
ഭരണകൂടം നേരിട്ട് ഇന്ത്യയിൽ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അത് ചെറുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പൊന്നാനി ആർ വി ഹാളിൽ നടന്ന കൊളാടി ഗോവിന്ദൻകുട്ടി അനുസ്മരണ സമ്മേളനവും പുരസ്കാരദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്. ബിജെപി ഭരണത്തിൽ അത് ഭരിക്കുന്നവരുടെ കാര്യസ്ഥൻമാരായാണ് പ്രവർത്തിക്കുന്നത്. രാജ്യവ്യാപകമായി വോട്ട് അട്ടിമറി നടത്തിയാണ് ബിജെപി അധികാരത്തിലെത്തിയതെന്ന് വ്യക്തമായ പരാതികൾ നല്കിയിട്ടും ഇലക്ഷൻ കമ്മിഷൻ നിഷേധാത്മക സമീപനം തുടരുകയാണ്. ബിഹാറിൽ 65 ലക്ഷത്തോളം വോട്ടുകൾ വെട്ടിമാറ്റാൻ കമ്മിഷൻ കൂട്ടുനില്കുന്നു. സ്വാതന്ത്ര്യ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ജനാധിപത്യ സംവിധാനങ്ങളെ നിർലജ്ജം തകർക്കാൻ ഫാസിസ്റ്റ് ശക്തികൾ നടത്തുന്ന ശ്രമങ്ങളെ ചെറുത്തു തോല്പിക്കാൻ മതേതര ജനാധിപത്യ ശക്തികളുടെ ഐക്യവും സമരവും വളർത്തിയെടുക്കുകയാണ് അടിയന്തര കടമ. മനുഷ്യസ്നേഹമുള്ള ജനാധിപത്യവാദികൾ ചിന്തിക്കേണ്ട ആശയമാണ് കമ്മ്യൂണിസം. ആ ആശയത്തിനെ മലബാറിൽ വേരുറപ്പിച്ച മാതൃകാ കമ്മ്യൂണിസ്റ്റ് ആയിരുന്നു കൊളാടി ഗോവിന്ദൻകുട്ടിയെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി അധ്യക്ഷനായി. യുവ കലാസാഹിതി കൊളാടി സ്മാരക ട്രസ്റ്റ് സമഗ്ര സംഭാവന പുരസ്കാരം ബിനോയ് വിശ്വത്തിൽ നിന്ന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഏറ്റുവാങ്ങി. സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പ്രൊഫ. എം എം നാരായണനെ ചടങ്ങില്‍ ആദരിച്ചു. പുരസ്കാര നിർണയ സമിതി ചെയർമാൻ കവി ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി സംസാരിച്ചു. കൺവീനർ ഇ എം സതീശൻ പ്രശസ്തിപത്രം വായിച്ചു. കവി പി എൻ ഗോപീകൃഷ്ണൻ കൊളാടി സ്മാരക പ്രഭാഷണം നടത്തി.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം അജിത് കൊളാടി രചിച്ച അവരുടെ ഇടം ഇടമില്ലായ്മയാണ്, തടവറയിൽ പൊട്ടിക്കരയുന്ന ദൈവം എന്നീ പുസ്തകങ്ങൾ ജനയുഗം പത്രാധിപരും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ രാജാജി മാത്യു തോമസ് ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസിന് നൽകി പ്രകാശനം ചെയ്തു. സുഭാഷ് ചന്ദ്രൻ, മുൻ എംപി സി ഹരിദാസ്, അഡ്വ. പി കെ കലിമുദ്ദീൻ, കെ കെ ബാബു എന്നിവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.