21 January 2026, Wednesday

കോർപറേറ്റുകളെ പിടിച്ചുകെട്ടണം

Janayugom Webdesk
August 17, 2025 5:00 am

1942 ഓഗസ്റ്റ് എട്ടിന് തുടക്കം കുറിച്ച ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് 83 വർഷങ്ങൾ പൂർത്തിയാകുമ്പോൾ അതിന്റെ മുദ്രാവാക്യങ്ങൾക്ക് കൂടുതൽ പ്രസക്തിയേറിയിരിക്കുകയാണ്. നൂറ്റാണ്ടിലേറെ ഇന്ത്യ ഭരിച്ച ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരായ മുദ്രാവാക്യമായിരുന്നു അത്. എന്നാൽ രാജ്യം വിട്ടുപോകാൻ തീരുമാനിച്ചപ്പോഴേക്കും അവർ ഇന്ത്യയെ വെളുപ്പിച്ചു കഴിഞ്ഞിരുന്നു.

അതിന്റെ പുതിയ പതിപ്പായി അവതരിപ്പിക്കപ്പെട്ടതാകട്ടെ നവ കോളനീകരണ വ്യവസ്ഥയും. അത് പ്രത്യേക താല്പര്യങ്ങളെ പരിഗണിക്കുന്നവയുമായിരുന്നു. അതിന്റെ ഏറ്റവും പുതിയ രൂപമായാണ് യുഎസ് ഇപ്പോൾ ഉയർത്തിവിട്ടിരിക്കുന്ന തീരുവപ്രശ്നം. കഴിഞ്ഞ ഏപ്രിൽ 25ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതനുസരിച്ച് ഇന്ത്യൻ ഉല്പന്നങ്ങളുടെ താരിഫ് ഘടന 10% തീരുവ, 25% പരസ്പര തീരുവ കൂടാതെ ഓഗസ്റ്റ് ഏഴ് കഴിഞ്ഞ് 21 ദിവസം മുതൽ പ്രാബല്യത്തിൽ വരുന്ന 25% അധിക തീരുവ എന്ന നിലയിലായിരിക്കുന്നു. 30% താരിഫ് നേരിടുന്ന ചൈന, 20 ശതമാനമുള്ള വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയും ബ്രസീലും ഏറ്റവും ഉയർന്ന നിരക്കായ 50 ശതമാനത്തെയാണ് അഭിമുഖീകരിക്കുന്നത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ രാജ്യത്തെ അടിമകളാക്കുന്നതിനുള്ള കെട്ടുപാടുകൾ സൃഷ്ടിക്കുന്നതായിരുന്നു ഇത്. രാജ്യത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം അമേരിക്ക പുതിയതായി രൂപകല്പന ചെയ്ത സാമ്പത്തിക സാമ്രാജ്യത്വത്തിന്റെ നിഴലിലായിരിക്കുന്നു എന്നതിനാൽ ഈ ഓഗസ്റ്റിൽ ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം വീണ്ടും ഉയരുകയാണ്. പൂര്‍ണ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഭാഗമായുള്ള അവസാന ആഹ്വാനമാണ് 83 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1942 ഓഗസ്റ്റ് എട്ടിന് തുടങ്ങിയ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം. അത് സ്വാതന്ത്ര്യത്തിനായുള്ള ദേശീയ പ്രസ്ഥാനത്തിന്റെ അജണ്ടയായി പ്രതിഷ്ഠിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള രാജ്യത്തിന്റെ പോരാട്ടത്തെ അത് വഴിത്തിരിവിലെത്തിക്കുയും ചെയ്തു. ബ്രിട്ടീഷ് അധികാരികളുടെ അടിച്ചമർത്തലുകള്‍ക്കിടയിലും ഈ പ്രസ്ഥാനം വ്യാപക പൊതുജന പിന്തുണ നേടുകയും ജനകീയ പ്രതിഷേധങ്ങൾക്കും സമാന്തര സർക്കാരുകൾക്കും കാരണമാകുകയും ചെയ്തു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം സ്വാതന്ത്ര്യം എന്ന ആവശ്യം ശക്തമാക്കുകയും ഒടുവിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണം അവസാനിക്കുന്ന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്തതാണ്.

