6 December 2025, Saturday

കുടിയേറ്റ അജണ്ടയായ മാഗയില്‍ നിന്നും മലക്കം മറിഞ്ഞ് ട്രംപ്

Janayugom Webdesk
വാഷിംങ്ടണ്‍
November 12, 2025 11:24 am

കുടിയേറ്റ അജണ്ടയില്‍ മലക്കം മറിഞ്ഞ് യുഎസ് പ്രസി‍ഡന്റ് ഡൊണാള്‍ഡ് ട്രംപ്.അദ്ദേഹത്തിന്റെ സ്വന്തം അജണ്ടയായ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (മാഗ) നിന്നാണ് അദ്ദേഹം പിന്‍വലിഞ്ഞത്. അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ സാമ്പത്തികമായി ശക്തമായി നിലനിര്‍ത്തുന്നുവെന്ന് യുഎസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഫോക്‌സ് ന്യൂസിനോട് സംസാരിക്കവെയാണ് ട്രംപ് മാഗ അജണ്ടയെ എതിര്‍ത്തത്.

ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവുണ്ടാകുന്നത് അമേരിക്കയിലെ പകുതിയോളം കോളേജുകളെ അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്ന് അദ്ദേഹം വാദിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നമ്മുടെ രാജ്യത്തേക്ക് വരുന്ന പകുതിയോളം ആളുകളെ, പകുതിയോളം വിദ്യാര്‍ത്ഥികളെ ഒഴിവാക്കി നമ്മുടെ മുഴുവന്‍ സര്‍വ്വകലാശാല‑കോളജ് സംവിധാനത്തെയും നശിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ, ഇല്ലല്ലോ? എനിക്കും അത് ചെയ്യാന്‍ താല്‍പ്പര്യമില്ല. ട്രംപ് ഫോക്‌സ് ന്യൂസിനോട് അഭിപ്രായ്പപെട്ടു പുറത്തുനിന്നുള്ള രാജ്യങ്ങളുമായി ബന്ധം പുലര്‍ത്തുന്നത് നല്ലതാണെന്നാണ് ഞാന്‍ കരുതുന്നത്.ലോകവുമായി ഒത്തുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്തുകൊണ്ടാണ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രത്യേകിച്ച് ചൈനയില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാത്തതെന്ന ചോദ്യത്തിന്, അങ്ങനെ ചെയ്യുന്നത് അമേരിക്കന്‍ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും, ചരിത്രപരമായി കറുത്ത വര്‍ഗ്ഗക്കാര്‍ക്കായുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുമെന്നും ട്രംപ് പറഞ്ഞു.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിലും വിസ ചട്ടങ്ങള്‍ പാലിക്കുന്നതിലും ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് തുടങ്ങിയ അമേരിക്കയിലെ പ്രമുഖ സ്ഥാപനങ്ങളെയും ട്രംപിന്റെ സംഘം ലക്ഷ്യമിട്ടിരുന്നു. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ നിന്ന് തങ്ങളെ തടയാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തെ ഹാര്‍വാര്‍ഡ് സര്‍വകലാശാല ചോദ്യം ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന്, വിലക്ക് നടപ്പാക്കുന്നതില്‍ നിന്ന് ഒരു യുഎസ് കോടതി ഭരണകൂടത്തെ തടഞ്ഞെങ്കിലും, ആ തീരുമാനത്തിനെതിരെ യുഎസ് അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഈ വര്‍ഷം ആദ്യം, സ്റ്റുഡന്റ് വിസകള്‍ക്കുള്ള അഭിമുഖങ്ങള്‍ നിര്‍ത്തിവെക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ലോകമെമ്പാടുമുള്ള യുഎസ് എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പിന്നീട് ഭരണകൂടം ഇത് പുനരാരംഭിച്ചെങ്കിലും, അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ കൂടുതല്‍ കര്‍ശനമായ പരിശോധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.