30 September 2024, Monday
KSFE Galaxy Chits Banner 2

സ്ത്രീകള്‍ക്ക് വരുമാനമാര്‍ഗവുമായി വിനോദ സഞ്ചാര മേഖല

പി എസ് രശ്‌മി
തിരുവനന്തപുരം
April 10, 2023 9:47 am

വിനോദ സഞ്ചാര മേഖലയില്‍ സ്ത്രീ ശാക്തീകരണത്തിന് മുന്‍തൂക്കം നല്‍കി കൂടുതല്‍ പദ്ധതികളൊരുങ്ങുന്നു. ഈ മേഖലയില്‍ നിന്നും വരുമാനം ലഭിക്കുന്നതിന് സ്ത്രീകള്‍ക്കായി സ്വയംതൊഴില്‍ പരിശീലനം ഉള്‍പ്പടെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം മേഖലയില്‍ അനുവദിച്ച 660 ലക്ഷം രൂപയില്‍ 50 ശതമാനം തുക സ്ത്രീ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ക്കാണ്.

എത്തിനിക് ക്യുസിന്‍, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, ഹോംസ്റ്റേകള്‍, തുണിസഞ്ചി നിര്‍മ്മാണം തുടങ്ങി അനവധി മേഖകളില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. പരിശീലനം ലഭിച്ചവര്‍ക്ക് ആര്‍ടി മിഷനില്‍ രജിസ്റ്റര്‍ ചെയ്ത് സ്വയംതൊഴില്‍ ആരംഭിച്ച് വരുമാനം നേടാം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന യൂണിറ്റുകള്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനായി ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിലവില്‍ 23,786 വ്യക്തിഗത‌-ഗ്രൂപ്പ് യൂണിറ്റുകള്‍ ഉള്ളതില്‍ 16,660 യൂണിറ്റുകള്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതാണ്. തുണിബാഗ്, പേപ്പര്‍ ബാഗ്, കരകൗശല, കാര്‍ഷിക നിര്‍മ്മാണ യൂണിറ്റുകള്‍, കലാകാരന്‍മാര്‍, ഡ്രൈവര്‍മാര്‍, കമ്മ്യുണിറ്റി ടൂര്‍ സംഘാടകര്‍, ഫാം വിസിറ്റ് യൂണിറ്റുകള്‍, ഹോംസ്റ്റേകള്‍, ഫാം സ്റ്റേകള്‍, പാചക യൂണിറ്റുകള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ സ്ത്രീകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ 24,860 പേര്‍ നേരിട്ട് വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് വരുമാനമുണ്ടാക്കുവെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. 

സ്ത്രീകളുമായി ബന്ധപ്പെട്ട വിനോദ സഞ്ചാരത്തിന്റെ വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക സ്ത്രീസൗഹാര്‍ദ ടൂറിസം പദ്ധതിക്കും ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ തുടക്കമിട്ടിട്ടുണ്ട്. ഒന്നരലക്ഷത്തോളം സ്ത്രീകളെ ഉള്‍പ്പെടുത്തി സ്ത്രീ യാത്രികരും സ്ത്രീ സംരംഭകരും ചേര്‍ന്നുള്ള സ്ത്രീസൗഹാര്‍ദ വിനോദസഞ്ചാര ശൃംഖല രൂപപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആയിരത്തോളം സ്ത്രീകള്‍ ഇതിനോടകം തന്നെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇവരുടെ പരിശീലനവും പൂര്‍ത്തിയായി.
കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും ഈ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനും പടിപടിയായി സംസ്ഥാനത്തെ മുഴുവനായും സ്ത്രീ സൗഹാര്‍ദ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുമാണ് ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഓരോ ഗ്രാമത്തിലും കുറഞ്ഞത് 30 പേര്‍ വിവിധ തരത്തില്‍ ഈ ശൃംഖലയുടെ ഭാഗമാകുമെന്നാണ് കണക്കാക്കുന്നത്. 

Eng­lish Sum­ma­ry: Tourism sec­tor as a source of income for women

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.