1947ൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം കുത്തക മുതലാളിത്തത്തെയും അതിൽ ഉൾച്ചേർന്നിരിക്കുന്ന ചൂഷണത്തെയും പ്രതിനിധീകരിക്കുന്ന വലതുപക്ഷത്തിന്റെ നിരന്തര സാന്നിധ്യം ഉണ്ടായിരുന്നിട്ടും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ക്രമേണ ലോകത്തിലെ ഏറ്റവും വലുതും സ്വതന്ത്രവുമായ സാമ്പത്തിക ശക്തികളിൽ ഒന്നായി. ഈ വളർച്ചയിൽ പൊതുമേഖലാ സ്ഥാപനങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിച്ചത്. ഇന്ത്യയുടെ വ്യവസായവൽക്കരണത്തിലും സാമ്പത്തിക സ്വാതന്ത്ര്യത്തിലും പൊതുമേഖലാ സ്ഥാപനങ്ങൾ മുന്നിൽ നിൽക്കുന്നു. വിവിധ മേഖലകളിലായി 400-ലധികം സംരംഭങ്ങളടങ്ങിയ ഈ മേഖല ജിഡിപി വളർച്ച, തൊഴിലവസരങ്ങൾ, വിദേശനാണ്യ വരുമാനം എന്നിവയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിവന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഈ കമ്പനികളിൽ എൻഡിഎ ഗവൺമെന്റിന്റെ വൻ കടന്നാക്രമണം ഉണ്ടാകുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യുതി, ബാങ്കിങ്, സാങ്കേതികവിദ്യ തുടങ്ങി നിർണായക മേഖലകളിലുള്ളത് ഇപ്പോഴും മുന്നിൽ തന്നെയാണ്. കൂടാതെ ഈ സംരംഭങ്ങളിലൂടെയുണ്ടായ തൊഴിൽ സൃഷ്ടി, ബഹുജനങ്ങൾക്ക് പ്രത്യേകിച്ച് ഗ്രാമീണ, പിന്നാക്ക പ്രദേശങ്ങളിൽ സാമൂഹിക‑സാമ്പത്തിക സ്ഥിരത നൽകുന്നതുമായി.


https://janayugomonline.com/the-soil-where-the-last-journalist-also-died/


എങ്കിലും അത്യധ്വാനത്തിലൂടെ നേടിയെടുത്ത രാജ്യത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം ഇപ്പോൾ അമേരിക്കയുടെ നേതൃത്വത്തിലുള്ള നവകൊളോണിയലിസത്തിന്റെ ഭീഷണി നേരിടുകയാണ്. ഇന്ത്യൻ ഉല്പന്നങ്ങൾക്ക് ഇതിനകം 25% തീരുവ ചുമത്തിയിരുന്ന യുഎസ്, ഇപ്പോൾ അത് ഇരട്ടിയാക്കാൻ തീരുമാനിച്ചിരിക്കുന്നു. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള അധിക ശിക്ഷയെന്നാണ് ഇതിനെ യുഎസ് വിശേഷിപ്പിക്കുന്നത്. ഫലത്തിൽ റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യാൻ തീരുമാനിക്കുന്നതിനുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനെതിരായ ഉപരോധത്തിൽ കുറഞ്ഞ ഒന്നല്ല ഈ നടപടി.

അമേരിക്കയുടെ ഈ നടപടികൾക്കെതിരെ ശക്തമായ നിലപാടെടുക്കുവാൻ നരേന്ദ്ര മോഡി സർക്കാർ ധൈര്യം കാണിക്കുമോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ റിഫൈനറികൾ ഇതിനകം തന്നെ റഷ്യൻ വ്യാപാരത്തിൽ നിന്ന് പിന്മാറിത്തുടങ്ങിയിരിക്കുന്നു. 50% പിഴത്തീരുവ ചുമത്തപ്പെട്ട്, ഇന്ത്യക്ക് സമാനമായ സാഹചര്യം നേരിടുന്ന ബ്രസീലിന്റെ പ്രസിഡന്റ് ലുല ഡ സിൽവ ട്രംപിന്റെ നവകൊളോണിയൽ അതിക്രമത്തെ വെല്ലുവിളിക്കുന്നതിന് ഒരു ഏകീകൃത മുന്നണി രൂപപ്പെടുത്തുന്നതിനായി ബ്രിക്സിന്റെ സംയുക്ത പ്രതികരണം പുറപ്പെടുവിക്കുന്നതിന് ശ്രമിക്കുകയാണ് ചെയ്തത്. ബ്രസീലിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണി ചൈനയാണ്. ചൈനയുമായുള്ള ഇടപാടിലൂടെ അവർക്ക് 49 ബില്യൺ ഡോളറിന്റെ വ്യാപാര മിച്ചമാണുള്ളത്. അതേസമയം ഇന്ത്യയാകട്ടെ, ബ്രസീൽ, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി പ്രതിവർഷം ഏകദേശം 32 ബില്യൺ ഡോളറിന്റെ ഇടപാട് മാത്രമേ നടത്തുന്നുള്ളൂ. അമേരിക്കയുമായിട്ടാകട്ടെ ഏകദേശം ഇതിന്റെ മൂന്നിരട്ടിയാണ്. ഇന്ത്യൻ ടെക്കികൾക്ക് ഓരോ വർഷവും പതിനായിരക്കണക്കിന് തൊഴിൽ വിസകൾ നൽകുന്നതിനു പുറമേയാണിത്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ സാമ്പത്തിക സ്വാതന്ത്ര്യം സംരക്ഷിക്കാൻ മോഡി സർക്കാർ ട്രംപുമായി ഏറ്റുമുട്ടുലിന് തയ്യാറാകുമോ, അതല്ല വ്യവസായി സുഹൃത്തുക്കളായ അഡാനിയും അംബാനിയുമുൾപ്പെടെ തന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന ഉന്നതരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ട്രംപിന് മുന്നിൽ മുട്ടുകുത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്.


