്ഥിതികളില്‍ എങ്ങനെയൊക്കെ കൃഷി ചെയ്യാമെന്നും ഇതില്‍ വിവരിക്കുന്നു. കൃഷിഗീതയുടെ ഒന്നാം പാദത്തില്‍ ഒട്ടനവധി സസ്യങ്ങളുടെ ബീജഭേദങ്ങള്‍ ദേശംതിരിച്ച് വിശദീകരിക്കുുണ്ട്. കൃഷിരീതികളെക്കുറിച്ചുള്ള ലഘുവിവരണത്തോടെ ആരംഭിക്കുന്ന രണ്ടാംപാദത്തില്‍ സമ്പദ് വ്യവസ്ഥയില്‍ കൃഷിക്കുള്ള പ്രാധാന്യത്തെപ്പറ്റി പറയുന്നു. മൂന്നാംപാദത്തില്‍ ഏതേതു നാളുകളില്‍ ഏതൊക്കെ രീതിയില്‍ വിത്തുകള്‍ കൃഷി ചെയ്യണമെന്ന് ചര്‍ച്ചയാണ്. ഓരോ വിളയ്ക്കും അനുയോജ്യമായ മണ്ണിനെക്കുറിച്ചും
പൊതുസവിശേഷതകളെക്കുറിച്ചും, വെള്ളത്തിന്റെ അളവ്, വിത്തിന്റെ ഉണക്ക്, ഞാറിന്റെ വളര്‍ച്ച, കൊയ്ത്തിന്റെ പാകം തുടങ്ങിയ കാര്യങ്ങളെല്ലാം
കൃഷിഗീതയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നാലാംപാദത്തില്‍ ജ്യോതിഷവിജ്ഞാനത്തെ കൃഷിയുമായി ബന്ധപ്പിച്ചവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

 

‘കോഴിവാളായാം വിത്തു വിതച്ചാലു-
മാഴിയൊരു വയലില്‍ വഴിപോലെ
പുഞ്ചവിത്തു ജലമാറുത്തൂഴിയില്‍
അഞ്ചാതെ മൂന്നുവട്ടം വിതച്ചിടാം
കുട്ടനാടന്‍ വിതച്ചാലൊരിടത്തു-
മെട്ടുമാസത്തിന്‍ മുമ്പു കതിര്‍ വരാ’.

