കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. ശസ്ത്രക്രിയ ചെയ്യേണ്ട ശരീരഭാഗം മാറിപ്പോയെന്നാണ് ആക്ഷേപം. കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയത്.
കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാലുവയസുകാരിക്കാണ് ശസ്ത്രക്രിയ മാറിചെയ്തത്. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കാന്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കയ്യിലെ ആറാംവിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായെത്തിയ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ മാപ്പ് പറഞ്ഞുവെന്നും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരൽ നീക്കം ചെയ്യുകയായിരുന്നു. കുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായിയെന്ന് പറഞ്ഞ് നഴ്‌സ് വാർഡിലേക്ക് കൊണ്ടുവന്നപ്പോള്‍ വായിൽ പഞ്ഞി തിരുകിയത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്.
കയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ നീക്കാന്‍ നിശ്ചയിച്ച ആറാം വിരൽ അതുപോലെ തന്നെയുണ്ടായിരുന്നു. കൈയ്ക്കാണ് ശസ്ത്രക്രിയ ചെയ്യാന്‍ എത്തിയതെന്ന് പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ടാണ് നഴ്സിന്റെ പ്രതികരണമുണ്ടായതെന്നും വീട്ടുകാർ ആരോപിച്ചു. പരാതിപ്പെട്ടപ്പോള്‍ വളരെ നിസാരമായാണ് ആശുപത്രി അധികൃതര്‍ സംഭവത്തെ കണ്ടതെന്നും വീട്ടുകാർ പറയുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ അധികൃതരിൽ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും വീട്ടുകാർ പറഞ്ഞു.
ചികിത്സാപ്പിഴവ് സംബന്ധിച്ച് പൊലീസിൽ പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കി. കുട്ടിക്ക് നാവിന് പ്രശ്നം ഉണ്ടായിരുന്നില്ലെന്ന് അച്ഛൻ പറഞ്ഞു. ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഈ ശാസ്ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പിതാവ് വ്യക്തമാക്കി.നേരത്തെയും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവ് പരാതികൾ ഉയർന്നിരുന്നു.
English Summary: Tongue surgery for a four-year-old girl who came to remove her sixth finger
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.