ബിജെപി ഓഫിസ് പണിയുന്നതിനായി ആദിവാസി കുടുംബത്തെ ബലമായി ഒഴിപ്പിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. ഗുണ ജില്ലയിലാണ് സംഭവം. 50 വര്‍ഷമായി താമസിച്ചുവന്നിരുന്ന കുടുംബത്തെ കുടിയിറക്കി ഭൂമി കയ്യേറുകയായിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങാൻ തയ്യാറാകാഞ്ഞ ലഖൻ സിങ്ങിനെയും കുടംബത്തെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് കയ്യേറ്റം ചെയ്തു.
ബിജെപിക്കായി സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയ ഭൂമിയാണെന്നും അതിനാലാണ് കുടുംബത്തെ ഒഴിപ്പിച്ചതെന്നുമായിരുന്നു ജില്ലാ കളക്ടറുടെ വിശദീകരണം. പാർട്ടി 1.5 കോടിയിലധികം രൂപയും 14 ലക്ഷം രൂപ രജിസ്ട്രേഷൻ ഫീസും നൽകിയതായും കളക്ടര്‍ പറഞ്ഞു. എന്നാല്‍ യാതൊരു മുന്നറിയിപ്പും കൂടാതെ എത്തിയ അധികാരികള്‍ തങ്ങളെ ബലമായി ഒഴിപ്പിക്കുകയും വീട് പൊളിച്ച് നീക്കുകയുമായിരുന്നെന്ന് കുടുംബം ആരോപിച്ചു. പകരം ഭൂമിയോ നഷ്ടപരിഹാരമോ നല്‍കാൻ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും കുടുംബം അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം തങ്ങള്‍ക്ക് അനുവദിച്ച ഭൂമിയാണെന്നും ഇതിന്റെ എല്ലാ രേഖകളും അധികാരികളെ കാണിച്ചിട്ടും ബലമായി കുടിയിറക്കുകയായിരുന്നുവെന്നും ലഖൻ സിങ്ങും കുടുംബവും വ്യക്തമാക്കി.
അതേസമയം പിടിച്ചെടുത്ത ഭൂമിയില്‍ “ബിജെപി ന്യൂഡൽഹി” എന്ന പേരിൽ രജിസ്റ്റർ ചെയ്യുകയും കെട്ടിടം പണിയാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. സംഭവത്തില്‍ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ് പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപി സര്‍ക്കാരിന്റെ കയ്യേറ്റ നടപടിയെ ചോദ്യം ചെയ്ത സിങ് കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.