19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 3, 2024
May 30, 2024
May 31, 2023
April 23, 2023
April 18, 2023
January 25, 2023
September 29, 2022
August 19, 2022
August 18, 2022
April 27, 2022

സ്വര്‍ണക്കടത്തുകാര്‍ക്ക് കഷ്ടകാലം; കസ്റ്റംസിനെ വെട്ടിച്ചാലും പൊലീസിന്റെ പിടിയില്‍

ബേബി ആലുവ
കൊച്ചി
January 25, 2023 9:08 am

കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ചോ അല്ലാതെയോ പുറത്തു കൊണ്ടുവരുന്ന കള്ളക്കടത്ത് സ്വർണം പൊലീസ് പിടികൂടുന്ന സംഭവങ്ങൾ കൂടുന്നു. ഇത്തരത്തിൽ കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ടു മാത്രം പൊലീസ് പിടികൂടിയ 87-ാമത്തെ കേസായിരുന്നു, വസ്ത്രത്തിൽ തുന്നിപ്പിടിപ്പിച്ച ഒരു കോടി രൂപയുടെ സ്വർണവുമായി പരിശോധന മറികടന്ന് പുറത്തെത്തിയ കാസർകോട് സ്വദേശിനിയുടേത്. മലപ്പുറം പൊലിസ് മേധാവിക്ക് രഹസ്യ സന്ദേശം ലഭിച്ചതു കൊണ്ടു മാത്രമാണ് പൊലീസ് പരിശോധനക്കിറങ്ങിയതും 19കാരി പിടിയിലായതും. 67ലക്ഷം വിലവരുന്ന 1,275 ഗ്രാം സ്വർണം മിശ്രിത രൂപത്തിൽ കാപ്സ്യൂളുകളാക്കി ശരീരഭാഗങ്ങളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന വടകര സ്വദേശിയുടേത് ഈ മാസം കരിപ്പൂർ വിമാനത്താവളത്തിനു പുറത്തു വച്ച് പൊലീസ് പിടികൂടിയ അഞ്ചാമത്തെ കേസുമായിരുന്നു. 

അനധികൃത സ്വർണം കടത്തുന്നതിലും കസ്റ്റംസിനെ വെട്ടിക്കുന്നതിലും വിദഗ്ധയായ ബത്തേരി സ്വദേശിനി എട്ട് ലക്ഷം രൂപയുടെ സ്വർണവുമായി സ്ഥിരം മാർഗമുപയോഗിച്ചാണ് കഴിഞ്ഞ മാസം അവസാനവും കരിപ്പൂർ വിമാനത്താവളത്തിന് പുറത്തെത്തിയത്. പൊലീസ് പരിശോധനയിൽ പിടിവീണു. അടുത്ത നാളിലാണ്, 1,071 ഗ്രാം സ്വർണം ഗുളിക രൂപത്തിലാക്കി കണ്ണൂർ വിമാനത്താവളത്തിന് പുറത്തു കടന്ന, അബുദാബിയിൽ നിന്നെത്തിയ മംഗലാപുരം സ്വദേശിയെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം കസ്റ്റഡിയിലെടുത്തത്. 

ഒന്നരക്കിലോ സ്വർണവുമായി തലശേരിയിലെത്തിയ തൃശൂർ സ്വദേശി അവിടെ വച്ചും, സ്വർണവും എംഡിഎംഎയുമായി നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തു കടന്ന കുടുംബം അവിടെ വച്ചും പൊലീസ് പിടിയിലായ സംഭവങ്ങളുമുണ്ട്. ഓരോ ദിവസവും പിടിക്കപ്പെടുന്നതിന്റെ പലമടങ്ങ് വഴി മാറി പോകുന്നുണ്ടെന്നത് അധികൃതർ പോലും സമ്മതിക്കുന്ന കാര്യം. കസ്റ്റംസ്, എമിഗ്രേഷൻ, ഗ്രൗണ്ട് ഹാൻ‌ഡ്‌ലിങ് വിഭാഗങ്ങളുടെയും വിമാനക്കമ്പനി ജീവനക്കാരുടെയും സഹായവും സ്വർണക്കടത്ത് റാക്കറ്റിനുണ്ട്. കസ്റ്റംസ് മേധാവി തന്നെ കൂട്ടുപ്രതിയായ സംഭവവുമുണ്ട്. 

എയർ പോർട്ട് ജീവനക്കാരനായ വ്യക്തി ഒരു സ്വർണക്കടത്ത് ഇടപാടിൽ പ്രതിയായതിന്റെ മറപിടിച്ച്, പ്രതികളെ ചോദ്യം ചെയ്യാതെ കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിൽ റവന്യൂ ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റും ഒരിക്കൽ ഹൈക്കോടതിയുടെ നിശിത വിമർശനത്തിന് ഇരയായിരുന്നു. കരിപ്പൂരിൽ വിമാനത്താവളത്തിനു പുറത്തു വച്ച് സ്വർണം പിടിക്കുന്നതിൽ പൊലീസിന്റെ മികവ് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ, പൊലീസിന്റെ പ്രത്യേ­ക സംവിധാനം നെടുമ്പാശേരി അടക്കമുള്ള വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും സജ്ജമാക്കുമെന്നാണറിവ്. 

Eng­lish Summary:Troubled times for gold smug­glers; Even after bypass­ing the cus­toms, the police caught him

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.