
അമേരിക്കൻ രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിക്കുന്ന പുതിയ വിവാദങ്ങൾക്ക് കേന്ദ്രബിന്ദുവായിരിക്കുകയാണ് വാഷിങ്ടണ്‍ ഡിസിയിലെ നാഷണൽ മാൾ. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ലൈംഗിക അതിക്രമക്കേസുകളിൽ പ്രതിയായിരിക്കെ ജയിലിൽ മരിച്ച ജെഫ്രി എപ്സ്റ്റീനും ഒന്നിച്ചുള്ള വിചിത്രമായ ഒരു ശില്പമാണ് ഇപ്പോൾ അവിടെ ചർച്ചാവിഷയം. വിഖ്യാത സിനിമയായ ‘ടൈറ്റാനിക്കിലെ’ ജാക്കിനെയും റോസിനെയും ഓർമ്മിപ്പിക്കുന്ന പോസിലാണ് ഇരുവരെയും ശില്പത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ‘സീക്രട്ട് ഹാൻഡ്ഷേക്ക്’ എന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് അധികാര ഇടനാഴികളിലെ അവിശുദ്ധ കൂട്ടുകെട്ടുകളെ പരിഹസിക്കാനായി ഈ സൃഷ്ടി ഒരുക്കിയത്.
അതേസമയം, എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടുമെന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഇപ്പോൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിൽ ട്രംപിനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 1980-കളിൽ എപ്സ്റ്റീൻ വഴി ട്രംപിനെ പരിചയപ്പെട്ട ഒരു സ്ത്രീ, അദ്ദേഹം തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തൽ നടത്തി. എന്നാൽ ഈ ആരോപണങ്ങൾ വെറും കഥകളാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് പ്രതികരിച്ചു. രേഖകൾ പുറത്തുവിടാൻ വൈകിയതുമായി ബന്ധപ്പെട്ട് അറ്റോർണി ജനറൽ പാം ബോണ്ടിക്കെതിരെ യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലെ സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എപ്സ്റ്റീനുമായുള്ള ബന്ധം ട്രംപ് തള്ളിക്കളയുമ്പോഴും, നാഷണൽ മാളിൽ ഉയർന്നിരിക്കുന്ന ശില്പം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ അലയൊലികളാണ് സൃഷ്ടിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.