എന്നീ വരികളില്‍ കേരളത്തിലെ കാര്‍ഷികവൃത്തി എപ്രകാരമായിരിക്കണമെന്ന്  വിശദമാക്കുന്നു. കോഴിവാളനെന്ന വിത്ത്, പുഞ്ചവിത്ത് എന്നിവ വിതയ്‌ക്കേണ്ട വയലിന്റെ സ്വഭാവം, കുട്ടനാടന്‍ എന്ന വിത്തു വിതച്ചാല്‍ വിളവെടുപ്പിനു വേണ്ട കാലം എന്നിവ സൂചിപ്പിക്കുന്ന ഈ വരികള്‍ തദ്ദേശീയമായ അറിവുകളെയാണ് പ്രകാശിപ്പിക്കുന്നത്. പ്രാദേശിക സംസ്‌കാരത്തിനും പ്രകൃതിക്കും ഇണങ്ങുന്ന ഓരോയിനം സസ്യങ്ങളെപ്പറ്റിയും നെല്ലുപോലുള്ളവയുടെ നൂറിലധികം വകഭേദങ്ങളെപ്പറ്റിയും ഈ കൃതി അറിവു നല്‍കുന്നു. കേരളത്തില്‍ നിലനിന്നിരുന്ന സസ്യജ്ഞാനവും കാര്‍ഷികവിജ്ഞാനവും എത്രത്തോളം ആഗാധമായിരുന്നു എന്നതിന്റെ തെളിവുകളാണ് ഇതിലെ ഓരോ പദ്യങ്ങളും.
പ്രായോഗികമായ വൈജ്ഞാനിക സമ്പത്താണ് കൃഷിഗീതയെ വേറിട്ടതാക്കുന്നത്. കേരളത്തിലെ സസ്യസമ്പത്തിനെ പറ്റി പരാമര്‍ശിക്കുന്ന ഹോര്‍ത്തൂസ്    മലബാറിക്കസില്‍ നിന്നും കൃഷിഗീത വേറിടുന്നതും ഇക്കാരണത്താലാണ്. പ്രാദേശികവും സമഗ്രവുമായ സസ്യ‑കാര്‍ഷിക അറിവുകള്‍ കേരളീയര്‍ക്ക് കൊളോണിയല്‍ അധിനിവേശകാലത്തിനു മുമ്പും ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് കൃഷിഗീത.
കൃഷിഗീതയിലെ കാലാവസ്ഥാവിജ്ഞാനവും മഴയറിവുകളും ഉത്പത്തി പുരാവൃത്തത്തിന്റെ പൊതുഘടനയ്ക്കുള്ളില്‍ അടക്കം ചെയ്ത മറ്റൊരു
മിത്തിന്റെ സഹായേത്താടെയാണ് കാലാവസ്ഥയുടെ സവിശേഷതകള്‍ ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നത്. തമിഴ്‌നാടില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ കാണുന്ന മഴയുടെയും അതിന്റെ സ്വഭാവത്തിന്റെയും സവിശേഷതകളാണ് വിശദീകരിക്കുന്നത്. ചേര‑ചോള‑പാണ്ഡ്യ രാജാക്കന്മാര്‍ തങ്ങളുടെ പ്രദേശങ്ങളില്‍ വൃഷ്ടിയുടെ വ്യവസ്ഥയില്ലായ്മകൊണ്ടുള്ള പ്രളയവറുതികള്‍ ഇല്ലാതാക്കുന്നതിന് ശിവനെ ധ്യാനിച്ച് വരം നേടുന്നു. നാല് മാസം വീതം ശിവന്‍ രാജാക്കന്മാര്‍ക്ക് മഴക്കാലമായി വരം നൽകുന്നു. മിഥുനം, കര്‍ക്കിടകം, കന്നി, ചിങ്ങം മാസങ്ങള്‍ ചേരനും, തുലാം, മകരം, വൃശ്ചികം, ധനു എന്നിവ ചോളനും മേടവും ഇടവും പാണ്ഡ്യനും നല്‍കുന്നു. അതിനോടൊപ്പം ചോതി ഞായര്‍ കാലത്തും തിരുവാതിര ഞായര്‍ കാലത്തും അഹോരാത്രം മഴയാകുമെന്ന് ചേരനും ചോളനും അരുള്‍ ചെയ്യുന്നു. ഇതാണ് കൃഷിഗീതയിലെ മഴ
ഉത്പത്തിയുമായി ബന്ധപ്പെട്ട പുരാവൃത്തം. കാലം നോക്കി കൃഷിചെയ്യണമെന്നത് കൃഷിതന്ത്രത്തിലെ പ്രധാന നിയമമാണ്.
വിവിധതരം കൃഷിരീതികള്‍ (ഉദാ-വിരിപ്പ്, പുഞ്ച) അനുയോജ്യമായ കാലാവസ്ഥ, ഞാറ്റുവേല എന്നിവയെക്കുറിച്ചുള്ള സവിശേഷവിവരണങ്ങള്‍ ഇതിലുണ്ട്.

‘ഉദാ-ഭരണിയാകും ഞാറ്റുനിലതില്‍
വിരിപ്പിന്നൊക്കെ ഞാറത് പാകണം’

തിരുവാതിര ഞാറ്റുവേലയ്ക്കും കുരുമുളക് കൃഷിക്കും തമ്മിലുള്ള വിശ്വപ്രസിദ്ധമായ ബന്ധത്തെക്കുറിച്ചുള്ള കൃഷിഗീതയിലെ ഈരടികള്‍
ഇപ്രകാരമാണ്.

തിരുവാതിര ഞാറ്റുനിലതി-
ലൊരുമ്പെട്ടു നടേണം മുളകുകള്‍’

മഴയെക്കുറിച്ചുള്ള കൃഷിഗീതയിലെ പരാമര്‍ശം ഇപ്രകാരമാണ്

‘തുലാംമാസംമുതല്‍ മകരത്തോളം
വീശും കാറ്റിനു ഗര്‍ഭമുണ്ടാം
മേടം മുതല്‍ കര്‍ക്കിടകമാസം തൊട്ട്
പ്രസവം മേഘത്തിനുടെ ഗര്‍ഭം
പ്രസവമതങ്ങു തികഞ്ഞാല്‍ വായു
വീശുന്നാളില്‍ ശേഷം മഴയും’

 

