18 January 2026, Sunday

ടോള്‍ നിരക്കും കൂട്ടുന്നു; അഞ്ച് മുതൽ 10 ശതമാനം വരെ വര്‍ധിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
March 6, 2023 12:34 am

രാജ്യത്ത് ടോള്‍നിരക്കുകള്‍ ഉയര്‍ത്താന്‍ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ദേശീയ പാതകളിലൂടെയും എക്‌സ്പ്രസ് വേകളിലൂടെയുമുള്ള യാത്രയ്ക്ക് ഏപ്രിൽ ഒന്നുമുതൽ ചെലവേറും. ടോൾ നികുതിയില്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ വർധനയുണ്ടാകും.
കാറുകൾക്കും ചെറുവാഹനങ്ങൾക്കും അഞ്ച് ശതമാനം അധികമായി ഈടാക്കും, ഹെവി വാഹനങ്ങളുടെ ടോൾ നിരക്ക് 10 ശതമാനവും വർധിക്കും. ദേശീയ പാത ഫീസ് (നിരക്കുകളും ശേഖരണവും നിശ്ചയിക്കൽ) ചട്ടങ്ങൾ, 2008 പ്രകാരം എല്ലാ വര്‍ഷവും താരിഫ് പരിഷ്കരിക്കാറുണ്ട്. 2022ൽ ടോൾ നിരക്ക് 10 മുതൽ 15 ശതമാനം വരെ വർധിപ്പിച്ചിരുന്നു. 

പുതുക്കിയ ടോൾ നിരക്കുകൾക്കായുള്ള നിർദേശം മാർച്ച് 25നകം എൻഎച്ച്എഐയുടെ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റുകളില്‍ നിന്നും അയയ്ക്കും. റോഡ്, ഗതാഗത മന്ത്രാലയത്തിന്റെ അനുമതിക്ക് ശേഷം ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.
എക്സ്‌പ്രസ് വേകളില്‍ നിലവില്‍ കിലോമീറ്ററിന് 2.19 രൂപയാണ് ടോൾ ഈടാക്കുന്നത്, ഇത് 10 ശതമാനം ഉയരും. ഡൽഹി-മുംബൈ എക്സ്‌പ്രസ് വേയിൽ പ്രതിദിനം ഇരുപതിനായിരത്തോളം വാഹനങ്ങളാണ് ഓടുന്നത്. അടുത്ത ആറ് മാസത്തിനുള്ളിൽ എണ്ണം 50,000 മുതൽ 60,000 വരെ ഉയരാൻ സാധ്യതയുണ്ട്. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് സാധാരണയായി കുറഞ്ഞ നിരക്കിൽ നൽകുന്ന പ്രതിമാസ പാസിന്റെ നിരക്കിലും 10 ശതമാനം വർധന ഉണ്ടാകും.
2022 സാമ്പത്തിക വർഷത്തിൽ ദേശീയ പാതകളിൽ പിരിച്ചെടുത്ത ടോൾ 33,881.22 കോടി രൂപയാണ്. മുൻ വർഷത്തേക്കാള്‍ 21 ശതമാനം വര്‍ധനയുണ്ടായി. 2022 ൽ ദേശീയ, സംസ്ഥാന പാതകളിലെ ടോള്‍ പ്ലാസകളിൽ ഫാ‌സ്‌ടാഗ് വഴിയുള്ള മൊത്തം പിരിവ് 50,855 കോടി രൂപ അല്ലെങ്കിൽ പ്രതിദിനം ശരാശരി 139.32 കോടി രൂപയാണെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രണാതീതമായി തുടരുന്നതിനിടെ പുതിയ നിരക്ക് വര്‍ധനകൂടി നടപ്പാക്കുന്നത് സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞദിവസം പാചകവാതക ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 350.50 രൂപയും വര്‍ധിപ്പിച്ചിരുന്നു.

Eng­lish Sum­ma­ry: Toll rates are also increased; It will increase by 5 to 10 percent

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.