22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 13, 2024
December 9, 2024
December 9, 2024
December 5, 2024
November 27, 2024
November 22, 2024
November 16, 2024
November 14, 2024

ബെെഡനെതിരെ പ്രതിഷേധിച്ച് യുഎസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ രാജി

Janayugom Webdesk
വാഷിങ്ടണ്‍
May 30, 2024 10:32 pm

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തെ പിന്തുണയ്ക്കുന്ന ബെെഡന്റെ നയത്തില്‍ പ്രതിഷേധിച്ച് യുഎസില്‍ കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരുടെ രാജി. രണ്ട് ദശലക്ഷത്തിലധികം പലസ്തീനികള്‍ക്കുള്ള മാനുഷിക സഹായം ഇസ്രയേല്‍ തടസപ്പെടുത്തുന്നതില്‍ പ്രസിഡന്റ് ജോ ബെെ‍ഡന്‍ മൗനം പാലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിലെ (യുഎസ്എഐഡി) മുതിര്‍ന്ന ഉപദേഷ്ടാവ് അലക്സാണ്ടര്‍ സ്മിത്ത് രാജിവച്ചു. പലസ്തീനികളോടും വിവിധ രാജ്യങ്ങളിലെ മാനുഷിക പ്രതിസന്ധികളോടുമുള്ള യുഎസ്‍എസ്ഐഡിയുടെ സമീപനത്തില്‍ പൊരുത്തക്കേടുകളുണ്ടെന്ന് മേധാവി സാമന്ത പവറിന് അയച്ച രാജിക്കത്തില്‍ സ്മിത്ത് പറഞ്ഞു. പലസ്തീനികളെ മനുഷ്യരായി പരിഗണിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജോലി തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ അഭയാര്‍ത്ഥി, കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥന്‍ സ്റ്റേസി ഗില്‍ബെര്‍ട്ട് കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞിരുന്നു. ഗാസയിലേക്കുള്ള ഭക്ഷണമോ മറ്റ് സഹായങ്ങളോ ഇസ്രയേല്‍ തടയുന്നില്ലെന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ടിനു പിന്നാലെയായിരുന്നു ഗില്‍ബെര്‍ട്ടിന്റെ രാജി. ഗാസ യുദ്ധത്തിന്റെ ആദ്യ മാസങ്ങളില്‍ മാനുഷിക സഹായം ഇസ്രയേല്‍ അനുവദിച്ചിരുന്നില്ലെങ്കിലും പിന്നീട് സഹകരിച്ചുവെന്നായിരുന്നു കോണ്‍ഗ്രസിന് നല്‍കിയ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അവകാശപ്പെട്ടത്. റിപ്പോര്‍ട്ടിനെതിരെ ഗില്‍ബെര്‍ട്ട് കടുത്ത എതിര്‍പ്പുന്നയിച്ചിരുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന് ഗില്‍ബെര്‍ട്ട് സഹപ്രവര്‍ത്തകര്‍ക്കയച്ച ഇ മെയില്‍ സന്ദേശത്തില്‍ പറയുന്നു.
ഗാസ നയത്തിന്റെ പേരിൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റില്‍ നിന്ന് രാജിവച്ച മുന്‍ ഡയറക്ടർ ജോഷ് പോള്‍ ഗില്‍ബെര്‍ട്ടിനെ പിന്തുണച്ച് രംഗത്തെത്തി. ഗില്‍ബെര്‍ട്ടിന്റെ രാജി ബെെഡന്‍ ഭരണകൂടത്തിന്റെയും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെയും സമ്പൂർണ പരാജയത്തെ അടിവരയിടുന്നു. ഗാസയില്‍ എട്ട് മാസമായി തുടരുന്ന കൂട്ടക്കൊലയ്ക്ക് ബെെഡന്‍ ആയുധം നല്‍കി. ഇസ്രയേലിന് അവരുടെ പീഡനം തുടരാനും പലസ്തീനികളെ നാടുകടത്താനും യുഎസിന്റെ നയങ്ങള്‍ നയതന്ത്രപരമായ മറവ് നൽകിയെന്ന് ജോഷ് പോള്‍ പറഞ്ഞു. 

ഇസ്രയേല്‍ ഗാസയില്‍ ആക്രമണം ആരംഭിച്ച ശേഷം രാജിവച്ച യുഎസ് ഉദ്യോഗസ്ഥരുടെ എണ്ണം ഇതോടെ ഒമ്പതായി. പരസ്യപ്രഖ്യാപനം നടത്താതെ വിവിധ സ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചവര്‍ ഇതിലും കൂടുതലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണങ്ങള്‍ക്കുള്ള ബൈഡൻ ഭരണകൂടത്തിന്റെ പിന്തുണയില്‍ പ്രതിഷേധിച്ച് ആഭ്യന്തര വകുപ്പ് ചീഫ് ഓഫ് സ്റ്റാഫിന്റെ സ്‌പെഷ്യൽ അസിസ്റ്റന്റ് ലില്ലി ഗ്രീൻബെർഗ് കോളും രാജിവച്ചിരുന്നു. മാനുഷിക നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് യുഎസ് ഭരണകൂടത്തെ പ്രതിനിധീക്കരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് സ്ഥാനമൊഴിയുന്നതെന്നാണ് കോള്‍ രാജിക്കത്തില്‍ പറഞ്ഞത്. പ്രതിരോധ രഹസ്യന്വഷണ ഏജൻസി ഉദ്യോഗസ്ഥരും സെെനികരും യുഎസ് നയത്തിനെതിരെ രംഗത്തെത്തിയിരുന്നു. 

വംശഹത്യയിൽ പങ്കാളിയാകാൻ കഴിയില്ലെന്ന് പറഞ്ഞായിരുന്നു വാഷിങ്ടണിലെ ഇസ്രയേൽ എംബസിക്ക് മുന്നിൽ യുഎസ് എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ആരോൺ ബുഷ്‌നെൽ സ്വയം തീകൊളുത്തി മരിച്ചത്. റാഫയിലെ ആക്രമണത്തില്‍ എതിര്‍പ്പ് ശക്തമാകുമ്പോഴും ഇസ്രയേലിനെ ന്യായീകരിക്കുന്ന നിലപാടാണ് യുഎസിന്റെ ഭാഗത്തുനിന്നുണ്ടായത്. റാഫയിൽ ജനങ്ങൾ ചുട്ടെരിക്കപ്പെട്ടതിനെ അപലപിക്കുന്നെങ്കിലും ഇസ്രയേൽ ഇനിയും അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ നിശ്ചയിച്ച അതിർവരമ്പ്‌ താണ്ടിയിട്ടില്ലെന്നായിരുന്നു ദേശീയ സുരക്ഷാ കൗൺസിൽ വക്താവ്‌ ജോൺ കിർബിയുടെ പ്രതികരണം. ഇസ്രയേൽ പൂർണതോതിൽ കരയാക്രമണം ആരംഭിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ അമേരിക്കൻ നയം മാറ്റേണ്ട ആവശ്യമില്ലെന്നും കിർബി പറഞ്ഞു.

Eng­lish Summary:Top US offi­cials resign in protest against Biden
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.