ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് ടി20യിലും രോഹിത് ശര്‍മ്മ ഏകദിനത്തിലും ഇന്ത്യയെ നയിക്കും. രണ്ടു ഫോര്‍മാറ്റിലും ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍ മാത്രമെ ഇടം നേടിയുള്ളു. പ്രതീക്ഷിച്ചിരുന്നതുപോലെ ജസ്പ്രീത് ബുംറയ്ക്ക് ഇരു ഫോർമാറ്റുകളിലും വിശ്രമം അനുവദിച്ചു. വിരാട് കോലി ഏകദിന പരമ്പരയിൽ കളിക്കും. രോഹിത് ശർമ്മ വിരമിച്ച സാഹചര്യത്തിലാണ് ടി20 ടീമിന്റെ നായകനായി സൂര്യകുമാർ യാദവിന്റെ വരവ്. ഹാർദിക് പാണ്ഡ്യയുടെ പേരാണ് നായകസ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നതെങ്കിലും അവസാന നിമിഷത്തെ ‘ട്വിസ്റ്റി’ൽ സൂര്യ നായകനായി എത്തുകയായിരുന്നു. സൂര്യകുമാര്‍ മുമ്പ് ഏഴ് ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. അഞ്ചിലും ഇന്ത്യ വിജയിക്കുകയും ചെയ്തു.
ക്യാപ്റ്റനായിരുന്നപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തതിന്റെ കൂടെ അടിസ്ഥാനത്തിലാണ് സൂര്യകുമാറിനെ ക്യാപ്റ്റന്‍സിയിലേക്ക് തിരഞ്ഞെടുത്തത്. ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്ന ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമമനുവദിച്ചു. റിയാന്‍ പരാഗ് ഏകദിന, ടി20 ടീമുകളില്‍ ഇടം നേടിയതും ശ്രദ്ധേയമായി. സിംബാബ്‌വെക്കെതിരെ സെഞ്ചുറിയുമായി തിളങ്ങിയ അഭിഷേക് ശര്‍മ്മ, റുതുരാജ് ഗെയ്ക്‌വാദ് എന്നിവര്‍ക്കും ടി20 ടീമില്‍ ഇടമില്ല. ശ്രേയസ് അയ്യരെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചതാണ് മറ്റൊരു ശ്രദ്ധേയമാറ്റം. ഏകദിന ടീമില്‍ കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍. രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ടീമിലെത്തി. ഹാര്‍ദിക് പാണ്ഡ്യ ഏകദിന ടീമിലില്ല. ഇന്ത്യൻ പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീറിന്റെ ആദ്യ പരമ്പരയാണിത്. പരിശീലകൻ ഗൗതം ഗംഭീറിന്റെ പിന്തുണയും സൂര്യയുടെ നായകലബ്ധിക്ക് കാരണമായി.
ടി20 ടീം
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാള്‍, റിങ്കു സിങ്, റിയാൻ പരാഗ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, രവി ബിഷ്ണോയി, അർഷ്ദീപ് സിങ്, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ്
ഏകദിന ടീം
രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടൻ സുന്ദർ, അർഷ്ദീപ് സിങ്, റിയാൻ പരാഗ്, അക്സര്‍ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.
English summary ; Tour of Sri Lanka; Suryakumar will lead India
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.