
ചൈനക്കെതിരായ വ്യാപാര യുദ്ധം താൽക്കാലിക ഇടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാക്കി യുഎസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഇറക്കുമതികൾക്ക് 100% അധിക തീരുവ പ്രഖ്യാപിച്ചു. ഇതോടെ മൊത്തം തീരുവ 130% ആയി. ഇത് നവംബർ ഒന്നിന് പ്രാബല്യത്തിൽ വരും.
യുഎസ് സാങ്കേതികവിദ്യക്കും പ്രതിരോധത്തിനും സുപ്രധാനമായ അപൂർവ ഭൂമി ധാതുക്കളിലും ചൈന പുതിയ കയറ്റുമതി നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനെ തുടർന്നാണ് ഈ നീക്കമെന്നാണ് ട്രംപിന്റെ ന്യായീകരണം. സെമികണ്ടക്ടറുകൾ, ഫൈറ്റർ ജെറ്റുകൾ, മറ്റ് നൂതന സാങ്കേതികവിദ്യ എന്നിവയിൽ ഉപയോഗിക്കുന്ന നിർണായക വസ്തുക്കള്‍ക്കാണ് ചെെനീസ് നിയന്ത്രണം.
ചൈന ‘അസാധാരണമായ ആക്രമണാത്മക’ നിലപാട് സ്വീകരിക്കുന്നുവെന്ന് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ആരോപിച്ച ട്രംപ് ഈ നടപടികളെ ‘അന്താരാഷ്ട്ര വ്യാപാരത്തിൽ ധാർമ്മിക അപമാനം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ബീജിങ് കൂടുതൽ നടപടികൾ സ്വീകരിച്ചാൽ താരിഫുകൾ വേഗത്തിൽ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ദക്ഷിണ കൊറിയയിലെ അപെക് ഉച്ചകോടിക്ക് മുമ്പുള്ള കയറ്റുമതി നിയന്ത്രണങ്ങൾ ചൈനയുടെ ആസൂത്രിതമായ ഒരു നീക്കമായിരുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. ആ കൂടിക്കാഴ്ച ഇപ്പോൾ സംശയത്തിലാണ്. ഷിയെ കാണാൻ ഒരു കാരണവും കാണുന്നില്ലെങ്കിലും ഔദ്യോഗികമായി റദ്ദാക്കിയിട്ടില്ല. ചൈനീസ് സർക്കാരിൽ നിന്ന് ഉടനടി പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിലും യുഎസ് നീക്കത്തെ ചൈനീസ് വിശകലന വിദഗ്ധരും നിരൂപകരും വിമർശിച്ചു.
ചൈനയുടെ അപൂർവ ഭൗമധാതു നിയന്ത്രണങ്ങൾ അമേരിക്കയുടെ വ്യാവസായിക, പ്രതിരോധ അടിത്തറയെ നേരിട്ട് ബാധിക്കുന്നതാണ്. ഇതോടെ 400 ദശലക്ഷം ഡോളർ നിക്ഷേപിച്ചുകൊണ്ട് ഭൗമധാതുക്കളില്‍ ആഭ്യന്തര ശേഷി വർധിപ്പിക്കാൻ യുഎസ് ശ്രമിച്ചു, പക്ഷേ ചെെനീസ് വിതരണ ശൃംഖലകളെത്തന്നെയാണ് വളരെയധികം ആശ്രയിക്കുന്നത്.
ചൈനയും യുഎസും പുതിയൊരു വ്യാപാര സംഘർഷത്തിൽ അകപ്പെടുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങൾ, കാറ്റാടി യന്ത്രങ്ങൾ, സെമികണ്ടക്ടർ ഭാഗങ്ങൾ എന്നിവയുടെ വില ഉയരുമെന്നാണ് വിലയിരുത്തല്‍. ചൈനയുടെ നിയന്ത്രണം മറികടക്കാന്‍ യുഎസ് തങ്ങളുടെ ധാതു വിതരണ ശൃംഖലകളെ ഓസ്‌ട്രേലിയ, വിയറ്റ്നാം, കാനഡ എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കാന്‍ ശ്രമിക്കും. അതേസമയം, ബദൽ വ്യാവസായിക ശൃംഖലകളെ ശക്തിപ്പെടുത്തുന്നതിനായി ചൈന അതിന്റെ പാശ്ചാത്യേതര പങ്കാളികളിലേക്ക് വിതരണം തിരിച്ചുവിടാൻ സാധ്യതയുണ്ട്.
ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ, പാദരക്ഷകൾ, സോളാർ പാനലുകൾ എന്നിവയ്ക്കായി വാഷിങ്ടൺ ഇപ്പോഴും ബീജിങ്ങിനെ വളരെയധികം ആശ്രയിക്കുന്നു. പുതിയ താരിഫുകൾ പ്രാബല്യത്തിൽ വന്നാൽ ഇവയുടെയും വിലകൾ കുതിച്ചുയർന്നേക്കാം. ഇത് ട്രംപ് ഭരണകൂടത്തിന് പണപ്പെരുപ്പവും ഉല്പാദന ചെലവുകളും കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടുണ്ടാക്കും. അമേരിക്കൻ ഉപഭോക്താക്കൾക്ക് ചെലവ് വർധിപ്പിക്കുകയും വിശാല സാമ്പത്തിക അജണ്ടയെ ദുർബലപ്പെടുത്തുകയും ചെയ്യും. ഇത് കണക്കിലെടുക്കുമ്പോൾ, ബീജിങ്ങുമായി ഒരു പുതിയ കരാർ ചർച്ച ചെയ്യുകയല്ലാതെ വാഷിങ്ടണ് മറ്റ് മാർഗങ്ങളൊന്നും ഉണ്ടാകില്ല.
പുതിയ വ്യാപാര യുദ്ധം ആഗോള വിതരണ ശൃംഖലകളെ ഇളക്കിമറിച്ചേക്കാമെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആഗോള സാമ്പത്തിക വളർച്ചയ്ക്ക് ഗുരുതരമായ ആശങ്കയാണെന്നും ഇക്വിറ്റികൾ ഉൾപ്പെടെയുള്ള അപകടസാധ്യതയുള്ള ആസ്തി ക്ലാസുകൾക്ക് ഇത് കൂടുതൽ തിരിച്ചടിയാണെന്നും വിദഗ്ധർ കരുതുന്നു. ട്രംപിന്റെ താരിഫുകൾ രാജ്യത്ത് പണപ്പെരുപ്പ സമ്മർദം വർധിപ്പിക്കുന്നത് യുഎസ് ഫെഡറൽ റിസർവിനെ കൂടുതൽ സങ്കീർണമാക്കും.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധം വേഗത്തിൽ പരിഹരിക്കപ്പെട്ടില്ലെങ്കിൽ, ഉയർന്ന മൂല്യനിർണയത്തിൽ വ്യാപാരം നടക്കുന്ന ഓഹരി വിപണികളെ ബാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.