19 January 2026, Monday

Related news

January 16, 2026
January 16, 2026
January 10, 2026
January 9, 2026
January 5, 2026
January 4, 2026
January 4, 2026
December 28, 2025
December 28, 2025
December 23, 2025

ഇന്ത്യയ്ക്കുമേലുള്ള താരിഫ് കുറയ്ക്കുമെന്ന് സൂചന നല്‍കി ട്രംപ്

Janayugom Webdesk
വാഷിങ്ടണ്‍
November 11, 2025 10:02 pm

ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ഉടന്‍ സാധ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏതെങ്കിലും ഒരു ഘട്ടത്തിൽ ഇന്ത്യയ്‌ക്ക് മേലുള്ള തീരുവ കുറയ്‌ക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചന നൽകി. ഇന്ത്യയിലെ യുഎസ്‌ അംബാസഡറായി സെർജിയോ ഗോർ സത്യപ്രതിജ്ഞ ചെയ്‌ത ചടങ്ങിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായി ഒരു പുതിയ കരാർ ഉണ്ടാക്കുകയാണ്. ഇത് മുമ്പുണ്ടായിരുന്നതില്‍ നിന്നും വളരെ വ്യത്യസ്തമാണ്. എല്ലാ രാജ്യങ്ങളുമായും നല്ല കരാറുകൾ ഉണ്ടാക്കാനാണ് ആഗ്രഹിക്കുന്നത്. കരാറിനെപ്പറ്റി ഇന്ത്യയുമായി നടത്തിയ ചർച്ചകൾ വളരെ മികച്ചതായിരുന്നു. യുഎസ്‌ അംബാസഡറായി ചുമതലയേറ്റ സെർജിയോ ചര്‍ച്ചകളുടെ പുരോഗതി വിലയിരുത്തുമെന്നും ട്രംപ് വ്യക്തമാക്കി.

ഇന്ത്യയുമായുള്ള വ്യാപാര കരാർ എത്രത്തോളം അടുത്താണെന്നും, ഇന്ത്യയിലെ താരിഫ് കുറയ്ക്കുന്നതിനെക്കുറിച്ച് പരിഗണിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും ട്രംപ് മറുപടി നൽകി. ഇപ്പോൾ റഷ്യൻ എണ്ണ കാരണം ഇന്ത്യയ്‌ക്ക് മേലുള്ള താരിഫ്‌ വളരെ ഉയർന്നതാണ്.

ആയതിനാൽ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ പോകുന്നു. ഈ സാഹചര്യത്തിൽ യുഎസ്‌ ഇന്ത്യയ്‌ക്ക് മേലുള്ള താരിഫ്‌ കുറയ്‌ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യ റഷ്യയുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കുമെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. ആദ്യമായി ഈ അവകാശവാദം ഉന്നയിച്ചപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയിൽ നിന്ന് ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അന്ന് ഇരു നേതാക്കളും തമ്മില്‍ ഫോണ്‍ സംഭാഷണം നടന്നുവെന്ന് വാര്‍ത്ത ഇന്ത്യ നിഷേധിച്ചു.

ഒക്ടോബർ 23 ന് യുഎസിലെയും ഇന്ത്യയിലേയും പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തിൽ മാർച്ച് മുതൽ ഇതുവരെ അഞ്ച് റൗണ്ട് ചർച്ചകൾ പൂർത്തിയായി. ഇരു രാജ്യങ്ങളുമായുള്ള ചർച്ചകളുടെ ഭാഗമായി ഫെബ്രുവരിയിൽ നിർദേശിക്കപ്പെട്ട ഉഭയകക്ഷി വ്യാപാര കരാർ, 2030 ആകുമ്പോഴേക്കും നിലവിലുള്ള 191 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 500 ബില്യൺ ഡോളറായി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യ‑യുഎസ് ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ വളരെ നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുവെന്ന് ഈ മാസം അഞ്ചിന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ സൂചിപ്പിച്ചിരുന്നു.

എന്നാൽ ഇതിന് പിന്നിൽ നിരവധി പ്രശ്‌നങ്ങൾ ഉണ്ടെന്നും ഇവ ശരിയായ രീതിയിൽ എത്തിക്കുന്നതിന് സമയം എടുക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. സമഗ്രമായ ഒരു ഉഭയകക്ഷി വ്യാപാര കരാറുമായി ബന്ധപ്പെട്ട് പീയൂഷ് ഗോയൽ സെപ്റ്റംബറിൽ ഉന്നതതല വ്യാപാര ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നു. സെപ്റ്റംബർ പകുതിയായപ്പോൾ ദക്ഷിണ, മധ്യേഷ്യയുടെ അസിസ്റ്റന്റ് യുഎസ് വ്യാപാര പ്രതിനിധി ബ്രണ്ടൻ ലിഞ്ചിന്റെ നേതൃത്വത്തിലും ന്യൂഡൽഹിയിൽ വച്ച് ചർച്ചകൾ നടത്തി. പരസ്‌പരം പ്രയോജനകരമായ ഒരു വ്യാപാര കരാറിനെ സംബന്ധിച്ചുള്ള നിഗമനത്തിലെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കാനും ചർച്ചയിൽ തീരുമാനമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.