നൂറു യോജന നീളവും അറുപത് യോജന വിസ്താരവുമുള്ള ഒരു സാങ്കല്പിക പറയെ അടിസ്ഥാനമാക്കി ഓരോ വര്‍ഷവും 1,2,3,4 പറ വര്‍ഷം മാറി മാറി ഉണ്ടാകും എന്ന ഒരു നാട്ടു കണക്ക് കേരളത്തില്‍ നിലനിന്നിരുന്നു. വിഷുഫലം നോക്കിയാണ് ഇത് കണക്കാക്കിയിരുന്നത്. അതിന്റെ അളവു കോലുകള്‍ ഇപ്രകാരമാണ്. ഒരു പറ വര്‍ഷം-കുറവുസമൃദ്ധി രണ്ടു പറ വര്‍ഷം-വെള്ളത്തിന്റെ തള്ളല്‍ മൂന്നു പറവര്‍ഷം-സമൃദ്ധി നാല് പറവര്‍ഷം-ദാരിദ്ര്യങ്ങള്‍ ഇപ്രകാരം ഓരോ വര്‍ഷവും ഉണ്ടാകുന്ന മഴയുടെ അളവ് കൃഷിയെ ബാധിക്കുമെന്ന് മുന്‍കൂട്ടി അറിയുന്നതിനാല്‍ കര്‍ഷകന് സഹായകമാകും. ഇത്തരത്തില്‍ കാലവര്‍ഷം, തുലാവര്‍ഷം, ഇടമാരി എന്നിവയെക്കുറിച്ചും ഓരോ ഞാറ്റുവേലയിലെയും മഴ പ്രകൃതിയെയും പ്രാധാന്യത്തെയും വ്യക്തമാക്കുന്ന ദേശത്തെ ആദ്യകൃതിയാണ് കൃഷിഗീത. ഞാറ്റുവേലകള്‍ കൃഷിയെ ബാധിക്കുന്നതെങ്ങനെയെന്നും വേനലും മഴയും സംസ്‌കാരത്തെ നിര്‍ണയിക്കുന്നതെങ്ങനെയെന്നും ഈ കൃഷിപ്പാട്ടില്‍ വ്യക്തമാണ്. സൂര്യന്‍, നക്ഷത്രങ്ങള്‍, ചന്ദ്രന്‍, ഭൂമി എന്നിവയുടെ പ്രകൃതി നിയമ ചാക്രികതയില്‍ മനുഷ്യനും ഉര്‍വരതയും എങ്ങനെ പങ്കാളികളാകുന്നുവെന്നും കൃഷിഗീതയില്‍ വ്യക്തമാക്കുന്നുണ്ട്. കൃഷിഗീതയില്‍ വിവരിക്കുന്ന നാട്ടറിവുകള്‍ കര്‍ഷകര്‍ക്ക് മനഃപാഠമായിരുന്നു. അതുകൊണ്ട് തന്നെ പ്രകൃതി തങ്ങളെ ചതിക്കില്ലെന്ന ദൃഢമായ വിശ്വാസം കാത്തുസൂക്ഷിച്ച ഒരു പൂര്‍വികര്‍ ഇന്നാട്ടില്‍ അധിവസിച്ചിരുന്നു. കൃഷി ബിസിനസായി മാറുന്നതിന് മുമ്പ് സത്യസന്ധമായ മൂല്യങ്ങളുടെ
സംസ്‌കാരമായിരുന്നു എന്ന് അടയാളപ്പെടുത്തുന്ന കൃതിയാണ് കൃഷിഗീത. അധ്വാനവും കൂട്ടായ്മയും സംഗീതവും കലയുമെല്ലാം അത്തരമൊരു സംസ്‌കാരത്തിന്റെ ഭാഗമാണ്. കൃഷി യഥാര്‍ത്ഥത്തില്‍ വ്യത്യസ്തമായ ഒട്ടനവധി ഘടകങ്ങളുടെ ആരോഗ്യകരമായ കൂടിേച്ചരലുകളാണ്. അത് കൃഷിക്കാരനും പ്രകൃതിയും തമ്മിലും, കൃഷിക്കാരനും മണ്ണും തമ്മിലും, കൃഷിക്കാരനും ജീവജാലങ്ങളും തമ്മിലുള്ള കൂട്ടായ്മയാണ്. കൃഷിയെ സര്‍ഗ പ്രവര്‍ത്തന ത്തില്‍ സമ്മേളിപ്പിക്കുന്ന ഘടകം അനുഭവമാണ്. പ്രകൃതിക്കിണങ്ങി കൃഷി ചെയ്യുന്നതിന്റെ ദര്‍ശനം കൃഷിഗീതയില്‍ പ്രകടമാണ്. കൃഷിഗീതയില്‍ കാണുന്ന കാലാവസ്ഥക്കിണങ്ങുന്ന കാര്‍ഷികസമ്പ്രദായങ്ങളും ജൈവവൈവിധ്യങ്ങളുമെല്ലാം പടിപടിയായി
നശിക്കപ്പെട്ടതിന്റെ ചരിത്രമാണ് ഇന്ന് നമ്മുക്കുള്ളത്. നാട്ടറിവുകള്‍ തിരസ്‌കരിച്ചു കൊണ്ടുള്ള കൃഷി ചെയ്തതിന്റെ അനന്തരഫലമാണ് നാമിന്ന്
അനുഭവിക്കുന്ന പല രോഗങ്ങളും കാലംതെറ്റിയുള്ള കാലാവസ്ഥയും എന്ന് കൃഷിഗീതയുടെ വായന ഓര്‍മ്മിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.