6 December 2025, Saturday

Related news

December 4, 2025
December 2, 2025
November 28, 2025
November 22, 2025
November 22, 2025
November 21, 2025
November 21, 2025
November 21, 2025
November 20, 2025
November 19, 2025

മിനസോട്ടയിലെ സൊമാലിയക്കാർക്കുള്ള കുടിയേറ്റ സംരക്ഷണം അവസാനിപ്പിക്കുമെന്ന് ട്രംപ്

Janayugom Webdesk
വാഷിങ്ടണ്‍
November 22, 2025 9:15 pm

മിനസോട്ടയിൽ താമസിക്കുന്ന സൊമാലി കുടിയേറ്റക്കാർക്കുള്ള താൽക്കാലിക നിയമ പരിരക്ഷകൾ നിര്‍ത്തലാക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മിനസോട്ട ള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം. സൊമാലി സംഘങ്ങൾ സംസ്ഥാനത്തെ ജനങ്ങളെ ഭയപ്പെടുത്തുകയാണ്, കോടിക്കണക്കിന് ഡോളറുകൾ കാണാനില്ല. എവിടെ നിന്നാണോ വന്നത് അവരെ അവിടേക്ക് തന്നെ തിരിച്ചയക്കണമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ എഴുതി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. കടുത്ത കുടിയേറ്റ നയങ്ങൾ സ്വീകരിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി, കുടിയേറ്റക്കാർക്ക് അമേരിക്കയിൽ തുടരാനും നിയമപരമായി ജോലി ചെയ്യാനും അനുവദിച്ചിരുന്ന വിവിധ സംരക്ഷണങ്ങൾ പിൻവലിക്കാൻ ട്രംപ് ഭരണകൂടം ശ്രമം നടത്തിയിട്ടുണ്ട്. പ്രസിഡന്റ് ജോ ബൈഡന്റെ കീഴിൽ സംരക്ഷണം ലഭിച്ച 6,00,000 വെനിസ്വേലക്കാർക്കും 5,00,000 ഹെയ്തിക്കാർക്കും താല്‍ക്കാലിക സംരക്ഷണ പദവി അവസാനിപ്പിച്ചിരുന്നു. ക്യൂബ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് മുമ്പ് നൽകിയിരുന്ന സംരക്ഷണങ്ങൾ പരിമിതപ്പെടുത്താനും ട്രംപ് ഭരണകൂടം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ സൊമാലി സമൂഹമാണ് മിനസോട്ടയിലുള്ളത്. ആഭ്യന്തരയുദ്ധത്തിൽ നിന്ന് പലായനം ചെയ്ത പലരും മിനസോട്ട സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷ പദ്ധതികളില്‍ ആകൃഷ്ടരായാണ് അങ്ങോട്ടേക്കെത്തിയത്. താൽക്കാലിക സംരക്ഷണ പദവി അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം വലിയതോതില്‍ കുടിയേറ്റക്കാരെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റിൽ കോൺഗ്രസില്‍ സമര്‍പ്പിച്ച റിപ്പോർട്ടിൽ രാജ്യവ്യാപകമായി താല്‍ക്കാലിക സംരക്ഷണ പദവിയില്‍ ഉൾപ്പെട്ട സൊമാലിയക്കാരുടെ എണ്ണം വെറും 705 മാത്രമാണ്. 1990ലാണ് താല്‍ക്കാലിക സംരക്ഷണ പദവി നൽകുന്ന പദ്ധതി കോണ്‍ഗ്രസ് അവതരിപ്പിച്ചത്. പ്രകൃതി ദുരന്തങ്ങൾ, ആഭ്യന്തര കലഹങ്ങൾ അല്ലെങ്കിൽ മറ്റ് അപകടകരമായ സാഹചര്യങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്ന രാജ്യങ്ങളിലേക്ക് ആളുകളെ നാടുകടത്തുന്നത് തടയുന്നതിനായിരുന്നു ഇത്. 18 മാസത്തെ ഇൻക്രിമെന്റുകളിലാണ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറിക്ക് ഈ പദവി നൽകാവുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.