17 March 2025, Monday
KSFE Galaxy Chits Banner 2

വിഷം തീറ്റുന്ന മരുന്ന് കച്ചവടം

ആർ അനിൽകുമാർ
ബികെഎംയു സംസ്ഥാന സെക്രട്ടറി 
February 6, 2025 4:27 am

കാർഷികമേഖല യന്ത്രവൽക്കരണത്തിലൂടെയും കളനാശിനി, കീടനാശിനി എന്നിവയുടെ അതിപ്രസരത്തിലൂടെയും കടന്നുപോകുമ്പോൾ ഇതിലൂടെയുള്ള ചൂഷണവും വർധിക്കുകയാണ്. യന്ത്രവൽക്കരണവും, വിഷമരുന്നുകളുടെ ഉപയോഗവും ക്രമാതീതമായി വർധിച്ചതോടുകൂടി കാർഷിക മേഖലയിൽ ഉണ്ടായ തൊഴിൽ ലഭ്യതക്കുറവ് ഈ മേഖലയിൽ നിലയുറപ്പിച്ച തൊഴിലാളികൾക്ക് പോലും ഭീഷണിയായി മാറി. കാർഷിക മേഖലയിലെ തൊഴിൽ എന്നത് അടിമത്തത്തിന്റെ ലക്ഷണമായി വരേണ്യവർഗവും സമൂഹവും കാണുന്നു എന്ന ചിന്ത പൊതുധാരയിൽ വളർന്നതോടെ ഈ തൊഴിലിനോടുള്ള പുതുതലമുറയുടെ വിരക്തിയും വളർന്നുതുടങ്ങി. ഇത് മനസിലാക്കാനോ യഥാവിധി പ്രതിവിധി കണ്ടെത്താനോ കഴിയാതെ വന്നതുമൂലം വൈറ്റ് കോളർ ജോലി തേടി പോകുന്ന ഒരു സമൂഹത്തെയാണ് നമ്മൾ വാർത്തെടുത്തിട്ടുള്ളത്. വിദേശത്ത് പോയി കാലികളെ മേയ്ക്കാനും കാർഷിക മേഖലയിലെ തൊഴിലുകൾ ചെയ്യാനും തയ്യാറാവുന്ന മലയാളികൾ എന്തുകൊണ്ട് ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള കാർഷിക മേഖലയോട് അകലം പാലിച്ചു എന്നത് പഠനവിധേയമാക്കേണ്ടതാണ്. മറ്റ് തൊഴിൽ രംഗത്തെ കൂലി വർധനവും അത്തരം തൊഴിലുകൾക്ക് കിട്ടിയ പൊതുസ്വീകാര്യതയും കാർഷികമേഖലയ്ക്ക് നൽകാൻ നമുക്ക് കഴിഞ്ഞില്ല എന്നതാണ് യഥാർത്ഥ്യം. ചാത്തൻ പൂട്ടാൻ പോകട്ടെ ചാക്കോ നാട് ഭരിക്കട്ടെ എന്ന മനോഭാവത്തിൽ നിന്നു മാറാൻ കഴിയാതെ വന്നതാണ് ഈ മേഖലയിലെ കിതപ്പിനും തളർച്ചയ്ക്കും വഴിമരുന്നിട്ടത്.
രാഷ്ട്രീയപരമായും ഭരണപരമായും കേരളം എടുത്ത നിലപാടുകളുടെ ഭാഗമായി സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം വച്ച് നടപ്പിലാക്കിയ സമ്പൂർണ ഭൂപരിഷ്കരണ നിയമം കേരളീയ പൊതു സമൂഹത്തിൽ വിപ്ലവകരമായ ചലനങ്ങൾ സൃഷ്ടിച്ചുവെങ്കിലും അതിന്റെ അലയൊലികൾ നിലനിർത്തിക്കൊണ്ട് കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനും ഭക്ഷ്യധാന്യങ്ങളുടെ സ്വയംപര്യാപ്തതയ്ക്കുമായി ഉപയുക്തമാക്കുന്ന വിധത്തിൽ പരിപോഷിപ്പിച്ചെടുക്കാൻ പില്‍ക്കാല ഭരണകൂടങ്ങൾക്ക് എത്രമാത്രം കഴിഞ്ഞു എന്ന് വിലയിരുത്താൻ ഒരു പാട് പഠനങ്ങളുടെ ആവശ്യമില്ല. കാർഷിക ഭൂവിസ്തൃതിയിൽ ഉണ്ടായ മാറ്റം മാത്രം പരിശോധിച്ചാൽ മതിയാകും. 

