
പിശകുകളില്ലാത്ത വോട്ടർ പട്ടിക ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ 2025 ജൂലൈ 2 മുതൽ 17 വരെ രാജ്യവ്യാപകമായി ബൂത്ത് ലെവൽ ഓഫീസർമാർക്കായി പ്രത്യേക പരിശീലനം നടത്തുന്നു. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ മേൽനോട്ടത്തിൽ, എല്ലാ നിയമസഭാ മണ്ഡലങ്ങളിലുമായി ഏകദേശം 10.5 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർക്കാണ് പരിശീലനം നൽകുന്നത്. ഇവരുടെ പ്രധാന ഉത്തരവാദിത്തങ്ങളിൽപ്പെടുന്ന ഫീൽഡ് വെരിഫിക്കേഷൻ, യോഗ്യതയില്ലാത്ത എൻട്രികൾ തിരിച്ചറിയൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായുള്ള ഏകോപനം തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദേശങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഐ ഐ ഡി ഇ എം (ഇന്ത്യ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്‌മെൻ്റ്) പ്രാദേശിക ഭാഷയിൽ രൂപകൽപ്പന ചെയ്ത പവർപോയിന്റ് പ്രസൻ്റേഷനുകളുടെ സഹായത്തോടെയാണ് പരിശീലനം. ഇന്ന് തിരുവനന്തപുരത്തെ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്ന ഒരു പരിശീലന സെഷൻ കേരളത്തിൻ്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ സന്ദർശിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ബൂത്ത് ലെവൽ ഓഫീസർമാരുടെ സജീവമായ പങ്കാളിത്തം പരാതികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഓഫീസർമാരിൽ നിന്ന് സമാനമായ പ്രതിബദ്ധത തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.