1 March 2026, Sunday

Related news

March 1, 2026
February 28, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026

സ്വപ്നഭവനങ്ങളിലേക്ക്

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും 
Janayugom Webdesk
കല്പറ്റ
March 1, 2026 8:04 am

അതിജീവനത്തിന്റെ ഒരു പുതുചരിത്രം ഇവിടെ ആരംഭിക്കുന്നു. തകർന്നുപോയ മണ്ണിൽ നിന്നും തളരാത്ത മനസുമായി വയനാട് വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ സർവസ്വവും നഷ്ടപ്പെട്ടവർക്കായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുങ്ങിയ മാതൃകാ ടൗൺഷിപ്പ് ഇന്ന് ജനതയ്ക്ക് സമർപ്പിക്കും. പതിനായിരങ്ങൾ സാക്ഷിയാകുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുനരധിവാസ പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യും.
സ്വന്തം വീടും പുരയിടവും മലവെള്ളപ്പാച്ചിൽ കൊണ്ടുപോയ 178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഇവിടെ പുതിയ ജീവിതം തുടങ്ങാനാവുക. വെറുമൊരു വീടല്ല, മറിച്ച് ഏഴ് സെന്റ് ഭൂമിയും ആധുനിക സൗകര്യങ്ങളുള്ള വീടും അടങ്ങുന്ന ഒരു പുതിയ ലോകമാണ് സർക്കാർ ഇവർക്കായി ഒരുക്കിയിരിക്കുന്നത്. ടൗൺഷിപ്പിലെ വീടുകൾക്കുള്ള നറുക്കെടുപ്പ് നേരത്തെ തന്നെ പൂർത്തിയായിരുന്നു. ഉടമസ്ഥാവകാശ രേഖകളും ഭൂമിയുടെ പട്ടയവും മുഖ്യമന്ത്രി ചടങ്ങിൽ കൈമാറും. നഷ്ടങ്ങളുടെ ഭാരംപേറുന്ന മനസുകൾക്ക് ഈ പുത്തൻ വീടുകൾ പ്രത്യാശയുടെ പ്രകാശമാകും.
ചടങ്ങില്‍ റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷനാകും. മന്ത്രിമാരായ ഒ ആർ കേളു, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ ബി ഗണേഷ്കുമാർ, കെ എൻ ബാലഗോപാൽ, പി എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, പ്രിയങ്ക ഗാന്ധി എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ടി സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ചീഫ് സെക്രട്ടറി എ ജയതിലക്, റവന്യു-ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, ടൗൺഷിപ്പ് പ്രോജക്ട് സ്പെഷ്യൽ ഓഫിസര്‍ എസ് സുഹാസ്, ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഡോ. ജെ ഒ അരുൺ, കല്പറ്റ നഗരസഭ ചെയർപേഴ്സൺ പി വിശ്വനാഥൻ, മറ്റ് തദ്ദേശ ജനപ്രതിനിധികൾ, ഗുണഭോക്താക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും. കെഎസ്എഫ്ഇ ഫണ്ട് വകയിരുത്തി നിർമ്മിക്കുന്ന കല്പറ്റ ജനറൽ ആശുപത്രിയുടെ അനക്സ് ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പരിപാടിയിൽ നിർവഹിക്കും.
44.33 കോടി രൂപ കോടതിയിൽ കെട്ടിവച്ച് 2025 ഏപ്രിൽ 11ന് സർക്കാർ ഏറ്റെടുത്ത കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4075 ഹെക്ടർ ഭൂമിയിൽ പ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ 410 വീടുകളാണ് നിർമ്മിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ 1662 പേരാണ് ഇനിയിവിടെ താമസിക്കുക. ടൗൺഷിപ്പില്‍ വീട് നിർമ്മിക്കുന്നതിനായി 299 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ദിവസേന 1500 ലേറെ തൊഴിലാളികള്‍ നിർമ്മാണരംഗത്ത് പ്രവർത്തിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.