ജനസംഖ്യ വർധിച്ചുവരുന്ന നാട്ടിൽ ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനത്തിൽ കുറവുണ്ടാകുന്നത് വരാൻ പോകുന്ന പട്ടിണി മരണങ്ങളുടെ ദിശാസൂചകമായി മാത്രമേ കാണാൻ കഴിയൂ. നമ്മുടെ ആവശ്യത്തിനുള്ളതെല്ലാം ഇറക്കുമതി ചെയ്ത് സുഭിക്ഷമായി കഴിയാം എന്ന ചിന്ത ആർക്കെങ്കിലും ഉണ്ടെങ്കിൽ മുളയിലെ നുള്ളിക്കളയേണ്ടതാണ്. രാജ്യത്തിന്റെ മുൻ ആസൂത്രണ കമ്മിഷൻ ചെയർമാൻ മോണ്ടെ സിങ് അലുവാലിയ ഒരു വേള ഈ അഭിപ്രായം പങ്കുവച്ചത് നമ്മൾ കേട്ടതാണ്. കേരളത്തിന് ആവശ്യമുള്ള അരി അടക്കമുള്ള ഭക്ഷ്യധാന്യം കേന്ദ്രം നൽകും എന്നായിരുന്നു പ്രഖ്യാപനം. കേരളം വ്യവസായികമായി അഭിവൃദ്ധി പ്രാപിക്കണം എന്നാണ് ഉദ്ദേശിച്ചതെങ്കിലും അന്യന്റെ അടുക്കള കണ്ട് വിശപ്പടക്കാൻ ശ്രമിക്കുന്നതിന് തുല്യമാണിത്. കള പറിക്കാൻ തൊഴിലാളികളെ ഇറക്കി പണി എടുപ്പിച്ചാൽ വല്യ കൂലിച്ചെലവാകും എന്ന് വിലപിച്ചിരുന്ന കർഷകർ ഇന്ന് ദൈനംദിനം എന്നോണം വർധിച്ചു വരുന്ന കളനാശിനിയുടെ വിലവർധനവ് താങ്ങാനാകാതെ വിഷമസ്ഥിതിയിൽ അകപ്പെട്ടിരിക്കുകയാണ്. നെൽവയലുകൾക്ക് ഭീഷണിയാകുന്ന കൃമി കീടങ്ങളെ തുരത്താൻ ഉപയോഗിക്കുന്ന വിഷദ്രാവകങ്ങൾ മിത്ര കീടങ്ങളെ ഇല്ലാതാക്കുന്നതും കർഷകർ നേരിടുന്ന വെല്ലുവിളിയാണ്. കൃഷിയെ സമ്പൽസമൃദ്ധമാക്കാൻ വേണ്ടി ഉല്പാദിപ്പിക്കപ്പെടുന്ന മരുന്നുകളുടെ ഗുണദോഷ വശങ്ങളോ ഉല്പാദനച്ചെലവിന് അനുസരിച്ചുള്ള വില നിശ്ചയിക്കലോ ഇതിന്റെ ശരിയായ പരിശോധനകളോ യഥാവിധി നടക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്. എന്‍ഡോസൾഫാന്റെ ഇരകളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും കണ്ട് മനസിലാക്കിയ ഭരണകൂടസംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ മാരകമായ വിപത്തിനെ നമ്മൾ നേരിടേണ്ടിവരും. 

കൊയ്ത്ത് യന്ത്രത്തിന്റെ ലഭ്യതക്കുറവ് മറയാക്കി ലാഭക്കൊയ്ത്ത് നടത്തി കർഷകരെ ചൂഷണം ചെയ്യുന്ന ഒരു കൂട്ടരും, കളനാശിനിയും കീടനാശിനിയും യഥേഷ്ടം വിപണിയിൽ എത്തിച്ച് കൂണുപോലെ ഉയർന്നുവരുന്ന മരുന്ന് കച്ചവട സ്ഥാപനങ്ങളും, വിവിധ പേരുകളിൽ വേണ്ടത്ര പഠനങ്ങളോ ശാസ്ത്രീയ അപഗ്രഥനങ്ങളോ ഇല്ലാതെ ലാഭക്കൊതി പൂണ്ട കമ്പനികൾ ഇറക്കുന്ന മരുന്നുകളും ആശ്രയിക്കേണ്ടി വരുന്ന കർഷകൻ ഇതിന്റെ വിലയും ഗുണനിലവാരത്തകർച്ചയും മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ പേറി കാർഷികമേഖലയോട് വിടപറയേണ്ട അവസ്ഥയാണ്. അതോടൊപ്പം കുട്ടനാടൻ കാർഷിക മേഖലയിൽ വർധിച്ചു വരുന്ന കാൻസർ രോഗികളുടെ എണ്ണവും നമ്മളെ ഭയപ്പെടുത്തുന്നതാണ്. ഇതേക്കുറിച്ചൊക്കെ ശാസ്ത്രീയമായ പഠനവും ഗവേഷണവും സർക്കാർതല നടപടികളും ഉണ്ടായില്ലെങ്കിൽ വിഷമരുന്നുകളായി ഇവ മാറാൻ അധിക സമയം വേണ്ടിവരില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.