https://janayugomonline.com/the-freedom-struggle-should-be-taken-back/


എൻഡിഎ ഭരണത്തിൻ കീഴിൽ ഇന്ത്യയുടെ സമ്പദ്ഘടന താഴേക്ക് പോകുകയാണ്. വിവിധ മേഖലകളിൽ തുടർച്ചയായ മാന്ദ്യം ഉണ്ടായിട്ടുണ്ട്. വിവിധ മേഖലകളിലെ പ്രധാന സൂചകങ്ങളെല്ലാം മാന്ദ്യമാണ് രേഖപ്പെടുത്തുന്നത്. തൊഴിൽ സാഹചര്യങ്ങളിലെയും ബാങ്ക് വായ്പാ വളർച്ചയിലെയും ഇടിവ്, കാർഷിക മേഖലയിലെ സ്തംഭനാവസ്ഥ, മിക്കവാറും എല്ലാ പ്രധാന വ്യവസായ മേഖലകളിലെയും കയറ്റുമതി വളർച്ചയിലെയും മാന്ദ്യം എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെയും കൃഷിയുടെയും പേരിൽ അഡാനി, അംബാനി തുടങ്ങിയ വൻകിട കോർപറേറ്റുകൾക്ക് നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള മോഡി സർക്കാരിന്റെ നയ തീരുമാനങ്ങൾ സൃഷ്ടിച്ച ഘടനാപരമായ ബലഹീനതകളാണ് ഇതിനുള്ള പ്രധാന കാരണം.


https://janayugomonline.com/janayugom-editorial-dont-embarrass-the-country/


ഈ ഇടിവുകൾ ഇന്ത്യക്കാരുടെ വാങ്ങൽ ശേഷിയെ നേരിട്ട് ബാധിക്കുന്നു. ജനസംഖ്യയിലെ വലിയ ഭാഗത്തിന്, അതായത് ഏകദേശം 90%, തങ്ങളുടെ ഇഷ്ടപ്രകാരമുള്ള സാധനങ്ങൾക്കും സേവനങ്ങൾക്കും വിനിയോഗിക്കുന്നതിന് ശേഷിയില്ലെന്നാണ് അടുത്തിടെ വന്ന ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വർധിച്ചുവരുന്ന തൊഴിലില്ലായ്മ, പണപ്പെരുപ്പം, ജീവിതച്ചെലവിലെ വർധന, വേതനക്കുറവ് തുടങ്ങിയ ഘടകങ്ങൾ കാരണം വാങ്ങൽ ശേഷിയിൽ കുറവുണ്ടാകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മധ്യവർഗത്തെയാണ് ഇത് പ്രത്യേകിച്ച് ബാധിക്കുന്നത്. ഒരിക്കൽ കൂടി പറയട്ടെ, എൻഡിഎ സർക്കാരിന്റെ നയപരമായ തീരുമാനങ്ങളാണ് ഇന്ത്യക്കാർക്ക് ഈ പ്രതിസന്ധി സൃഷ്ടിച്ചതിന് നേരിട്ടുള്ള ഉത്തരവാദിത്തം. മുൻകാലങ്ങളിൽ ഇന്ത്യയുടെ വിപണി, വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകമായിരുന്നു. ഇപ്പോഴത്തെ സർക്കാരിന്റെ നയഫലമായി ഇന്ത്യക്കാരുടെ വാങ്ങൽ ശേഷിയിൽ ഇടിവുണ്ടായതോടെ, ആ സാധ്യതകളും ഇല്ലാതായിരിക്കുന്നു. ഈയൊരു അനിശ്ചിതത്വമാണ് നാം നേരിടുന്നത്. നമ്മുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണിയെ നമുക്ക് നേരിടാൻ കഴിയുമോ അതല്ല വേഗത്തിൽ വിട്ടുവീഴ്ച ചെയ്യുകയാവുമോ ഉണ്ടാകാൻ പോകുന്നതെന്നാണ് ഉറ്റുനോക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.