ശുഭ്ര വസ്ത്രമണിഞ്ഞ് തലക്കെട്ടുകെട്ടി കൗമാര പ്രതിഭകൾ അറബനയിൽ താളമിട്ടതോടെ സദസ് നിശബ്ദമായി. സലാമും സ്വലാത്തും പ്രാരംഭ പ്രാർത്ഥനാ ഗീതവും കഴിഞ്ഞയുടൻ അറബനയിൽ മുട്ടി ആവേശച്ചുവടുകളിലേക്ക് കടന്നു. ബൈത്തിന്റെ ഈണത്തിനൊത്ത് മത്സരാർത്ഥികൾ ഓരോ ചുവടുകളുമായി ഉയർന്നതോടെ തലസ്ഥാന നഗരി മാപ്പിള കലയിൽ അലിഞ്ഞു ചേരുകയായിരുന്നു. കലോത്സവവേദിയിൽ അറബനമുട്ടിൽ ആധിപത്യമുറപ്പിച്ച് കോഴിക്കോട് തിരുവങ്ങൂർ എച്ച്എസ്എസ് പതിവുപോലെ തലയുയർത്തി.
സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനും പൂർവ വിദ്യാർത്ഥി കൂടിയുമായ സുബൈർ കാപ്പാടിന്റെ പരിശീലനത്തിനെത്തിയ ടീം ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് സ്വന്തമാക്കി. 14 വർഷമായി സുബൈർ കാപ്പാടാണ് സ്കൂളിന്റെ പരിശീലകൻ. 28 വർഷത്തെ മത്സര പാരമ്പര്യമുണ്ട് തിരുവങ്ങൂർ സ്കൂളിന്. മത്സരയിനമായി അറബനമുട്ട് വേദിയിൽ അരങ്ങേറിയ കാലം മുതൽ ഇവർ അറബന മുട്ടി താളമിടുന്നു.
ഒന്നാം സ്ഥാനം പ്രാബല്യത്തിലുണ്ടായിരുന്ന കാലയളവിലെല്ലാം മുന്നിലെത്തിയതും തിരുവങ്ങൂർ സ്കൂളായിരുന്നു. ഇത്തവണയും പതിവ് തെറ്റിച്ചില്ല, മികച്ച പ്രകടനാനന്തരം എ ഗ്രേഡോടെ തന്നെ മടക്കം. സാഹിത്യനഗരിയിൽ നിന്ന് കലോത്സവ വേദി കീഴടക്കാനെത്തിയ ടീമംഗങ്ങളെല്ലാം പ്രൊഫഷണൽ അറബന കലാകാരൻമാരാണെന്ന പ്രത്യേകതയുമുണ്ടായിരുന്നു. മുസ്ലിങ്ങൾക്കിടയിൽ അനുഷ്ഠാനമായും വിശേഷദിവസങ്ങളിലും അവതരിപ്പിക്കാറുള്ള അറബന മുട്ട് കാലാന്തരത്തിൽ കലോത്സവ വേദിയിലെ തിളങ്ങുന്ന മത്സരയിനമായി മാറുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.