
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. 64കാരനായ റാണ നിലവില്‍ അമേരിക്കയിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുകയാണ്. ഇയാളെ കൈമാറണമെന്നത് ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. അതേസമയം മുംബൈ ഭീകരാക്രമണക്കേസ് പ്രതിയെ ഇന്ത്യക്ക് കൈമാറാനുള്ള യുഎസ് നടപടിയെ മോഡി അഭിനന്ദിച്ചു.
തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് റാണ സമര്‍പ്പിച്ച ഹര്‍ജി യുഎസ് സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. യുഎസ് നിയമത്തിന് അനുസൃതമായി കേസിലെ അടുത്ത നടപടികള്‍ വിലയിരുത്തുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. ഇതോടെ തഹാവൂര്‍ റാണയെ ചോദ്യം ചെയ്യുന്നതിനും വിചാരണനടപടികള്‍ സ്വീകരിക്കുന്നതിനും ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് സാധിക്കും. 2008 നവംബര്‍ 26ന് മുംബൈയിലെ പ്രശസ്തമായ താജ് ഹോട്ടലിന് മുമ്പില്‍ നടന്ന ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും വിദേശികളുമടക്കം 166 പേരാണ് കൊല്ലപ്പെട്ടത്. മുംബൈ ഭീകരാക്രമണത്തെകുറിച്ച് റാണയ്ക്ക് നേരത്തെ അറിയാമായിരുന്നെന്നും ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഉള്‍പ്പെടെ പാകിസ്ഥാനിലെ തീവ്രവാദ നേതാക്കളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഡേവിഡ് ഹെഡ്‌ലി കുറ്റസമ്മതിക്കുകയും റാണയ്ക്കെതിരെ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തഹാവൂര്‍ റാണ മുംബൈയിലുണ്ടായിരുന്നെന്നാണ് കണ്ടെത്തല്‍. ഭീകരാക്രമണം സംബന്ധിച്ച് ഹെഡ്‌ലിയും റാണയും നടത്തിയ ഇമെയില്‍ സംഭാഷണങ്ങളും മുംബൈ പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ കേസില്‍ അറസ്റ്റിലായ പാക് ഭീകരന്‍ അജ്മല്‍ കസബിനെ വിചാരണ ചെയ്ത് 2012 നവംബര്‍ 21ന് തൂക്കിലേറ്റിയിരുന്നു. തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുംബൈ ഭീകരാക്രമണത്തിലെ പ്രധാന ദൃക്സാക്ഷി ദേവിക റോട്ടവാന്‍ പറഞ്ഞു. പ്രതിക്ക് തക്കതായ ശിക്ഷ ലഭിച്ചാല്‍ മാത്രമേ തനിക്ക് സംതൃപ്തി ലഭിക്കുവെന്നും അവര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.