10 December 2025, Wednesday

Related news

December 4, 2025
December 2, 2025
November 28, 2025
November 22, 2025
November 22, 2025
November 21, 2025
November 21, 2025
November 21, 2025
November 20, 2025
November 19, 2025

ട്രംപിന്റെ താരിഫ് ഭീഷണി; യുഎസ് ഓഹരിവിപണിയില്‍ ചോരപ്പുഴ

Janayugom Webdesk
വാഷിങ്ടണ്‍
March 11, 2025 10:34 pm

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച വ്യാപാരയുദ്ധം സാമ്പത്തികരംഗത്ത് യുഎസിനെ തിരിച്ചടിക്കുന്നു. താരിഫ് യുദ്ധത്തിനൊപ്പം ഈ വര്‍ഷം സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാമെന്ന ട്രംപിന്റെ നിലപാടും യുഎസ് ഓഹരി വിപണിയെ വന്‍ തകര്‍ച്ചയിലേക്ക് നയിച്ചു. ഇന്ന് മാത്രം യുഎസ് ഓഹരി വിപണിയില്‍ ഏകദേശം 1.75 ലക്ഷം കോടി അമേരിക്കന്‍ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ മാസത്തെ റെക്കോഡ് ഉയര്‍ച്ചയില്‍ നിന്നും ഏകദേശം നാല് ലക്ഷം കോടി അമേരിക്കന്‍ ഡോളറിന്റെ (ഏകദേശം 350 ലക്ഷം കോടി രൂപ) നഷ്ടം ഇതുവരെ വിപണിക്കുണ്ടായി. എസ് ആന്റ് പി 500 2.7 ശതമാനം ഇടിഞ്ഞു. നാസ്ഡാക്ക് 100 3.81 ശതമാനം നഷ്ടത്തിലായി. 2022 സെപ്റ്റംബറിന് ശേഷമുണ്ടായ ഏറ്റവും വലിയ നഷ്ടമാണിത്. ഡൗ ജോണ്‍സ് 2.08 ശതമാനം ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ട്രംപിന്റെ വിശ്വസ്തനായ ഇലോണ്‍ മസ്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ലയ്ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. 15.43 ശതമാനമാണ് ടെസ്‌ല ഓഹരികള്‍ ഇടിഞ്ഞത്. യുഎസ് പ്രസിഡന്റായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല വലിയ നേട്ടമുണ്ടാക്കിയിരുന്നു. എന്നാല്‍ താരിഫ് യുദ്ധവും വിവാദങ്ങളും തുടര്‍ക്കഥയായതോടെ ടെസ്‌ല ഓഹരികള്‍ ഇക്കൊല്ലം 45 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സികള്‍ക്കും വലിയ നഷ്ടമുണ്ടായി. ട്രംപ് അധികാരത്തിലെത്തിയ ശേഷമുള്ള ഏറ്റവും വലിയ ഇടിവിനാണ് ബിറ്റ്‌കോയിന്‍ സാക്ഷ്യം വഹിച്ചത്. മറ്റൊരു ടെക്‌നോളജി ഓഹരിയായ എന്‍വിഡിയ അഞ്ച് ശതമാനവും എഐ കമ്പനിയായ പലാന്റിര്‍ 10 ശതമാനവും ഇടിഞ്ഞു. 

ഏഷ്യന്‍ വിപണികളെയും യുഎസ് വിപണി തകര്‍ച്ച ബാധിച്ചെങ്കിലും ഇന്ത്യന്‍ ഓഹരി വിപണി തുടക്കത്തിലെ ഇടിവിന് ശേഷം തിരിച്ചുകയറി. സെന്‍സെക്സ് 73,663 വരെ താഴ്ന്നിട്ട് 73,940 വരെ തിരിച്ചു കയറി. നിഫ്റ്റി 22,314 വരെ താഴ്ന്ന ശേഷം 22,430 വരെ ഉയര്‍ന്നു. ആസ്തികണക്കുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌ ഓഹരി വില 27 ശതമാനത്തിലേറെ നഷ്‌ടം രേഖപ്പെടുത്തി. ടോക്യോ, സോള്‍ വിപണികളില്‍ ഇടിവുണ്ടായി. അതേസമയം ഷാങ്ഹായ്, ഹോങ്കോങ് വിപണികളെ വില്പനസമ്മര്‍ദം ബാധിച്ചില്ല. 

ട്രംപിന്റെ താരിഫ് ഭീഷണി ആഗോള തലത്തില്‍ വ്യാപാര യുദ്ധത്തിന് തുടക്കമിടുമെന്ന ആശങ്ക ശക്തമായി നിലനില്‍ക്കുകയാണ്. കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്കെതിരെ താരിഫ് ചുമത്തുകയും പിന്നീട് മരവിപ്പിക്കുകയും ചെയ്ത ട്രംപിന്റെ നീക്കങ്ങളിലും വിപണിക്ക് ആശങ്കയുണ്ട്. ഇതിനോടൊപ്പം ചെലവു ചുരുക്കലും പിരിച്ചുവിടലും വ്യാപകമായതോടെ യുഎസ് വിപണിയില്‍ മാന്ദ്യഭീതിയുമുണ്ട്. ഇക്കൂട്ടത്തിലാണ് കഴിഞ്ഞദിവസം ഫോക്‌സ് ന്യൂസിലെ അഭിമുഖത്തില്‍ ട്രംപിന്റെ വിവാദ പരാമര്‍ശങ്ങളുണ്ടായത്. ഇക്കൊല്ലം സാമ്പത്തിക മാന്ദ്യമുണ്ടാകുമോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് വേണ്ടി വിപണിയിലെ തകര്‍ച്ച കാര്യമാക്കുന്നില്ലെന്ന നിലപാടാണ് ട്രംപിനുള്ളതെന്നാണ് വിലയിരുത്തല്‍. ഇതോടെ തിങ്കളാഴ്ച യുഎസ് വിപണിയില്‍ വില്പന സമ്മര്‍ദം രൂക്ഷമായി. എല്ലാ സെക്ടറുകളിലും നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിച്ചു. മാന്ദ്യ ഭീതിയില്‍ യുഎസ് ട്രഷറി ലാഭത്തില്‍ കുറവുണ്ടായതും വിപണിയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.