18 May 2024, Saturday

Related news

May 17, 2024
May 16, 2024
May 15, 2024
May 13, 2024
May 9, 2024
May 9, 2024
May 6, 2024
May 3, 2024
May 1, 2024
April 26, 2024

സുതാര്യത വേണം: സുപ്രീം കോടതി; അഡാനി ക്രമക്കേട് അന്വേഷണത്തിന് സ്വതന്ത്ര സമിതി

റെജി കുര്യന്‍
ന്യൂഡല്‍ഹി
February 17, 2023 11:38 pm

അഡാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി. സമിതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ മുദ്രവച്ച കവറില്‍ നിര്‍ദേശിച്ച പേരുകള്‍ കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ഡിവാല എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
സാമ്പത്തിക രംഗത്തെ നിയന്ത്രണ ഏജന്‍സികള്‍ക്ക് തെറ്റുപറ്റിയെന്ന അനുമാനത്തില്‍ കേസ് തുടങ്ങാനാകില്ല എന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസ് കേസിന് തുടക്കം കുറിച്ചത്. വിഷയം പരിശോധിക്കാന്‍ വിദഗ്ധ സമിതി എന്ന നിര്‍ദേശം കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിക്കവെ ബെഞ്ച് മുന്നോട്ടു വച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും ഓഹരി വിപണിയിലെ നിയന്ത്രണ ഏജന്‍സിയായ സെബിയുടെയും നിലപാടും കോടതി ആരാഞ്ഞിരുന്നു. രാജ്യത്തെ പൗരന്മാരുടെ നിക്ഷേപത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തണം എന്ന പൊതുനിരീക്ഷണവും കോടതി നടത്തി.

വിദഗ്ധസമിതി എന്ന സുപ്രീം കോടതി അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലാണ് മുദ്രവച്ച കവറില്‍ കേന്ദ്രം സമിതിയിലേക്കുള്ള പേരുകള്‍ നല്‍കിയത്. എന്നാല്‍ കോടതി ഇത് തള്ളി. സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ നിന്നും ആരെയെങ്കിലും ഉള്‍പ്പെടുത്തിയാല്‍ അത് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയായി വ്യാഖ്യാനിക്കപ്പെടും. പൊതുജനങ്ങളുടെ പൂര്‍ണമായ വിശ്വാസം സമിതിക്ക് ഉണ്ടാകണം. സുതാര്യത നിലനിര്‍ത്താന്‍ സമിതിയില്‍ ഉള്‍പ്പെടുത്തേണ്ട വിദഗ്ധരെ കോടതി തന്നെ നിശ്ചയിക്കും. കോടതിയോട് ജനങ്ങള്‍ക്ക് വിശ്വാസമാണുള്ളതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമിതിയിലേക്ക് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ നിര്‍ദേശിച്ച പേരുകളും കോടതി നിരാകരിച്ചു.

ഹര്‍ജിക്കാര്‍ക്ക് തങ്ങള്‍ക്ക് മുന്നോട്ടു വയ്ക്കാനുള്ള വിഷയങ്ങള്‍ അക്കമിട്ട് വ്യക്തമാക്കാമെന്നും കോടതി ആവശ്യപ്പെട്ടു.
വിശാല്‍ തിവാരി സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ അന്വേഷിക്കാന്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപകനെതിരെ അന്വേഷണം വേണമെന്നാണ് എം എല്‍ ശര്‍മയുടെ ഹര്‍ജിയിലെ ആവശ്യം. ജയാ ഠാക്കൂറിന്റെ ഹര്‍ജിയില്‍ ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഡാനി കമ്പനികള്‍ക്കെതിരെ അന്വേഷണത്തിനൊപ്പം എസ്ബിഐയുടെയും എല്‍ഐസിയുടെയും അഡാനി കമ്പനികളിലെ നിക്ഷേപം സംബന്ധിച്ചും അന്വേഷണം ആവശ്യപ്പെടുന്നു. 

മോഡി ഉത്തരം പറയണം

ന്യൂഡല്‍ഹി: അഡാനി ഓഹരി വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മറുപടി പറയണമെന്ന് യുഎസ് ശതകോടീശ്വരന്‍ ജോര്‍ജ് സോറോസ്. വിഷയത്തില്‍ വിദേശ നിക്ഷേപകരോടും പാര്‍ലമെന്റിനോടും മോഡി ഉത്തരം പറയണമെന്ന് ജര്‍മ്മനിയിലെ മ്യൂണിചില്‍ നടന്ന സുരക്ഷാ കോണ്‍ഫറന്‍സിലായിരുന്നു സോറോസ് അഭിപ്രായപ്പെട്ടത്. മോഡി അടക്കമുള്ള വലതുപക്ഷ നേതാക്കളുടെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപകരിലൊരാളായ സോറോസ്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലും അഡാനി ഗ്രൂപ്പ് ഓഹരികള്‍ക്കെതിരായ ആരോപണങ്ങളിലും വിദേശ നിക്ഷേപകരുടെയും പാര്‍ലമെന്റിന്റെയും ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉത്തരം പറയേണ്ടതുണ്ട്. ഉറ്റ സഖ്യകക്ഷികളായിട്ടും അഡാനി വിഷയത്തിൽ മോഡി മൗനത്തിലാണ്. ഇന്ത്യന്‍ സര്‍ക്കാരിന് മേലുള്ള മോഡിയുടെ ശക്തമായ നിയന്ത്രണത്തെ അഡാനിയുടെ പരാജയം ദുര്‍ബലമാക്കുമെന്നും സോറോസ് പറഞ്ഞു. ഇന്ത്യയില്‍ ഭരണപരമായ മാറ്റങ്ങള്‍ ഇതിലൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും സോറോസ് വ്യക്തമാക്കി. 

അതേസമയം കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനക്കെതിരെ രംഗത്തെത്തിയതോടെ തുറന്ന ഏറ്റുമുട്ടലായി മാറി. സോറോസിന്റെ വിമര്‍ശനം ഇന്ത്യക്കെതിരായ ആക്രമണമാണെന്നും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തില്‍ കടന്നുകയറാനുള്ള വിദേശശക്തികളുടെ നീക്കത്തെ ഇന്ത്യക്കാര്‍ ചെറുക്കണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. അറിയപ്പെടുന്ന ‘സാമ്പത്തിക യുദ്ധക്കുറ്റവാളി‘യാണ് സോറോസെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ജോര്‍ജ് സോറോസിന്റെ പ്രസ്താവനയോട് അകലംപാലിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. സോറോസിനെ പോലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് ‍ജയറാം രമേശ് പറഞ്ഞു.

Eng­lish Sum­ma­ry: Trans­paren­cy Need­ed: Supreme Court; Inde­pen­dent Com­mit­tee to Probe Adani Irregularities

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.