
പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിധി നിരാശാജനകമെന്നും ബദൽ നിയമങ്ങളുപയോഗിച്ച് ഇറക്കുമതി തീരുവകൾ പുനഃസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. താരിഫിനെതിരെ വിധി പ്രസ്താവിച്ച ജഡ്ജിമാർക്കെതിരെയും അമേരിക്കൻ പ്രസിഡന്‍റ് രൂക്ഷ വിമർശനം ഉന്നയിച്ചു. ജഡ്ജിമാർ ഭരണഘടനയോട് അനുസരണയില്ലാത്തവരും, രാഷ്ട്രീയ കളിപ്പാവകളും, ദേശസ്‌നേഹമില്ലാത്തവരുമെന്നും ട്രംപ് വിമർശിച്ചു. ചില വിദേശ താല്പര്യങ്ങൾ അവരെ സ്വാധീനിച്ചിട്ടുണ്ടാവാമെന്നും ഗുരുതര ആരോപണം. തീരുവകൾ ചുമത്താൻ തനിക്ക് പരമാധികാരമെന്നും ട്രംപ് പ്രഖ്യാപിച്ചു. പിന്നാലെ, അഞ്ച് മാസത്തേക്ക് ആഗോളതലത്തിൽ 10 ശതമാനം അധിക തീരുവ ചുമത്തി. ഇതോടെ ഇന്ത്യയ്ക്ക് മേലുല്ള താരിഫ് 18 ശതമാനമായി. കോടതി വിധിക്ക് പിന്നാലെയാണ് പ്രഖ്യാപനം. വിവിധ രാജ്യങ്ങൾക്ക് പ്രതികാര നടപടിയുടെ ഭാഗമായി ട്രംപ് ചുമത്തിയ താരിഫുകളാണ് യുഎസ് സുപ്രീംകോടതി റദ്ദാക്കിയത്. വ്യാപകമായ രീതിയിൽ താരിഫുകൾ ഏർപ്പെടുത്തിയ ട്രംപ്, തന്റെ അധികാര പരിധി ലംഘിച്ചുവെന്ന് കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് വിധിയിൽ വ്യക്തമാക്കി. 6–3 ഭൂരിപക്ഷത്തിലാണ് ജഡ്ജിമാർ വിധി പ്രസ്താവിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.