21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 11, 2026
January 11, 2026

ട്രംപിന്റെ കുടിയേറ്റ നിയന്ത്രണം; ഐസിഎ ഏജന്റുമാര്‍ യുവതിയെ വെടിവച്ച് കൊന്ന സംഭവത്തിൽ ബഹുജന പ്രതിഷേധം

Janayugom Webdesk
മിനിയാപൊളിസ്
January 8, 2026 10:16 pm

അമേരിക്കയിലെ മിനിയാപൊളിസിൽ യുഎസ് ഇമിഗ്രേഷൻ ഏജന്റുമാര്‍ യുവതിയെ വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. കൊല്ലപ്പെട്ടത് ആഭ്യന്തര തീവ്രവാദിയാണെന്ന വൈറ്റ് ഹൗസ് പ്രസ്‌താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്. അമേരിക്കൻ പൗരയായ 37 കാരി റെനി നിക്കോൾ ഗുഡ് ആണ് കൊല്ലപ്പെട്ടത്. റെനിയുടെ കാര്‍ പിന്തുടര്‍ന്നെത്തിയ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഏജന്റുമാര്‍ നാല് തവണയാണ് തലയ്ക്ക് വെടിയുതിര്‍ത്തത്. മിനിയാപൊളിസ്-സെന്റ്പോളിൽ ഏറ്റവും വലിയ ഫെഡറൽ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ഓപ്പറേഷൻ ആരംഭിച്ച് ഒരു ദിവസത്തിന് ശേഷമാണ് മാരകമായ വെടിവയ്പ് നടന്നത്. 

മുഖം മൂടി അണിഞ്ഞ ഐസിഇ ഏജന്റുമാര്‍ റെനിയുടെ കാര്‍ വളയുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഒന്നിലധികം ഏജന്റുമാര്‍ ചേര്‍ന്ന് റെനിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി. ഒരു ഏജന്റ് ഡ്രൈവറുടെ സൈഡ് ഡോർ തുറക്കാൻ ശ്രമിച്ചു. തുടര്‍ന്ന് വാഹനം പിന്നിലേക്ക് മാറ്റി. പിന്നാലെ മൂന്ന് വെടിയൊച്ചകൾ കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കൊലപാതകം സംബന്ധിച്ച ദൃക്‌സാക്ഷി റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകൾ. സംഭവം വിവാദമായതോടെ ഏജന്റുമാരെ ആക്രമിക്കാന്‍ സ്ത്രീ ശ്രമിച്ചതായും സ്വയം പ്രതിരോധത്തിനായി വെടിയുതിര്‍ക്കുകയുമായിരുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. ആഭ്യന്തര ഭീകരതയ്ക്കെതിരായ പ്രതികരണമായാണ് ഭരണകൂടം കൊലപാതകത്തെ ചിത്രീകരിച്ചത്. ഇതിന് പിന്നാലെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമില്‍ ഡൊണാള്‍ഡ് ട്രംപും മന്ത്രാലയത്തിന്റെ അവകാശവാദം ശരിവച്ച് രംഗത്തെത്തി. 

അതേസമയം, റെനി ഐസിഎ ഓപ്പറേഷനില്‍ ഉള്‍പ്പെട്ട വ്യക്തിയല്ലെന്നാണ് മിനിയാപൊളിസ് പൊലീസ് മേധാവിയുടെ പ്രസ്താവന. ഐസിഎ ഏജന്റുമാരുടെ റെയ്ഡ് നിരീക്ഷിക്കാനെത്തിയ നിയമവിദഗ്ധയായിരുന്നു റെനിയെന്ന് മിനിയാപൊളിസ് സെനറ്റര്‍ സ്ഥിരീകരിച്ചു. മിനിയാപൊളിസ് ഗവർണർ ടിം വാൾസും മേയർ ജേക്കബ് ഫ്രേയും സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഐസിഇ നടപടിയെ അപലപിച്ച പ്രാദേശിക ഭരണകൂടം ഫെഡറൽ സർക്കാരിന്റെ സ്വയം പ്രതിരോധ അവകാശവാദം നിരസിക്കുകയും ചെയ്തു. സൊമാലിയൻ സമൂഹത്തിലെ അംഗങ്ങൾ നടത്തുന്ന ഡേകെയർ സെന്ററുകളും മറ്റ് സാമൂഹിക സേവനങ്ങളും വ്യാജമാണെന്ന ആരോപണമുള്‍പ്പെടെ ഉന്നയിച്ചാണ് മിനിയാപൊളിസിലെ ഇമിഗ്രേഷന്‍ ഓപ്പറേഷന്‍ ആരംഭിച്ചത്. ഡേകെയർ സെന്ററുകളിൽ 100 മില്യൺ യുഎസ് ഡോളറിന്റെ തട്ടിപ്പ് നടന്നുവെന്ന് ആരോപിക്കുന്ന തീവ്ര വലതുപക്ഷ യൂട്യൂബ് ഇൻഫ്ലുവൻസർ നിക്ക് ഷേർലിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് ഓപ്പറേഷന്‍ പ്രഖ്യാപിച്ചത്. പ്രാദേശിക വാർത്താ ഏജൻസികളും സംസ്ഥാന റെഗുലേറ്റർമാരും അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ നിരാകരിച്ചു. കൂടാതെ വിഡിയോയില്‍ പരാമര്‍ശിക്കുന്ന ഡേ കെയറുകള്‍ ലൈസൻസുകളോടെ നിയമപരമായി പ്രവർത്തിക്കുന്നവയാണെന്നും കണ്ടെത്തി. 2020ൽ ആഫ്രിക്കൻ-അമേരിക്കനായ ജോർജ് ഫ്‌ളോയിഡിനെ മിനിയാപൊളിസ് പൊലിസ് ഓഫിസർ കൊലപ്പെടുത്തിയ സംഭവം വലിയ അന്താരാഷ്‌ട്ര തലത്തിൽ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ കൊലപാതകവും അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയാകുന്നത്. 2024നുശേഷം ഇമിഗ്രേഷൻ നടപടികളുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നടക്കുന്ന അഞ്ചാമത്തെ മരണമാണ് റെനിയുടേത്. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.