
വെനസ്വേലയുമായുള്ള യുദ്ധ സാധ്യത തള്ളാതെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എൻബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. വെനസ്വേലയില്‍ നിന്ന് വരുന്നതും പോകുന്നതുമായ എണ്ണ ടാങ്കറുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് മേല്‍ സെെനിക സമ്മര്‍ദം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ഇതിനകം 28 ബോട്ട് ആക്രമണങ്ങളാണ് വെനസ്വേലന്‍ തീരത്ത് യുഎസ് നടത്തിയത്. ഇതിൽ 100ലധികം പേർ കൊല്ലപ്പെട്ടു. അത്തരം പ്രവർത്തനങ്ങൾ യുദ്ധത്തിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ടോയെന്ന് ചോദ്യത്തിന് അത് തള്ളിക്കളയാനാവില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
വെനസ്വേലയില്‍ നിന്ന് വരുന്നതും അങ്ങോട്ടേക്ക് പോകുന്നതുമായ കൂടുതല്‍ എണ്ണ ടാങ്കറുകള്‍ പിടിച്ചെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മഡുറോയെ പുറത്താക്കുക എന്നതാണോ ആത്യന്തിക ലക്ഷ്യമെന്ന ചോദ്യത്തിന് ട്രംപ് മറുപടി നല്‍കിയില്ല. പക്ഷേ യുഎസിന്റെ ലക്ഷ്യം മഡുറോയ്ക്ക് കൃത്യമായി അറിയാമെന്ന് അദ്ദേഹം പറഞ്ഞു. വെനസ്വേലയുമായുള്ള യുദ്ധ സാധ്യത തള്ളിക്കളയുന്നില്ലെന്ന് ട്രംപ് അംഗീകരിച്ചത് മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. യുദ്ധങ്ങള്‍ അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനും വിരുദ്ധമാണ് ഈ നിലപാട്. മയക്കുമരുന്ന് കടത്തുന്ന ബോട്ടുകള്‍ക്ക് നേരെയാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്നും വെനസ്വേലയിലെ എണ്ണ വ്യാപാരത്തില്‍ നിന്നുള്ള വരുമാനം മയക്കുമരുന്ന ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതിനായി ഉപയോഗിക്കുന്നുവെന്നുമാണ് യുഎസ് ഭരണകൂടത്തിന്റെ ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.