
കാര്യം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പൊക്കെ തന്നെ. പ്രാദേശിക വിഷയങ്ങളാണ് എല്ലായ്പ്പോഴും ചർച്ചയാവുക. എന്നാൽ, പ്രാധാന്യം ഒട്ടും കുറയാത്ത വിഷയങ്ങളെല്ലാം തെരഞ്ഞെടുപ്പിൽ കാര്യമാകും. ഏറ്റവും പ്രായം കുറഞ്ഞ മേയറെ അധികാരത്തിലേറ്റിയ തിരുവനന്തപുരം കോർപറേഷനെപ്പോലെ തന്നെ സംസ്ഥാനമാകെ ശ്രദ്ധിക്കുന്നതാണ് തിരുവനന്തപുരം ജില്ലാപഞ്ചായത്തിലെ തെരഞ്ഞെടുപ്പും. കോർപറേഷനിലും ജില്ലാപഞ്ചായത്തിലും പഞ്ചായത്തിലുമൊക്കെ അടപടലം പൊളിഞ്ഞിരിക്കുന്ന കോൺഗ്രസിനും എല്ലാം കേന്ദ്രം തന്നു തന്നു എന്ന് പറയുന്ന ബിജെപിക്കും ഈ തെരഞ്ഞെടുപ്പിൽ കാര്യമായി ഒന്നും മുന്നോട്ടുവയ്ക്കാനില്ല. കേന്ദ്രം തരാതിരുന്നിട്ടും ഒന്നിനും മുടക്കം വരുത്താത്ത സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിനാകട്ടെ പറയാനുള്ളത് വികസനനേട്ടത്തിന്റെ എണ്ണിയാൽ തീരാത്ത വിജയഗാഥയും.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിൽ എൽഡിഎഫിന് തന്നെയാണ് ഉറച്ച മുൻതൂക്കം. 73 ഗ്രാമപഞ്ചായത്തും 11 ബ്ലോക്ക് പഞ്ചായത്തും നാല് മുനിസിപ്പാലിറ്റിയും കോർപറേഷനും ജില്ലാപഞ്ചായത്തും ഉൾപ്പെടുന്ന തലസ്ഥാനം 10 വർഷമായി എൽഡിഎഫിന്റെ കൈയിലാണ്. വെറും 10 സീറ്റ് മാത്രമുള്ള കോൺഗ്രസാണ് ഞങ്ങൾ കോർപറേഷൻ പിടിക്കും പിടിക്കും എന്നുപറഞ്ഞ് നാഴികയ്ക്ക് നാല്പതുവട്ടം വിളിച്ചുകൂവുന്നത്. അഞ്ച് കൊല്ലമായി കമാ എന്നൊരക്ഷരം മിണ്ടാനാവാതെ കോർപറേഷനിൽ വാ പൊത്തി ഇരിക്കുന്നവരാണ് ഗീർവാണം മുഴക്കുന്നതെന്ന് ഓർമ്മിക്കണം. മുഖ്യപ്രതിപക്ഷമായ ബിജെപിയെ ചെറുക്കാൻ കെല്പുള്ള അംഗങ്ങൾ പോലുമില്ലാത്തവർ എന്ത് ചെയ്യാനാണ്. യുഡിഎഫിന് ജില്ലയിലാകെ അടിത്തറ നഷ്ടപ്പെട്ടു . വികസന പ്രവർത്തനങ്ങളിൽ മുഖം തിരിഞ്ഞുനിൽക്കുന്ന അലസന്മാരുടെ സമീപനം ജനങ്ങളിൽ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്.
തലസ്ഥാന നഗരഭരണം പിടിക്കാൻ സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇറങ്ങിത്തിരിച്ച ബിജെപിയാകട്ടെ നേരിടുന്നത് കടുത്ത പ്രതിസന്ധികളാണ്. സംസ്ഥാനത്തെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന നേമം നിയമസഭാ മണ്ഡലത്തിലാണ് ആഭ്യന്തരപ്രശ്നങ്ങളേറെയും.
