10 December 2025, Wednesday

Related news

December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025
December 6, 2025
December 4, 2025
November 28, 2025
November 28, 2025

നാടിനായി ഒരുമിച്ച്

വയനാട് ഉരുള്‍പൊട്ടല്‍: അടിയന്തര 
കേന്ദ്രസഹായം ലഭ്യമാക്കണമെന്ന് പ്രമേയം
ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണം 
Janayugom Webdesk
തിരുവനന്തപുരം
October 14, 2024 10:54 pm

ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായി ദുരിതമനുഭവിക്കുന്ന മേപ്പാടിയിലെ ജനങ്ങള്‍ക്കുവേണ്ടി ഒരുമിച്ച് ശബ്ദമുയര്‍ത്തി കേരള നിയമസഭ. കേന്ദ്രം അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ വായ്പകൾ പൂർണമായും എഴുതിത്തള്ളണമെന്നും ഐകകണ്ഠ്യേന അംഗീകരിച്ച പ്രമേയത്തിലൂടെ സഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി സന്ദര്‍ശിച്ചപ്പോഴും പിന്നീടും നേരില്‍ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സഹായങ്ങളൊന്നും അനുവദിച്ചില്ലെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച പരിഗണന പോലും കേരളത്തിന് ലഭിച്ചില്ലെന്നത് ഖേദകരമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ജൂലൈ 30ന് മേപ്പാടി പഞ്ചായത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളെ ഗുരുതരമായി ബാധിച്ച ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിശദമാക്കി കേന്ദ്രത്തിന് മെമ്മോറാണ്ടം സംസ്ഥാനം സമർപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ ഉരുൾപൊട്ടലുകളുടെ ഗണത്തിലാണ് ദുരന്തം രേഖപ്പെടുത്തപ്പെട്ടത്. 

സമാനതകളില്ലാത്ത ദുരന്തത്തിനു ശേഷം പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനസഹായമാണ് കേന്ദ്രസർക്കാരിനു മുമ്പാകെ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതുവരെ അടിയന്തര സഹായം ഒന്നുംതന്നെ ലഭ്യമായില്ല. ദേശീയ ദുരന്തനിവാരണ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം അതിതീവ്ര ദുരന്തത്തിന്റെ (ഡിസാസ്റ്റർ ഓഫ് സിവിയർ നേച്ചർ) ഗണത്തിൽപ്പെടുന്നതാണ് മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടൽ. പ്രകൃതിദുരന്തം നേരിട്ട മറ്റു പല സംസ്ഥാനങ്ങൾക്കും നിവേദനം പോലും ഇല്ലാതെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. 

ദുരന്തബാധിതർ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്ത വായ്പകൾ എഴുതിത്തള്ളുന്ന കാര്യം ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി ഓഗസ്റ്റ് 19 ന് വിളിച്ചുകൂട്ടുകയും ചർച്ച ചെയ്യുകയുമുണ്ടായി. ഇക്കാര്യത്തിൽ കാലവിളംബം കൂടാതെ തുടർനടപടികൾ ഉണ്ടാകേണ്ടതുണ്ട്. ദേശീയ ദുരന്തനിവാരണ നിയമം, 2005ലെ 13-ാം വകുപ്പു പ്രകാരം ദേശീയ ദുരന്തനിവാരണ അതോറിട്ടിക്ക് തീവ്രദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ അധികാരമുണ്ട്. പ്രസ്തുത അധികാരം വിനിയോഗിക്കാൻ ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ ഇടപെടേണ്ടതുണ്ട്.
അടിയന്തര സഹായം ലഭ്യമാകുന്നതിൽ ഉണ്ടാകുന്ന കാലതാമസം ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ആയതിനാൽ സംസ്ഥാന സർക്കാർ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടതുപോലെ അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ദുരിതബാധിതരുടെ വായ്പകൾ പൂർണമായും എഴുതിത്തള്ളണമെന്നും മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. 

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.