
രാജ്യത്തെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ നിയമപരമായ നിർവചനത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ടുള്ള ഭേദഗതി ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര സാമൂഹ്യനീതി മന്ത്രി ഡോ. വിരേന്ദ്ര കുമാർ വെള്ളിയാഴ്ചയാണ് 2019ലെ ട്രാൻസ്‌ജെൻഡർ അവകാശ നിയമത്തിൽ ഭേദഗതികൾ നിർദ്ദേശിക്കുന്ന ബിൽ സഭയിൽ വെച്ചത്. പുതിയ ഭേദഗതി പ്രകാരം ജില്ലാ മെഡിക്കൽ ബോർഡിന്റെ ശുപാർശയോടെ ജില്ലാ മജിസ്‌ട്രേറ്റിന് മാത്രമേ ട്രാൻസ്‌ജെൻഡർ സ്വത്വം അംഗീകരിച്ച് സർട്ടിഫിക്കറ്റ് നൽകാൻ അധികാരമുണ്ടായിരിക്കുകയുള്ളൂ.
പുതിയ നിർവചനം: കിന്നർ, ഹിജ്ഡ, അരവാണി, ജോഗ്ത തുടങ്ങിയ സാമൂഹിക‑സാംസ്‌കാരിക ഐഡന്റിറ്റികളുള്ള വ്യക്തികൾക്കും ജന്മനായുള്ള ഹോർമോൺ വ്യതിയാനങ്ങളോ ലൈംഗിക സവിശേഷതകളോ ഉള്ളവർക്കും ട്രാൻസ്‌ജെൻഡർ പദവിക്ക് അർഹതയുണ്ടാകും. എന്നാൽ, സ്വയം ട്രാൻസ്‌ജെൻഡർ ആണെന്ന് അവകാശപ്പെട്ടാൽ മാത്രം ഇനിമുതൽ അംഗീകാരം ലഭിക്കില്ല. ലിംഗ വ്യക്തിത്വം സ്വയം തിരിച്ചറിയാനുള്ള അവകാശം അംഗീകരിച്ചിരുന്ന 2019‑ലെ നിയമത്തിലെ വ്യവസ്ഥ പുതിയ ബില്ലിൽ നീക്കം ചെയ്തു.
ഔദ്യോഗിക രേഖകളിലെ മാറ്റം: ട്രാൻസ്‌ജെൻഡർ സർട്ടിഫിക്കറ്റ് ലഭിക്കുന്ന വ്യക്തിക്ക് ജനന സർട്ടിഫിക്കറ്റിലെ ആദ്യ പേരും മറ്റ് ഔദ്യോഗിക രേഖകളും തങ്ങളുടെ പുതിയ സ്വത്വത്തിന് അനുസരിച്ച് മാറ്റാൻ നിയമപരമായി അവകാശമുണ്ടായിരിക്കും.
കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ: കുട്ടികളെയും വ്യക്തികളെയും തട്ടിക്കൊണ്ടുപോയി നിർബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയക്കോ അംഗഭംഗത്തിനോ ഇരയാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അതേസമയം, ട്രാൻസ്‌ജെൻഡറുകൾക്കെതിരായ പൊതുവായ കുറ്റകൃത്യങ്ങൾക്ക് പരമാവധി രണ്ട് വർഷം തടവ് ശിക്ഷ എന്നത് കരട് നിയമത്തിൽ നിലനിർത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.