23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

മിസോറാമില്‍ ത്രികോണ മത്സരം; അതീവ സുരക്ഷയില്‍ ഛത്തീസ്ഢും

Janayugom Webdesk
ഐസ്വാള്‍ / റായ്‌പൂര്‍
November 7, 2023 9:04 am

ഇന്ന് പോളിങ് ബൂത്തിലെത്തുന്ന മിസോറാമില്‍ ഇത്തവണ ത്രികോണ മത്സരം. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനകളിലുള്‍പ്പെടെ പ്രചാരണം സജീവമായിരുന്നു. മ്യാൻമറിലും മണിപ്പൂരിലുമുള്ള മിസോ അനുകൂല നിലപാട് വോട്ടായി മാറുമെന്നും ഭരണം തിരിച്ചുപിടിക്കാമെന്നുമുള്ള വിശ്വസത്തിലാണ് മിസോ നാഷണല്‍ ഫ്രണ്ട്(എംഎൻഎഫ്). അതേസമയം മാറ്റത്തിനായും അഴിമതി രഹിത ഭരണത്തിനായും വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് താരതമ്യേന പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ സോറം പീപ്പിള്‍സ് പാര്‍ട്ടി പ്രചാരണം നടത്തുന്നത്. 2018ലാണ് കോണ്‍ഗ്രസിനെ പുറത്താക്കി എംഎൻഎഫ് അധികാരം പിടിച്ചെടുക്കുന്നത്. ഈ വര്‍ഷവും ഇത് ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

എംഎൻഎഫ്, പ്രതിപക്ഷമായ സോറം പീപ്പിള്‍സ് പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവര്‍ മുഴുവൻ സീറ്റുകളിലും മത്സരിക്കുമ്പോള്‍ ബിജെപി 23 സീറ്റുകളില്‍ മാത്രമാണ് മത്സരിക്കുന്നത്. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നും തങ്ങളുടെ പിന്തുണയോടെയാകും ഭരണം സാധ്യമാകുക എന്നും ബിജെപി അവകാശപ്പെടുന്നു. എന്നാല്‍ 87 ശതമാനം ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മിസോറാമില്‍ ബിജെപി പ്രതീക്ഷ വയ്ക്കേണ്ട കാര്യമില്ലെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മിസോ നാഷണല്‍ ഫ്രണ്ടും സോറം പീപ്പിള്‍സ് പാര്‍ട്ടിയും തമ്മിലുള്ള ഇഞ്ചോടിഞ്ച് മത്സരമാകും നടക്കുക എന്ന് മിസോറാം സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയൻസ് പ്രൊഫസര്‍ ജെ ഡൗങ്കല്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി സോറംതംഗയുടെ എംഎൻഎഫ്, ബിജെപിയുടെ നേതൃത്വത്തിലുള്ള നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ (എൻഇഡിഎ) ഭാഗവും കേന്ദ്രത്തിൽ എൻഡിഎ സഖ്യകക്ഷിയുമാണ്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളെ തെരഞ്ഞെടുക്കുന്ന ആദ്യ വടക്കു കിഴക്കൻ സംസ്ഥാനമാകും മിസോറാം എന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. ക്രിസ്ത്യൻ മിസോ വിഭാഗത്തിന് ബിജെപി വെല്ലുവിളി സൃഷ്ടിക്കുമെന്നും ബിജെപിയുടെ കടന്നുവരവിന് മറ്റു രണ്ടു പാര്‍ട്ടികളുടെ ജയം കാരണമാകുമെന്നും കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നു.
രാജസ്ഥാൻ, ഛത്തീസ്ഗഢ്, കര്‍ണാടക സംസ്ഥാനങ്ങളിലെപ്പോലെ നിരവധി വാഗ്‌ദാനങ്ങള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെയുള്ള 40 സീറ്റുകളിലേക്ക് 174 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 

ഛത്തീസ്ഗഢ് നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കുന്ന പശ്ചാത്തലത്തില്‍ ബസ്തര്‍ മേഖലയിലെ 600 നക്സല്‍ ബാധിത ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കി. 60,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്. 40,000 പേരെ സെന്‍ട്രല്‍ ആര്‍മ്ഡ് പൊലീസ് ഫോഴ്സ്(സിഎപിഎഫ്)ല്‍ നിന്നും 20,000 പേരെ സംസ്ഥാന പൊലീസില്‍ നിന്നുമാണ് വിന്യസിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ആന്റി നക്സല്‍ യൂണിറ്റായ കോബ്രയില്‍ നിന്നുള്ളവരെയും വനിതാ കമോന്റോകളെയും വിന്യസിച്ചിട്ടുണ്ട്. 

സുരക്ഷ മുൻനിര്‍ത്തി അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 149 പോളിങ് സ്റ്റേഷനുകള്‍ പൊലീസ് സ്റ്റേഷൻ, സുരക്ഷാ ക്യാമ്പ് എന്നിവയ്ക്ക് സമീപമാക്കിയിട്ടുണ്ട്. ഡ്രോണുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയുടെ സഹായവും തേടിയിട്ടുണ്ട്. ബോംബ് പരിശോധന സംഘം, ഡോഗ് സ്വാഡ് എന്നിവയേയും വിന്യസിച്ചിട്ടുണ്ട്. 

ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 20 നിയമസഭാ മണ്ഡലങ്ങളില്‍ 12 എണ്ണമാണ് ബസ്താര്‍ ഡിവിഷനിലുള്ളത്. അന്താഗഢ്, ഭാനു പ്രതാപ്‌പൂര്‍, കംകേര്‍, കേശ്കല്‍, കൊണ്ടാഗാവ്, നാരായണ്‍പൂര്‍, ദണ്ഡേവാഡ, ബിജാപൂര്‍, കോണ്ടാ സീറ്റുകളില്‍ രാവിലെ ഏഴ് മുതല്‍ മൂന്ന് വരെയാണ് വോട്ടെടുപ്പ്. ബസ്തര്‍, ജലന്ധ്പൂര്‍, ചിത്രകോട്ട് ജില്ലകളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പോളിങ്. സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് 17ന് നടക്കും.

Eng­lish Summary:Triangular rival­ry in Mizo­ram; Chhat­tis­garh under high security

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.