കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 22 ഏക്കറോളം ഭൂമിയിൽ ടൗൺഷിപ്പ് വികസിപ്പിച്ച് വില്ല, അപാർട്ട്മെന്റ് യൂണിറ്റുകൾ വില്ക്കുന്ന ‘റിയലൈൻ പ്രോപർട്ടീസ്’ എന്ന പ്രൊമോട്ടർക്ക് അതോറിറ്റി ഒരു കോടി രൂപ പിഴ വിധിച്ചു. കോഴിക്കോട് പന്തീരാങ്കാവ് പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ ‘ലൈഫ് ലൈൻ ഗ്രീൻ സിറ്റി’ എന്ന പേരിൽ വില്ല, അപാർട്ട്മെന്റ് പദ്ധതികൾ സമൂഹമാധ്യമങ്ങളിലും പ്രൊമോട്ടറുടെ വെബ്സൈറ്റിലും വില്പനയ്ക്കായി പരസ്യപ്പെടുത്തി വരികയായിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ജൂലൈ മുപ്പത്തിയൊന്നിന് പ്രൊമോട്ടർക്ക് കെ-റെറ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. തുടർന്ന് ഓഗസ്റ്റ് 16ന് നടന്ന വാദങ്ങൾക്കു ശേഷമാണ് കെ-റെറ പ്രൊമോട്ടർക്ക് റെറ നിയമം സെക്ഷൻ 59(1) പ്രകാരം ഒരു കോടി രൂപ പിഴ വിധിച്ചത്. ഉത്തരവു കൈപ്പറ്റി മുപ്പതു ദിവസത്തിനകം പ്രസ്തുത പദ്ധതി റെറയിൽ രജിസ്റ്റർ ചെയ്യാനും അതോറിറ്റി വിധിച്ചു.
റെറ നിയമം ലംഘിച്ച് വികസന പ്രവൃത്തികൾ നടക്കുന്ന സാഹചര്യത്തിൽ, പെരുമണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഈ ടൗൺഷിപ്പിൽ നടക്കുന്ന എല്ലാവിധ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ട് സ്റ്റോപ്പ് മെമോ നൽകാനും കോഴിക്കോട് ജില്ല രജിസ്ട്രാറോട് പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന കരാർ, ആധാര രജിസ്ട്രേഷനുകൾ നിർത്തി വയ്പ്പിക്കാനും അതോറിറ്റി അഭ്യർഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.