21 November 2024, Thursday
KSFE Galaxy Chits Banner 2

നവതിയിലെത്തിയ എംടിക്കും മധുവിനും ആദരവ്

ശ്യാമ രാജീവ്
തിരുവനന്തപുരം
December 11, 2023 10:41 pm

നവതി നിറവിലുള്ള സംവിധായകന്‍ എം ടി വാസുദേവന്‍ നായര്‍ക്കും നടന്‍ മധുവിനും ചലച്ചിത്ര അക്കാദമി നല്‍കുന്ന ആദരവ് ആസ്വാദകശ്രദ്ധ നേടുന്നു. ഐഎഫ്എഫ്‌കെയുടെ ഭാഗമായി ടാഗോര്‍ തിയേറ്ററില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കൂടാരത്തില്‍ ഇരുവരുടെയും 90 വീതം അപൂര്‍വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓര്‍മ്മയുടെ നാലുകെട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ് എംടിയുടെ ചിത്രങ്ങള്‍. നിഴലാട്ടം, ഇരുട്ടിന്റെ ആത്മാവ്, ബന്ധനം, നിര്‍മ്മാല്യം , പെരുന്തച്ചന്‍, ഒരു വടക്കന്‍വീരഗാഥ, പഴശിരാജ തുടങ്ങി ചലച്ചിത്ര ആസ്വാദകരുടെ ഉള്ളുലച്ച എംടി സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ നിന്നും പകര്‍ത്തിയെടുത്ത ചിത്രങ്ങളാണ് കൂടുതലും.
തിരുവനന്തപുരം സ്വദേശിയായ മുതിര്‍ന്ന ഫിലിം ഫോട്ടോഗ്രാഫര്‍ ആര്‍ ഗോപാലകൃഷ്ണന്‍ പകര്‍ത്തിയതാണ് എല്ലാ ചിത്രങ്ങളും. ചലച്ചിത്ര അക്കാദമി ഈ ആദരവിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഗോപാലകൃഷ്ണനെ സമീപിച്ചു. തന്റെ പക്കലുള്ള ഫോട്ടോ ശേഖരത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവയാണ് പ്രദര്‍ശനത്തിനു വച്ചിരിക്കുന്നതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ബ്ലാക്ക് ആന്റ് വൈറ്റ് പടങ്ങളാണ് ഏറെയും. എന്നാല്‍ മധുവിന്റെതില്‍ ചിലത് വര്‍ണങ്ങളാണ്.

മുന്‍ മേളകളില്‍ മണ്‍മറഞ്ഞ കലാകാരന്മാര്‍ക്ക് ആദരവ് നല്‍കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ജീവിച്ചിരിക്കുന്ന പ്രതിഭകള്‍ക്ക് ആദരം നല്‍കുന്നത്. കഴിഞ്ഞ മേളയില്‍ നടന്‍ സത്യനായിരുന്നു ആദരവ് നല്‍കിയത്. നിണമണിഞ്ഞ കാല്‍പ്പാടുകള്‍ മുതല്‍ അവസാനം അഭിനയിച്ച റണ്‍ കല്യാണി വരെ ഉണ്ടെങ്കിലും ചെമ്മീനിലെ ഷീലയുമൊത്തുള്ള മധുവിന്റെ കളര്‍ പടമാണ് ആസ്വാദകരുടെ കണ്ണിലുടക്കുന്നത്. ഒഎന്‍വി കുറുപ്പുമായി അവസാനം കണ്ടുമുട്ടിയ ചിത്രവും കാണേണ്ടതു തന്നെ. ഒഎന്‍വിയുടെ മകന്‍ രാജീവ് ഒഎന്‍വിയാണ് ഈ ചിത്രം പ്രദര്‍ശനത്തിനായി നല്‍കിയത്.

ഇതിഹാസ ചലച്ചിത്രകാരന്‍ മൃണാള്‍സെന്നിനെ ആദരിക്കാനും ചലച്ചിത്ര മേള മറന്നില്ല. ടാഗോര്‍ തിയേറ്ററില്‍ അദ്ദേഹത്തിന്റെ നൂറ് അപൂര്‍വ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമിയുടെയും ആര്‍ ഗോപാലകൃഷ്ണന്റെയും സമാഹാരത്തില്‍ നിന്നുമാണ് ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്. സിനിമയെ സ്നേഹിക്കുകയും, അടുത്തറിയാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ ആദരവും പ്രദര്‍ശനവും പ്രത്യേക അനുഭൂതിയാണ് നല്‍കുന്നത്.

Eng­lish Summary:Tribute to MT and Mad­hu who reached Navati

You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.