
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ മേൽ സമ്മർദ്ദം ശക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലുള്ള ഉപരോധങ്ങൾ വിപുലമാക്കിയ ട്രംപ്, വെനസ്വേലൻ തീരമേഖലയിലെ കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന ഭീഷണിയും ആവർത്തിച്ചു. അതേസമയം കരീബിയൻ കടലിൽ കടൽക്കൊള്ളയുടെ പുതിയ യുഗത്തിനാണ് ട്രംപ് തുടക്കമിട്ടിരിക്കുന്നതെന്നായിരുന്നു മഡുറോയുടെ പ്രതികരണം. വെനസ്വേലൻ തീരത്ത് വെച്ച് ‘സ്കിപ്പർ’ എന്ന് പേരുള്ള എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതാണ് പുതിയ സംഘർഷത്തിന് വഴിതുറന്നത്. ദക്ഷിണ കരീബിയനിൽ വൻതോതിലുള്ള യുഎസ് സൈനിക വിന്യാസവും മഡുറോയെ പുറത്താക്കാനുള്ള ട്രംപിന്റെ ആഹ്വാനങ്ങളും തുടരുന്നതിനിടെയാണ് പുതിയ നടപടി.
കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ വെനസ്വേലൻ ഭരണകൂടത്തിനെതിരെ യുഎസ് കഴിഞ്ഞദിവസം കൂടുതല്‍ ഉപരോധങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. മഡുറോയുടെ ഭാര്യയായ സിലിയ ഫ്ലോറസിൻന്റെ മൂന്ന് അനന്തരവന്മാർക്ക് കൂടി ഉപരോധം ഏർപ്പെടുത്തി. കൂടാതെ, ആറ് ക്രൂഡ് ഓയിൽ സൂപ്പർ ടാങ്കറുകൾക്കും അവയുമായി ബന്ധപ്പെട്ട ഷിപ്പിങ് കമ്പനികൾക്കും യുഎസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതില്‍ നാല് ടാങ്കറുകൾ പനാമയുടെ പതാകയേന്തി ഓടുന്നവയാണ്. മറ്റ് രണ്ടെണ്ണം കുക്ക് ഐലൻഡ്‌സ്, ഹോങ്കോങ് എന്നിവയുടെ പതാകകളുള്ളവയാണ്. വെനസ്വേലയിൽ നിന്ന് കരമാർഗം യുഎസിലേക്ക് കടത്തുന്നതായി സംശയിക്കുന്ന മയക്കുമരുന്ന് ചരക്കുകൾക്ക് നേരെ ഉടൻ ആക്രമണം ആരംഭിക്കുമെന്നും ട്രംപ് വീണ്ടും ഭീഷണി മുഴക്കി, വെനസ്വേലയുടെ പരമാധികാരവും പ്രകൃതിവിഭവങ്ങളും ദേശീയ അന്തസ്സും പൂർണ നിശ്ചയദാർഢ്യത്തോടെ പ്രതിരോധിക്കുമെന്നായിരുന്നു യുഎസ് നടപടിയോട് നിക്കൊളാസ് മഡുറോയുടെ പ്രതികരണം. വിഷയത്തില്‍ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മഡുറോയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. പുതിയൊരു യുദ്ധം അടിച്ചേല്പിക്കുന്ന ട്രംപിന്റെ നടപടിക്കെതിരെ യുഎസില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം പിടിച്ചെടുത്ത എണ്ണ ടാങ്കര്‍ യുഎസിലെ ഒരു തുറമുഖത്തേക്ക് കൊണ്ടുപോകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് കപ്പലിലുള്ള എണ്ണ പിടിച്ചെടുക്കുമെന്നും ലീവിറ്റ് പറഞ്ഞു. വെനസ്വേലൻ തീരത്ത് നിന്ന് കൂടുതൽ എണ്ണ ടാങ്കറുകൾ പിടിച്ചെടുക്കാൻ യുഎസ് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ലോകശക്തികൾ ഉൾപ്പെടുന്ന പുതിയ സഖ്യം രൂപീകരിക്കാന്‍ നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. കോർ ഫൈവ് അഥവാ സി5 എന്ന പേരിൽ യുഎസ്, റഷ്യ, ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ലോകശക്തികളുടെ പുതിയ കൂട്ടായ്മയിലുണ്ടാവുക, നിലവിൽ യൂറോപ്പ് കേന്ദ്രീകൃതമായ ജി7, മറ്റ് പരമ്പരാഗത ഗ്രൂപ്പുകൾ എന്നിവയെ സി5 കടത്തിവെട്ടുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അടുത്തിടെ വൈറ്റ് ഹൗസ് തയ്യാറാക്കിയ ദേശീയ സുരക്ഷാതന്ത്രന്റെ പതിപ്പിലാണ് പുതിയ ശക്തിഗ്രൂപ്പിന്റെ ആശയം ഉയർന്നുവന്നതെന്ന് അമേരിക്കൻ പ്രസിദ്ധീകരണമായ പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ പ്രധാന സാമ്പത്തിക, സൈനിക ശക്തികളെ ഒരുമിച്ച് കൊണ്ടുവന്ന്, സുരക്ഷാപരവും സാമ്പത്തികപരവുമായ വെല്ലുവിളികളെ നേരിടാനും, ആഗോള വിഷയങ്ങളിൽ അമേരിക്കയുടെ സ്വാധീനം ഉറപ്പിക്കാനുമാണ് ട്രംപിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തൽ. ഇന്ത്യയും ചൈനയും ഉൾപ്പെടുന്നതോടെ, ഏഷ്യൻ മേഖലയുടെ പ്രാതിനിധ്യം ശക്തമാവുകയും, നിലവിലെ ജി-7, ജി-20 ഫോറങ്ങളുടെ പ്രാധാന്യം കുറയുകയും ചെയ്തേക്കാമെന്നും വിലയിരുത്തപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.