15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 12, 2025
April 12, 2025
April 12, 2025
April 12, 2025
April 12, 2025
April 12, 2025
April 11, 2025
April 10, 2025
April 10, 2025

ഒന്നിച്ച് മണ്ണിലേക്ക്; പുത്തുമലയിൽ കൂട്ടസംസ്കാരം

ജോമോൻ ജോസഫ്
പുത്തുമല
August 5, 2024 8:10 pm

ഹൃദയം തകരുന്നതായിരുന്നു കാഴ്ച. ഒരു രാത്രി ഒഴുകിയെത്തിയ മണ്ണിലും വെള്ളത്തിലും ഒരുമിച്ച് ജീവൻപോയി തിരിച്ചറിയപ്പെടാതിരുന്നവർക്ക് പുത്തുമലയിലെ കൂട്ടക്കുഴിമാടങ്ങളിൽ ഒരുമിച്ചുതന്നെ നിത്യവിശ്രമം. ഇനിയവർ അക്കങ്ങളിൽ അറിയപ്പെടും. ശാസ്ത്രീയ പരിശോധനകളിലൂടെ തിരിച്ചറിഞ്ഞാൽ ഓരോ കുഴിമാടത്തിന് മുകളിലും അടയാളപ്പെടുത്തുന്ന അക്കങ്ങൾ മാഞ്ഞ് അവർക്ക് മേൽവിലാസം ലഭിക്കും. തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധന ഇപ്പോഴും തുടരുകയാണ്. ഇതിനായി 83 രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്നോടെ ആംബുലൻസുകളുടെ നീണ്ടനിര പുത്തുമലയിലെത്തിത്തുടങ്ങി. പുറത്തിറക്കിയ മൃതദേഹങ്ങൾ ഒന്നിനുപിറകേ മറ്റൊന്നായി കുഴിമാടങ്ങൾക്ക് സമീപമൊരുക്കിയ പന്തലിലെ മേശപ്പുറത്ത്. ഏത് മത‑ജാതിയെന്ന് മനസിലാകാതിരുന്ന മൃതദേഹങ്ങൾക്ക് സർവമത പ്രാർത്ഥനയായിരുന്നു അന്ത്യകർമ്മം. സന്ധ്യയോടെയെത്തിയ മഴ പ്രയാസപ്പെടുത്തിയെങ്കിലും ആരോഗ്യ — സന്നദ്ധപ്രവര്‍ത്തകര്‍ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.

ദിവസങ്ങളായി ഉറ്റവരാരെങ്കിലുമെത്തി തിരിച്ചറിയുന്നതിന് സൂക്ഷിച്ച മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ 30 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളുമാണ് ഇന്ന് സംസ്കരിച്ചത്. ഇതിൽ 14 സ്ത്രീകളുടെയും 13 പുരുഷൻമാരുടെയും മൃതദേഹങ്ങളാണുള്ളത്. സ്ത്രീയോ പുരുഷനോയെന്ന് വ്യക്തമല്ലാത്ത മൂന്ന് മൃതദേഹങ്ങളും ഇതോടൊപ്പം മറവ് ചെയ്തു. ഇന്ന് മാത്രം ആറ് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. വയനാട്ടിൽ അഞ്ചും നിലമ്പൂരിൽ ഒരു മൃതദേഹവുമാണ് ലഭിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 396 ആയി. ഔദ്യോഗികമായി മരണസംഖ്യ 226 ആണ്. ഇന്നും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്കൂൾ റോഡ്, ചൂരൽമല ടൗൺ, വില്ലേജ് പരിസരം, പുഴയുടെ അടിവാരം മേഖല എന്നിങ്ങനെ ആറ് സോണുകളിലായി കാണാതായവർക്കായി വ്യാപക തിരച്ചിലാണ് നടത്തിയത്. വയനാട്ടിൽ 150, നിലമ്പൂരിൽ 76 മൃതദേഹങ്ങളാണ് ഇതുവരെ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. വയനാട്ടിൽ 24, നിലമ്പൂരിൽ 157 ഉൾപ്പെടെ 181 ശരീരഭാഗങ്ങളും കണ്ടെടുത്തു. 

അതേസമയം, ദുരന്തത്തിൽ കാണാതായവർക്കായി സൂചിപ്പാറ മുതൽ പോത്തുകല്ലു വരെ ചാലിയാറിന്റെ ഇരുകരകളിലും നിലമ്പൂർ വരെയും നാളെ തിരച്ചിൽ ഊർജിതമാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ഇനിയും പരിശോധിക്കാത്ത മേഖലകളിൽ ഇന്ന് തിരച്ചിൽ നടത്തും. തിങ്കളാഴ്ച മൃതദേഹങ്ങൾ കണ്ടെത്തിയ പ്രദേശങ്ങളിലും വീണ്ടും തിരച്ചിൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു. തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് ഹാരിസൺ പ്ലാന്റേഷന്റെ 50 സെന്റ് സ്ഥലം കൂടി ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടർ ഏറ്റെടുക്കും. 158 ശരീരഭാഗങ്ങൾ കൂടി മറവ് ചെയ്യുന്നതിന് പുതുതായി ഏറ്റെടുത്ത അമ്പതു സെന്റ് ഭൂമി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. 

Eng­lish Sum­ma­ry: togeth­er to the soil; Mass cul­ture in Puthumala
You may also like this video

YouTube video player

TOP NEWS

April 15, 2025
April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.