രണ്ടു മാസം മുൻപ് ബിജെപി കൗൺസിലറും നേതാവുമായ തിരുമല അനിലിന്റെ ആത്മഹത്യ പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. മണ്ണുമാഫിയയ്ക്ക് സീറ്റ് നൽകിയതിനെ തുടർന്ന് പിന്നീട് ആത്മഹത്യചെയ്ത ആര്‍എസ്എസ് ബിജെപി ആനന്ദ് കെ തമ്പിയെ അപമാനിച്ച് ബിജെപി നേതൃത്വം രംഗത്തിറങ്ങിയത് ബിജെപി പ്രവർത്തകരിൽ തന്നെ പ്രതിഷേധം ശക്തമാക്കി. അനിലിന്റെ മരണത്തിലേക്കു നയിച്ച കാരണങ്ങളിൽ ബിജെപിയിലെ വലിയൊരു വിഭാഗത്തിന് ശക്തമായ പ്രതിഷേധമുണ്ട്. എന്നാൽ, പരസ്യമായി ഇവർ രംഗത്തുവന്നിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
അനിൽ പ്രസിഡന്റായ ഫാം ടൂർ സഹകരണസംഘത്തിലെ വായ്പകൾ തിരിച്ചടയ്ക്കാത്തതും തുടർന്നുണ്ടായ സംഘത്തിന്റെ പ്രതിസന്ധിയുമായിരുന്നു അദ്ദേഹത്തിന്റെ മരണത്തിലേക്കു നയിച്ചത്. വായ്പയെടുത്തവര്‍ ബിജെപി നേതാക്കളും പ്രവർത്തകരുമായിരുന്നു. ഇതിൽ ഇടപെടണമെന്നാവശ്യപ്പെട്ട് അനിൽ ബിജെപി സംസ്ഥാനനേതാക്കളെ വരെ കണ്ടിരുന്നെങ്കിലും ആരും സഹായിച്ചില്ല. അനിൽ മരിച്ച വിഷയത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിലാക്കി മുൻ ബിജെപി വക്താവും ട്രാവൻകൂർ സഹകരണസംഘം പ്രസിഡന്റുമായ എംഎസ് കുമാറും രംഗത്തെത്തി. താൻ പ്രസിഡന്റായ സഹകരണസംഘത്തിൽനിന്നു വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത നേതാക്കളുടെ പേര് പുറത്തുവിടുമെന്നും എംഎസ് കുമാർ ഭീഷണി മുഴക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ആനന്ദിന്റെ മരണം. ആർഎസ്എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ ആനന്ദും ഈ ഭാഗത്ത് പൊതുസമ്മതനായിരുന്നു. തൃക്കണ്ണാപുരം വാർഡിൽ സ്ഥാനാർഥിയാക്കുമെന്ന് ആനന്ദ് പ്രതീക്ഷിച്ചിരുന്നു. ആനന്ദിന്റെ മരണക്കുറിപ്പിൽ മണ്ണുമാഫിയ സംഘങ്ങളുമായി നേതാക്കൾക്കുള്ള ബന്ധം ആനന്ദിന്റെ അവസാന കുറിപ്പിലുണ്ട്. മുടവൻമുഗൾ വാർഡിലെ സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് നേമം മണ്ഡലം സെക്രട്ടറി രാജ്കുമാറും രാജി വച്ചു. സ്ഥാനാർഥിത്വം ലഭിക്കാത്തതിന്റെ പേരിൽ ബിജെപി പ്രവർത്തക നെടുമങ്ങാട് സ്വദേശിനി ശാലിനി (32) ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് പനയ്ക്കോട്ടല വാർഡിൽ ശാലിനിയെ സ്ഥാനാര്‍ഥിയാക്കി മുഖം രക്ഷിക്കാനാണ് ഇപ്പോള്‍ ബിജെപി ശ്രമം.
2010ൽ ജില്ലാഭരണം യുഡിഎഫ് ആദ്യമായി പിടിച്ചെങ്കിലും 2015ൽ എൽഡിഎഫ് ശക്തമായി തിരിച്ചുവരികയായിരുന്നു. 2015ൽ ബിജെപിക്ക് ഒരു ഡിവിഷൻ കിട്ടിയെങ്കിലും 2020ൽ ആ ഡിവിഷനും ഇടത്തേക്ക് ചാഞ്ഞു. ഇത്തവണയും ജില്ല എൽഡിഎഫിനൊപ്പമായിരിക്കുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളത്. 73 ഗ്രാമപഞ്ചായത്തും 11 ബ്ലോക്ക് പഞ്ചായത്തും നാല് മുനിസിപ്പാലിറ്റിയും കോർപറേഷനും ജില്ലാപഞ്ചായത്തും ഉൾപ്പെടുന്ന ജില്ലയിലെ സാധ്യതകളെല്ലാം എൽഡിഎഫിന് അനുകൂലമാണെന്നതാണ് വസ്തുത.
നാടിന്റെ വികസനത്തിന് മുൻതൂക്കം നൽകി നടപ്പാക്കിയ വികസന പദ്ധതികളുടെ ആത്മവിശ്വാസവുമായാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനിറങ്ങുന്നത്. അഞ്ച് വർഷം മികച്ച രീതിയിൽ വികസന പ്രവർത്തനങ്ങൾ നടത്തി ജില്ലാപഞ്ചായത്ത് സംസ്ഥാനത്തിനാകെ മാതൃകയായിട്ടുണ്ട്. നാല് തവണ സംസ്ഥാനത്തെ മികച്ച ജില്ല പഞ്ചായത്തായും രണ്ട് തവണ ഇന്ത്യയിലെ മികച്ച ജില്ല പഞ്ചായത്തായും തിരുവനന്തപുരം തെരഞ്ഞെടുക്കപ്പെട്ടു. റോഡുകളുടെ വികസനം, പരമ്പരാഗത വ്യവസായങ്ങളുടെ വളർച്ച. സ്കൂളുകളുടെ ആധുനികവത്കരണം, സ്ത്രീ മുന്നേറ്റം, ആശുപത്രികളുടെ നവീകരണം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ കുതിച്ചുചാട്ടം എല്ലാം എൽഡിഎഫിന് അനുകൂലമാണ്.
2020ലെ കക്ഷിനില
ആകെ പഞ്ചായത്തുകൾ — 73
എൽഡിഎഫ് — 52
യുഡിഎഫ് — 18
എൻഡിഎ — 2
ഭരണപ്രതിസന്ധി — 1
തിരുവനന്തപുരം കോർപറേഷൻ (നിലവിലെ നില)
എൽഡിഎഫ് — 53
ബിജെപി — 34
യുഡിഎഫ്- 10
മറ്റുള്ളവർ — 3
ജില്ലാ പഞ്ചായത്ത് (നിലവിലെ നില)
ആകെ — 26 ഡിവിഷൻ
എൽഡിഎഫ് — 21
യുഡിഎഫ് — 5
മുനിസിപ്പാലിറ്റികൾ
ആകെ — 4
എൽഡിഎഫ് ‑4
യുഡിഎഫ് ‑0
ബ്ലോക്ക് പഞ്ചായത്തുകൾ
ആകെ — 11
എൽഡിഎഫ് — 10
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.