തുര്‍ക്കി- സിറിയ ഭൂചലനത്തില്‍ മരണസംഖ്യ 25,000 ആയി ഉയര്‍ന്നു. ദുരന്തത്തിന് ആറ് ദിവസങ്ങള്‍ക്ക് ശേഷവും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്. കെട്ടിടങ്ങള്‍ മുറിച്ചുമാറ്റുകയെന്നതാണ് നിലവില്‍ നേരിടുന്ന വെല്ലുവിളി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ ചിലരെയെങ്കിലും ജീവനോടെ പുറത്തെത്തിക്കാനാവുന്നുവെന്നതാണ് ആശ്വാസം. മരണസംഖ്യ ഇരട്ടിയായി ഉയരുമെന്നാണ് യുഎന്നിന്റെ മുന്നറിയിപ്പ്.
കൂടുതൽ രാജ്യങ്ങളിൽ നിന്നും രക്ഷാപ്രവർത്തകരെ എത്തിച്ച് വ്യാപക തിരച്ചിലാണ് നടക്കുന്നത്. അതിനിടെ, സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് തുർക്കിയിലെ രക്ഷാപ്രവർത്തനം ഓസ്ട്രിയൻ സൈന്യം താൽക്കാലികമായി നിർത്തിവച്ചു. അജ്ഞാത സംഘങ്ങളുടെ ആക്രമണത്തിനു പിന്നാലെ ഓസ്ട്രിയയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തന സംഘം മറ്റ് അന്താരാഷ്ട്ര സംഘടനകളുടെ ബേസ് ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഓസ്ട്രിയയിലെ സായുധ സേനയിൽ നിന്നുള്ള 80 ഓളം രക്ഷാപ്രവർത്തകരാണ് തുര്‍ക്കിയിലെ അന്റാക്യയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
സിറിയയിലേയും തുര്‍ക്കിയിലേയും ദുരിത ബാധിത മേഖലയില്‍ ഭക്ഷണ വിതരണത്തിനായി യുഎന്‍ അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. അതിശൈത്യം തുടരുന്നതിനാൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാനാണ് പദ്ധതി. ഒമ്പത് ലക്ഷം പേർ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നതായാണ് കണക്ക്. വിമത നിയന്ത്രണത്തിലുള്ള വടക്കൻ സിറിയയിലേക്ക് ആദ്യ യുഎൻ സഹായം എത്തിയെങ്കിലും, പരിമിതമാണെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. അതിശെെത്യം രക്ഷാപ്രവര്‍ത്തനത്തിനും തടസം സൃഷ്ടിക്കുന്നു. ഭൂകമ്പത്തിൽ നിലംപൊത്താതെ അതിജീവിച്ച പള്ളികളും സ്‌കൂളുകളുമാണ് തുര്‍ക്കിയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നത്.
1,500 പേർക്ക് താമസിക്കാൻ കഴിയുന്ന രണ്ട് കപ്പലുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി സജ്ജീകരിക്കുമെന്ന് തുര്‍ക്കി അറിയിച്ചു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് ഭൂകമ്പം ബാധിച്ച സിറിയയിലെ അലപ്പോ സന്ദര്‍ശിച്ചു. 37 മെട്രിക് ടൺ അടിയന്തര മെഡിക്കൽ ഉപകരണങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുര്‍ക്കിയിലെത്തി.
അതിനിടെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ മോഷണശ്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ദുരന്തത്തിനിടയിലും മനുഷ്യത്വരഹിതമായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍ അറിയിച്ചു.
English Summary;Turkey-Syria earthquake: Death toll tops 25,000, UN says death toll could double
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.