5 December 2025, Friday

Related news

November 25, 2025
November 24, 2025
October 25, 2025
October 23, 2025
October 22, 2025
October 22, 2025
October 22, 2025
October 20, 2025
October 5, 2025
September 27, 2025

അത്‌ലറ്റിക്സ് മാമാങ്കത്തിന് ടോക്യോ ഉണരുന്നു; ജാവലിനില്‍ ചരിത്രത്തിലാദ്യമായി നാല് ഇന്ത്യന്‍ താരങ്ങള്‍

Janayugom Webdesk
ടോക്യോ
September 13, 2025 7:30 am

ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ടോക്യോയില്‍ തുടക്കമാകും. ജാവലിൻ ത്രോ താരം നീരജ് ചോപ്രയും ബ്രേക്ക്ഔട്ട് സ്പ്രിന്റർ അനിമേഷ് കുജുറും നയിക്കുന്ന 19 ഇന്ത്യൻ അത്‌ലറ്റുകളുടെ സംഘം മികച്ച പ്രകടനം നടത്താന്‍ ജപ്പാന്‍ മണ്ണില്‍ കാലുക്കുത്തി. ഇന്ത്യയുടെ അത്‌ലറ്റിക്‌സ് സംഘത്തിൽ 14 പുരുഷന്മാരും അഞ്ച് വനിതകളും ഉൾപ്പെടുന്നു. 15 ഇനങ്ങളിലായി ഇവര്‍ മത്സരിക്കും. ഗുൽവീർ സിങ്ങും പൂജയും രണ്ട് ഇനങ്ങളിൽ വീതം പങ്കെടുക്കും. അതേസമയം ജാവലിന്‍ ത്രോയില്‍ ഇത്തവണ ഇന്ത്യ മറ്റൊരു ചരിത്രനേട്ടം കുടി കുറിക്കും. ലോക ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലാദ്യമായി നാല് ഇന്ത്യക്കാർ അണിനിരക്കുന്ന മത്സരയിനമെന്ന നേട്ടം. നിലവിലെ ചാമ്പ്യൻ നീരജ് ചോപ്രയ്ക്കൊപ്പം രോഹിത് യാദവ്, സച്ചിൻ യാദവ്, യഷ്‍വീർ സിങ് എന്നിവരാണ് ടോക്യോയിൽ ജാവലിനുമായി മത്സരത്തിനിറങ്ങുന്നത്. 2021 മൾട്ടിപർപ്പസ് വേദിയിൽ 87.58 മീറ്റർ ദൂരത്തേക്ക് തന്റെ ജാവലിൻ എറിഞ്ഞുകൊണ്ട് നീരജ് ചോപ്ര ട്രാക്ക് ആന്റ് ഫീൽഡിൽ രാജ്യത്തിന്റെ ആദ്യത്തെ ഒളിമ്പിക് സ്വർണ മെഡൽ നേടിയിരുന്നു. രണ്ട് വർഷം മുമ്പ് ബുഡാപെസ്റ്റിൽ പുരുഷ ജാവലിൻ ത്രോയിൽ കിരീടം നേടിയ നീരജ് ചോപ്ര, ഇന്ത്യയിൽ നിന്നുള്ള ആദ്യ ലോക ചാമ്പ്യനായി ടോക്യോയില്‍ പ്രവേശിക്കും.

പരിക്കിൽ നിന്ന് തിരിച്ചുവന്നതിനുശേഷം ഈ സീസണിൽ അഞ്ച് മത്സരങ്ങളിൽ തോൽവിയറിയാതെ തിരിച്ചെത്തിയ മലയാളി ലോങ് ജമ്പ് താരം മുരളി ശ്രീശങ്കർ, ഏഷ്യൻ ഗെയിംസ് വനിതാ ജാവലിൻ ചാമ്പ്യൻ അന്നു റാണി എന്നിവരും ജപ്പാനിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ. ട്രിപ്പിൾ ജമ്പർമാരായ അബ്ദുള്ള അബൂബക്കർ, പ്രവീൺ ചിത്രവേൽ, സർവേഷ് കുഷാരെ, സ്റ്റീപ്പിൾ ചേസർ പരുൾ ചൗധരി, ഹർഡ്‌ലർ തേജസ് ഷിർസെ, ദീർഘദൂര ഓട്ടക്കാരൻ ഗുൽവീർ സിങ് എന്നിവരും പ്രതീക്ഷയാണ്. ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇതുവരെ മൂന്ന് മെഡലുകൾ മാത്രമേ ഇന്ത്യക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ളു. 2003ലെ പാരിസിൽ അഞ്ജു ബോബി ജോർജ് ലോങ്ജമ്പിൽ വെങ്കലം, 2022ലെ ഒറിഗോണിൽ നീരജ് ചോപ്ര ജാവലിൻ വെള്ളിയും ബുഡാപെസ്റ്റിൽ സ്വർണവും നേടി. അന്താരാഷ്ട്ര താരങ്ങളിൽ സ്വീഡിഷ് പോൾവാൾട്ട് താരം അർമാൻഡ് ഡുപ്ലാന്റിസ് ആണ് ശ്രദ്ധേയം. മോണ്ടോ 13 തവണ ലോക റെക്കോഡ് തിരുത്തിക്കുറിച്ച താരമാണ് ഡുപ്ലാന്റിസ്. 6.30 മീറ്റർ ദൂരം എന്ന സ്വന്തം റെക്കോഡ് തന്നെ തിരുത്തിക്കുറിക്കാനാകും ഡുപ്ലാന്റിസിന്റെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.