23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026

പൊലീസ് ജീപ്പ് ഉൾപ്പെടെ വിവിധ വാഹനങ്ങളിൽ ഇടിപ്പിച്ചശേഷം കടക്കാൻ ശ്രമം; യുവാക്കൾ പിടിയിലായി

Janayugom Webdesk
അമ്പലപ്പുഴ
July 10, 2025 6:50 pm

പൊലീസ് ജീപ്പ് ഉൾപ്പെടെ വിവിധ വാഹനങ്ങളിൽ ഇടിപ്പിച്ചശേഷം സിനിമ മോഡലിൽ കടക്കാൻ ശ്രമിച്ച യുവാക്കളെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. സി. എച്ച്-01‑എ. ബി ‑7629 എന്ന രജിസ്റ്റർ നമ്പരിലുള്ള ഇന്നോവ കാറാണ് നാട്ടുകാരുടെ സഹായത്തോടെ പുന്നപ്ര, അമ്പലപ്പുഴ പൊലീസ് ചേർന്ന് പിടികൂടിയത്. കാറിലുണ്ടായിരുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ ആലിൻകടവ് പുന്നമൂട്ടിൽ അഖിൽ (26), ദിലീപ് ഭവനത്തിൽ സഞ്ജയ് (25), പ്രവീൺ നിവാസിൽ പ്രവീൺ (25), ഓച്ചിറ ചങ്ങംകുളങ്ങര ഗൗരി ഭവനിൽ ആദർശ് (23), ഷിയാസ് മൻസിലിൽ നിയാസ് (22), കാട്ടിൽ കടവ് തറയിൽ വീട്ടിൽ സൂരജ് (21) എന്നിവരെയും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ‍ഞായറാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. സുഹൃത്തുകളായ ഇവർ സഞ്ജയിയെ വിദേശത്തേക്ക് യാത്രയാക്കാൻ നെടുമ്പാശേരിയിലേക്ക് പോകുകയായിരുന്നു. വലിയഴീക്കൽ പാലം കടന്ന് തീരദേശ റോഡുവഴി എത്തിയ ഇവർ സഞ്ചരിച്ച വാഹനം എതിരെ വന്ന മാരുതി കാറിൽ തട്ടി മാരുതിയുടെ ഒരു വശത്തെ കണ്ണാടി തകർന്നു. ഇതിനുള്ള നഷ്ടപരിഹാരം നൽകി യാത്ര തുടർന്നതായി പൊലീസ് പറഞ്ഞു. യാത്രക്കിടെ സ്കൂട്ടറിൽ തട്ടിയെങ്കിലും ഇവർ നിർത്താതെ പോയതായി നാട്ടുകാർ പറയുന്നു. ഇതിനിടെ സമീപത്തെ കടയിൽ നിർത്തി കുടിവെള്ളം വാങ്ങുന്നതിനിടെ നാട്ടുകാരുമായി വാക്കേറ്റമുണ്ടായി. 

നാട്ടുകാരെ ഭീഷണിപ്പെടുത്തിയും അസഭ്യവും പറഞ്ഞ ശേഷം വേഗത്തിൽ വാഹനമോടിച്ചു പോയ ഇവരുടെ പിന്നാലെ പല്ലന സ്വദേശികളായ ഒരു സംഘം നാട്ടുകാർ കാറിലും ഇരുചക്ര വാഹനങ്ങളിലുമായി പിൻതുടർന്നു. വിവരമറിഞ്ഞ് അമ്പലപ്പുഴയിൽ വാഹനം തടയാൻ നിന്ന പൊലീസിനെ വെട്ടിച്ച് ഇന്നോവ കാർ മുന്നോട്ടു പാഞ്ഞു. ഇതിനിടെ പൊലീസ് ജീപ്പിന്റെ വശത്തെ കണ്ണാടി, ബമ്പർ എന്നിവ തകർന്നു. അമിത വേഗത്തിൽ മുമ്പോട്ടു പാഞ്ഞ കാർ കാക്കാഴം റയിൽവേ മേൽപ്പാലത്തിന്റെ വലത് ഫുട്പാത്തിൽ ഇടിച്ചു കയറി കാറിന്റെ വലതുവശം പിൻഭാഗത്തെ ടയർ പൊട്ടിത്തെറിച്ചു. പിന്നീട് അഞ്ച് കിലോമീറ്ററോളം മുന്നോട്ട് ഓടിയ കാർ ദേശിയപാതയിൽ പുന്നപ്രയിൽ നിന്നും കിഴക്കോട്ട് പോയി കളരി ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ വഴിയറിയാതെ നിർത്തി. പൊട്ടിയ ടയർ പൂർണമായും തേഞ്ഞുതീർന്നിരുന്നു. 

വിവരമറിഞ്ഞ് പുന്നപ്ര പൊലീസും സ്ഥലത്തെത്തി. കാറിൽ നിന്ന് ഓടി രക്ഷപെട്ട് സമീപത്തെ പുരയിടങ്ങളിൽ ഒളിച്ച യുവാക്കളായ മൂന്നു പേരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. മറ്റ് മൂന്നുപേരെ പിൻതുടർന്നെത്തിയ അമ്പലപ്പുഴ പൊലീസും പിടികൂടി. യുവാക്കൾ രാസലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. വാഹനത്തിൽ ലായനി നിറച്ച കുപ്പിയും ഉണ്ടായിരുന്നതായി പറയുന്നു.
അഖിലാണ് കാർ ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവാക്കൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനുൾപ്പടെ കേസെടുത്തു. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.